കുറവിലങ്ങാട് നിധീരിക്കൽ മാണിക്കത്തനാരുടെ ജന്മഗൃഹത്തിൽ നിധീരിക്കൽ ജയന്തി ആചരണം നടന്നു.
നിധീരിക്കൽ മാണിക്കത്തനാരുടെ നേതൃത്വത്തിൽ ആരംഭിച്ച നസ്രാണി ജാതി ഐക്യസംഘത്തിന്റെ ആനുകാലിക പ്രസക്തി വീണ്ടും ചർച്ചയായി. മാണിക്കത്തനാരുടെ ജന്മഗൃഹത്തിൽ അദ്ദേഹം ഉപയോഗിച്ച സുറിയാനിയിലുള്ള പ്രാർത്ഥനയോടെ ആരംഭിച്ച നസ്രാണി സമുദായ ഐക്യസമ്മേളനത്തിൽ പാലാ രൂപത ബിഷപ്പും സീറോ മലബാർ സഭയുടെ സഭൈക്യ കമ്മീഷൻ ചെയർമാനുമായ മാർ ജോസഫ് കല്ലറങ്ങാട്ട് മെത്രാൻ അധ്യക്ഷത വഹിച്ചു. നിധീരിക്കൽ മാണിക്കത്തനാർ നസ്രാണികളുടെ സിംഹമാണെന്ന് അദ്ദേഹം അധ്യക്ഷപ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
ആർക്കും എളുപ്പത്തിൽ അനുകരിക്കാനാവുന്ന വ്യക്തിത്വമല്ല മാണിക്കത്തനാരുടേതെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് വ്യക്തമാക്കി.
ഐക്യം സഭകൾക്ക് ആവശ്യമാണെന്നും സമൂഹം നേരിട്ട തിന്മകൾക്കെതിരെ പ്രവർത്തിച്ച സമുദായ നേതാവായിരുന്നു മാണിക്കത്തനാരെന്നും യാക്കോബായ സുറിയാനി സഭയുടെ സൂനഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസന അധ്യക്ഷനുമായ തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. പൗരസ്ത്യ പാരമ്പര്യങ്ങളുടെ നിധി ഇരിക്കുന്ന കുടുംബമാണ് നിധീരിക്കൽ പോലെയുള്ള നസ്രാണി കുടുംബങ്ങളെന്നും സുറിയാനി ക്രിസ്ത്യാനികളുടെ വിമോചന സമരനേതാവുമായിരുന്നു നിധീരിക്കൽ മാണിക്കത്തനാരെന്നും പൗരസ്ത്യ കൽദായ സുറിയാനി സഭാധ്യക്ഷൻ ഔഗേൻ മാർ കുര്യാക്കോസ് മെത്രാപ്പോലീത്ത പറഞ്ഞു. സഭയുടെ മാണിക്യമായിരുന്നു മാണിക്കത്തനാരെന്നും അദ്ദേഹം സുറിയാനിസഭകൾ ഒന്നിച്ചുനിൽക്കുന്നതിനായി തീക്ഷ്ണമായി പരിശ്രമിച്ചെന്നും മാർത്തോമ്മാ സഭയുടെ അടൂർ ഭദ്രാസന അധ്യക്ഷൻ മാത്യൂസ് മാർ സെറാഫിം എപ്പിസ്‌കോപ്പ പറഞ്ഞു.
പാലാ രൂപത വികാരി ജനറാൾ മോൺ. ഡോ. ജോസഫ് മലേപറമ്പിൽ, മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന കേന്ദ്രം ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, എം.ജി സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. സിറിയക് തോമസ്, ഫ്രാൻസിസ് ജോർജ് എംപി, മോൻസ് ജോസഫ് എംഎൽഎ, ഫാ. സിറിൽതോമസ് തയ്യിൽ, എകെസിസി പാലാ രൂപത പ്രസിഡന്റ് ഇമ്മാനുവൽ നിധീരി എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിന്റെ മുഖ്യസംഘാടകനായ ഫാ. സിറിൽ തോമസ് തയ്യിൽ, ജാതി ഐക്യസംഘം എന്ന ആശയവും സ്വപ്നവും യാഥാർത്ഥ്യമാക്കാൻ തുടർ പ്രവർത്തനങ്ങൾ നടത്തുമ്പോഴാണ് അദ്ദേഹത്തിന്റെ ഓർമ്മയാചരണവും അദ്ദേഹത്തോടുള്ള ആദരവും വിശ്വസ്തതയും ആത്മാർത്ഥമാകുന്നതെന്ന് ആമുഖത്തിൽ സൂചിപ്പിച്ചു.
എല്ലാ ദേശങ്ങളിലും ഗ്രാമസാമാജിക യോഗങ്ങൾ അദ്ദേഹം മുന്നോട്ടുവെച്ച അടിസ്ഥാന ആശയം ആണെന്നും ഇത് പ്രാവർത്തികമാക്കാനായി സഭാവ്യത്യാസം കൂടാതെ നസ്രാണികൾ ഒത്തുകൂടിയാൽ സമുദായത്തിന്റെ വിവിധ പ്രശ്നങ്ങൾ പഠിച്ച് പരിഹാരം കണ്ടെത്തി സമുദായത്തെയും സഭകളെയും രാഷ്ട്രത്തെയും ശക്തിപ്പെടുത്താൻ സാധിക്കുമെന്നും ആമുഖമായി അഭിപ്രായപ്പെട്ടു.
വിവിധ നസ്രാണി സഭകളിൽ നിന്നുള്ള മെത്രാന്മാരും വൈദികരും വിശ്വാസികളും അടങ്ങുന്ന പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. സമുദായ ഉന്നമനത്തിനായി ത്യാഗം അനുഷ്ഠിച്ച വ്യക്തികളെയും പ്രത്യേക സംഭാവനകൾ നൽകിയവരെയും സമ്മേളനത്തിൽ ആദരിച്ചു. റവ.ഡോ. സേവ്യർ കൂടപ്പൂഴ, ഫാ. സാജു കീപ്പനശ്ശേരി, ഫാ. ജോസ് കോട്ടയിൽ, ശ്രീ. ജോൺ കച്ചിറമറ്റം, ശ്രീ. ജോസുകുട്ടി ആയാംകുടി, ശ്രീ. ബിനു ചങ്ങനാശേരി, ശ്രീ. ജോയി മൂക്കൻതോട്ടം, ശ്രീ. അമൽ കുടമാളൂർ, ശ്രീ. ജിജി ളാനിത്തോട്ടം, ശ്രീ. ബെന്നി മുറിഞ്ഞപുഴ, ശ്രീ. ഡേവിസ് എരുമപ്പെട്ടി എന്നിവരെയാണ് ഉപഹാരങ്ങൾ നൽകി ആദരിച്ചത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments