കിഴക്കൻ മലയോര മേഖലകളിൽ ശക്തമായ മഴയെത്തുടർന്ന് മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു. ഈരാറ്റുപേട്ട നടക്കൽ, കടുവാമൂഴി ഭാഗത്തെ നൂറോളം വീടുകളിൽ വെള്ളം കയറി. മാർമല അരുവി, അട്ടിക്കളം, മേലടുക്കം, വെള്ളാനി തുടങ്ങിയ തോടുകളിൽ വെള്ളം ശക്തമായ ഒഴുക്കുണ്ട്. തിടനാട് പഞ്ചായത്ത് കൊണ്ടൂർ ചന്ദ്രശേവരൻ വട്ടത്താനത്ത്, ബാലകൃഷ്ണൻ വട്ടത്താനത്ത് എന്നിവരുടെ വീടുകളിൽ വെള്ളം കയറി.
ഇടമറുക് രണ്ടാറ്റുമുന്നി വാകക്കാട് റോഡ് വെള്ളം കയറി ഗതാഗതം മുടങ്ങി. പൂഞ്ഞാർ പഞ്ചായത്ത് ചേന്നാട് പുരയിടത്തുങ്കൽ തങ്കമ്മയുടെ വീടിന്റെ മുകളിലേക്ക് മരം ഒടിഞ്ഞുവീണ് വീടിന്റെ മേൽക്കൂര തകർന്നു. തീക്കോയി മുപ്പതേക്കർ കൊടംവെട്ടി മംഗളഗിരി റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നു. പാതാമ്പുഴ ചോലത്തടം റോഡിൽ കാറ്റത്ത് മരം ഒടിഞ്ഞുവീണ് വൈദ്യുതി തൂണുകൾ ഒടിഞ്ഞു.
ഈരാറ്റുപേട്ടയിൽ തോട്ടുമുക്ക് അൻസാർ റോഡിൽ വെള്ളം കയറി. മീനച്ചിലാറിനോട് ചേർന്നുള്ള ഈരാറ്റുപേട്ട അങ്കാളമ്മൻ കോവിലിന് മുൻവശം വെള്ളത്തിലായി. ഈരാറ്റുപേട്ട പാലാ റോഡിൽ പനയ്ക്കപാലം, അമ്പാറ അമ്പലം ഭാഗത്ത് വെള്ളം ഉയർന്ന് ഗതാഗതം തടസ്സപ്പെട്ടു. പനക്കപാലത്ത് നിന്നും പ്ലാശനാലിലേക്കുള്ള റോഡും വെള്ളത്തിലാണ്. മീനച്ചിലാറിലേക്ക് ചേരുന്ന തോട് നിറഞ്ഞതാണ് ഇവിടെ വെള്ളം ഉയരാൻ കാരണം.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments