Latest News
Loading...

ആഘോഷത്തിമർപ്പിൽ പാലാ സെൻ്റ്.തോമസ്




പാലാ സെൻ്റ്.തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകിയ ആദ്യ ബാച്ചിലെ കുട്ടികൾ 100 ശതമാനം വിജയം നേടി ചരിത്രം കുറിച്ചതിൻ്റെ ആഘോഷത്തിലാണ് സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും. 2023 ജൂണിലാണ് പാലാ സെൻ്റ്.തോമസ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് ചരിത്രത്തിലാദ്യമായി പെൺകുട്ടികൾ പ്രവേശനം നേടുന്നത്. അവരെല്ലാവരും ജയിച്ചതിനൊപ്പം കൂട്ടുകാരായ ആൺകുട്ടികളെക്കൂടി വിജയിപ്പിച്ച് സ്കൂളിന് തിളക്കമാർന്ന വിജയമാണ് സമ്മാനിച്ചത്.

 

സയൻസിൽ 100 ശതമാനം വിജയം നേടിയ സെൻ്റ്.തോമസിൽ ഹ്യൂമാനിറ്റീസിൽ ഒരു കുട്ടി മാത്രമാണ് പരാജയപ്പെട്ടത്. 16 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും A+ നേടി. ഈ ഉജ്ജ്വല വിജയം കുട്ടികൾ സ്കൂളിലെത്തി പ്രിൻസിപ്പലിനോടും അദ്ധ്യാപകരോടുമൊപ്പം കേക്കുമുറിച്ചും മധുരം പങ്കുവച്ചും ആഘോഷിച്ചു. ആദ്യ ബാച്ച് പെൺകുട്ടികൾ എന്ന നിലയിൽ അൽപം ഭയപ്പാടോടെയാണ് 2023 ജൂണിൽ പാലാ സെൻ്റ്.തോമസ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് കടന്നുവന്നതെങ്കിലും പെട്ടെന്നു തന്നെ അധ്യാപകരും ആൺകുട്ടികളുമായി നല്ല സൗഹൃദത്തിലാകാൻ കഴിഞ്ഞുവെന്നും പിന്നീട് വളരെ രസകരമായ രണ്ടു വർഷമാണ് കടന്നുപോയതെന്നും പെൺകുട്ടികൾ അനുസ്മരിച്ചു.. തങ്ങളുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തമായി പാലാ സെൻ്റ്.തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു പഠനം ഹൃദയത്തിലുണ്ടാകുമെന്നും അവർ പറഞ്ഞു.

 പാലാ സെൻ്റ്.തോമസിൻ്റെ കാമ്പസിന് നിറച്ചാർത്ത് നൽകി പഠന പഠനാനുബന്ധ മേഖലകളിലെല്ലാം സ്കൂളിനെ മുൻപന്തിയിലെത്തിച്ച ബാച്ചാണിതെന്ന് പ്രിൻസിപ്പൽ ശ്രീ. റെജിമോൻ കെ.മാത്യു അനുസ്മരിച്ചു. നാഷണൽ സ്കൂൾ ഗെയിംസിൽ കേരളത്തിനു വേണ്ടി ഈ വർഷം 5 മെഡൽ നേടിയതും ഈ ബാച്ചിലെ കുട്ടികളാണ്. ആൺ പള്ളിക്കൂടം എന്ന പേരിൽ നിന്ന് പാലാ സെൻ്റ്.തോമസ് മാറുമ്പോൾ അത് ചരിത്രപരമായ ഒരു വിജയമാക്കി മാറ്റാൻ ആദ്യ ബാച്ച് കുട്ടികൾക്ക് കഴിഞ്ഞുവെന്നത് അഭിമാനകരമായാണ് മാനേജ്മെൻ്റും അദ്ധ്യാപകരും പി.റ്റി.എ യും കാണുന്നത്.

 ചരിത്രപരമായ ഈ മാറ്റത്തിന് തീരുമാനമെടുത്ത പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിനെയും അന്നത്തെ കോർപ്പറേറ്റ് സെക്രട്ടറി ഫാ. ബർക്കുമാൻസ് കുന്നുംപുറത്തിനെയും മുൻ പ്രിൻസിപ്പൽ ശ്രീ.മാത്യം എം. കുര്യാക്കോസിനെയും നന്ദിയോടെ അനുസ്മരിക്കുന്നതായി പ്രിൻസിപ്പൽ ശ്രീ. റെജിമോൻ കെ.മാത്യു അറിയിച്ചു. അവിസ്മരണീയ വിജയം സമ്മാനിച്ച വിദ്യാർത്ഥികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും കോർപ്പറേറ്റ് സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ , സ്കൂൾ മാനേജർ ഫാ. ജോസ് കാക്കല്ലിൽ,പി.റ്റി.എ. പ്രസിഡൻ്റ് ശ്രീ. വി.എം. തോമസ് എന്നിവർ അഭിനന്ദിച്ചു.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments