പാലാ നഗരസഭ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം പൊട്ടിപ്പൊളിഞ്ഞ് ഉപയോഗ ശൂന്യമാകുന്നുവെന്ന് മനസ്സിലാക്കിയ മാണി സി. കാപ്പൻ തനിക്ക് സമർപ്പിക്കാവുന്ന ഏഴ് ബഡ്ജറ്റ് നിർദ്ദേശങ്ങളിൽപ്പെടുത്തി സ്റ്റേഡിയം നവീകരണത്തിന് പണം ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് 2024 - 2025 സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി (ക്രമനമ്പർ നമ്പർ 482) സിന്തറ്റിക് ട്രാക്ക് നവീകരണത്തിനായി ഏഴു കോടി രൂപ അനുവദിക്കുകയും 20% ഫണ്ട് വകയിരുത്തുകയും കായിക, യുവജ കാര്യവകുപ്പ് മുഖേന പദ്ധതി നടപ്പാക്കുന്നതിന് നടപടികൾ ആരംഭിക്കുകയും ചെയ്തു. മാണി സി കാപ്പന്റെ നിർദ്ദേശമനുസരിച്ച് ബഡ്ജറ്റിൽ പണം അനുവദിച്ചതറിഞ്ഞ് കായിക താരങ്ങളും സ്‌റ്റേഡിയം ഉപയോഗിക്കുന്ന കായിക പ്രേമികളും മാണി സി. കാപ്പന് വലിയ സ്വീകരണവും നൽകി.
നടപടിക്രമങ്ങൾ നടക്കുന്നത് മനസ്സിലാക്കാതെ മുഖ്യമന്ത്രിയുടെ നവകേരള സദസ്സ് പാലായിൽ എത്തിയപ്പോൾ മുനിസിപ്പൽ ചെയർമാന്റ നേതൃത്വത്തിൽ സിന്തറ്റിക് ട്രാക്ക് നവീകരണത്തിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി. തുടർന്ന് ഏഴു കോടി രൂപ സിന്തറ്റിക്ക് ട്രാക്ക് നവീകരണത്തിനായി അനുവദിക്കുന്നതായി മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. ഒരു നിയോജകമണ്ഡലത്തിൽ ഏഴു കോടി രൂപയിൽ അധികാരിക്കാത്ത പദ്ധതി ഏറ്റടുക്കാൻ മന്ത്രിസഭ തീരുമാനിച്ചതിൽ പ്രകാരം സിന്തറ്റിക് ട്രാക്ക് നവീകരണത്തിന് മുൻഗണന നൽകി. തുടർന്നു നടന്ന പരിശോധനയിൽ കായിക ക്ഷേമ വകുപ്പ് സെക്രട്ടറി 13.06.2025 ലെ പി.ഐ. ഇ .എം /1 / 79/ 2024 - പി.ഐ. ഇ എം.ഡി നമ്പർ പ്രകാരം മാണി സി. കാപ്പന്റെ ബഡ്ജറ്റ് നിർദ്ദേശമനുസരിച്ച് സിന്തറ്റിക് ട്രാക്ക് നവീകരണത്തിന് നേരത്തെ തന്നെ അനുമതി നൽകിയതായി അറിയിച്ചു.
ബഡ്ജറ്റിൽ സിന്തറ്റിക്ക് ട്രാക്കിനായി പണം അനുവദിച്ച് ടെണ്ടർ നടപടികൾ പൂർത്തീകരിച്ചതിനാൽ പുതിയതായി അനുവദിച്ച 7 കോടി രൂപ രണ്ട് പദ്ധതി നിർദ്ദേശങ്ങൾക്കായി മുൻഗണന നൽകി നിശ്ചയിച്ചു നൽകണമെന്ന് സർക്കാർ രേഖാമൂലം ആവശ്യപ്പെട്ടു.. 2020 - 21, 2021 -22 , സാമ്പത്തിക വർഷങ്ങളിൽ ഗ്യാലറി നിർമ്മാണത്തിനായി ബഡ്ജറ്റ് നിർദ്ദേശം സമർപ്പിച്ചിരുന്നെങ്കിലും സാമ്പത്തിക ഞെരുക്കം മൂലം 100 രൂപ ടോക്കൺ തുക മാത്രമേ അനുവദിച്ചിരുന്നുള്ളൂ. അതുകൊണ്ട് 6.75 കോടി രൂപാ സ്റ്റേഡിയത്തിൽ ഗാലറി പണിയാനും ബാക്കി 25 ലക്ഷം രാമപുരം പഞ്ചായത്തിലെ മരങ്ങാട് മുട്ടത്തു കുന്നേൽഭാഗം ഓന്തുകുന്ന് റോഡ് നിർമ്മാണത്തിനായും വിനിയോഗിക്കണമെന്ന് മാണി സി. കാപ്പൻ ജില്ലാ കളക്ടർക്ക് കത്തു നൽകി. ഇതോടെ ഇതു സംബന്ധിച്ചുള്ള വാദപ്രതിവാദങ്ങൾ അവസാനിക്കുമെന്നും ജനങ്ങൾ സത്യം മനസ്സിലാക്കുമെന്നും മാണി സി. കാപ്പൻ പ്രത്യാശ പ്രകടിപ്പിച്ചു.
തന്റെ നിർദ്ദേശമനുസരിച്ച് സിന്തറ്റിക് ട്രാക്ക് നവീകരണത്തിനായി ബഡ്ജറ്റിൽ 7 കോടി രൂപ അനുവദിച്ച സർക്കാരിനോടും തുടർന്ന് നവ കേരള സദസ്സിന്റെ ഭാഗമായി അനുവദിച്ച ഏഴു കോടി രൂപ ചെലവഴിക്കാൻ എം.എൽ.എ യോട് നിർദേശം സ്വീകരിച്ച മുഖ്യമന്ത്രിയോടും നന്ദിയുണ്ട്. നാടിന്റെ വികസനത്തിനായി വിവാദമുണ്ടാക്കാതെ സഹകരിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് മാണി സി. കാപ്പൻ അഭ്യർത്ഥിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments