Latest News
Loading...

സംഘടിത സ്വഭാവത്തില്‍ പ്രതികരിക്കേണ്ടിവരുമെന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.



ഛത്തീസ്ഡഗില്‍ കന്യാസ്ത്രീകള്‍ നേരിട്ട ദുരനുഭവത്തില്‍ വേണ്ടിവന്നാല്‍ വിപുലമായ സംഘടിത സ്വഭാവത്തില്‍ പ്രതികരിക്കേണ്ടിവരുമെന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ഭരണങ്ങാനത്ത് വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ദിനത്തില്‍ വിശുദ്ധ കുര്‍ബ്ബാനമധ്യേ സന്ദേശം നല്കുകയായിരുന്നു ബിഷപ്. മതേതരത്വത്തിന് എതിരെ മാത്രമല്ല ഭരണഘടനയ്ക്ക് എതിരെ തന്നെയുള്ള കടന്നുകയറ്റാണിതെന്നും ബിഷപ് പറഞ്ഞു. മതേതരത്വം ദുര്‍ബലമാക്കപ്പെടുകയാണ്. ഭരണഘടനയെ ബലഹീനമാക്കുകയാണ്. ഇത്തരം നീക്കങ്ങള്‍ വികാരപരമായ വിഷയം മാത്രമല്ല നിലനില്‍പ്പിന്റെ വിഷയമാണെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. 


വളരെ നിര്‍ഭാഗ്യകരമായ കാര്യമാണ് കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായത്. മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്.  കത്തോലിക്കരായ നാം ആരെയും തട്ടിക്കൊണ്ടുപോകുന്നവരല്ല. ആരെയും കടത്തിക്കൊണ്ടു പോകുന്നവരല്ല. മനുഷ്യക്കടത്ത് നടക്കുന്നുണ്ടെങ്കില്‍ അത് സ്വര്‍ഗ്ഗത്തിലേക്കാണ്.  ഈ ഭൂമിയിലെ മനുഷ്യര്‍ക്ക് സ്വര്‍ഗ്ഗം കാണിച്ചു കൊടുക്കാന്‍ വേണ്ടിയാണ് കന്യാസ്ത്രീകള്‍ അവിടെ പ്രവര്‍ത്തിക്കുന്നത്. വിവിധ മതങ്ങളിലെ തീവ്ര സ്വഭാവമുള്ള സംഘടനകള്‍ മുന്‍വിധിയോടെയും ശത്രുതാഭാവത്തോടെയും വൈകാരികമായി ഇടപെടലുകള്‍ നടത്തുമ്പോള്‍ വലിയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നുണ്ട്. കേരളത്തില്‍ വിവിധ മതങ്ങള്‍ തമ്മില്‍ വഴക്കില്ല, ഒത്തൊരുമയുണ്ട് എന്നൊക്കെ എപ്പോഴും പറയുമ്പോഴും കേരളത്തില്‍ നിന്നുള്ള  സഹോദരിമാര്‍ കേരളത്തിന് പുറത്തു പോയി ആക്ഷേപിക്കപ്പെടുകയും ജയില്‍വാസം അനുഭവിക്കേണ്ടിയും വരുമ്പോള്‍ ആ പറയുന്നതില്‍ വലിയ പൊരുളില്ല എന്നും ബിഷപ് പറഞ്ഞു. 



10 കൊല്ലത്തിനുള്ളില്‍ 4316 ക്രൈസ്തവര്‍ പീഡനങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് കണക്ക്.  ഇത്ര സമഗ്രമായ  നിയമങ്ങള്‍ ഉള്ള രാജ്യത്തില്‍, ഭരണഘടനയുള്ള രാജ്യത്തിലെ പ്രൊവിഷന്‍സിന് വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് നമുക്ക് വികാരപരമായ വിഷയം മാത്രമല്ല നമ്മുടെ നിലനില്‍പ്പിന്റെ കാര്യം കൂടിയാണ്. ഭരണഘടന നമ്മളോട് ആവശ്യപ്പെടുന്ന കാര്യങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ നമുക്ക് സ്വാതന്ത്ര്യം വേണമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments