കേരള സയൻസ് സിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയാതെ ഉണ്ടായിരിക്കുന്ന ഗുരുതരമായ അനാസ്ഥയെക്കുറിച്ചും കാലതാമസത്തെക്കുറിച്ചും അന്വേഷണം നടത്താൻ മുഖ്യമന്ത്രി ഇടപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്ന് സയൻസ് സിറ്റിയിൽ സന്ദർശനം നടത്തിയ അഡ്വ. മോൻസ് ജോസഫ് എംഎൽഎയും അഡ്വ.കെ. ഫ്രാൻസിസ് ജോർജ് എംപിയും സർക്കാരിനോട് ആവശ്യപ്പെട്ടു. മെയ് മാസം അവസാനിക്കുന്നതിനു മുമ്പ് സയൻസ് സിറ്റി ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ആഴ്ചയിൽ പറയുകയുണ്ടായി. മെയ് 11ന് ഉദ്ഘാടനം നടത്തുമെന്ന് രാജ്യസഭാംഗം പ്രസ്താവന ഇറക്കിയതാണ്. എന്നാൽ ഇതിനുള്ള യാതൊരു ക്രമീകരണവും സയൻസ് സിറ്റിയിൽ നേരിട്ട് ചെന്നപ്പോൾ കാണാൻ കഴിഞ്ഞില്ലെന്ന് എംപിയും എംഎൽഎയും ചൂണ്ടിക്കാട്ടി. കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയ തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ട കുറച്ച് സഹോദരിമാർ കയർഭുവസ്ത്രം വിരിക്കുകയും കാടും പള്ളയും വെട്ടി മാറ്റുകയും പഴകിപ്പോയ കെട്ടിടങ്ങൾ പെയിന്റടിച്ച് പുതുക്കാൻ ശ്രമിക്കുന്നതും മാത്രമാണ് കാണാൻ കഴിഞ്ഞത്. ഗുരുതരമായ അനാസ്ഥയും കൃത്യ വിലോപവുമാണ് സയൻസ് സിറ്റിയിൽ പ്രകടമാകുന്നതെന്ന് എംപിയും എംഎൽഎയും കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിക്കും സർക്കാരിനും സയൻസ് സിറ്റിയുടെ നിജസ്ഥിതി ചൂണ്ടിക്കാട്ടി പരാതി സമർപ്പിച്ച ശേഷം തൃപ്തികരമായ പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി നേതാക്കൾ ചൂണ്ടിക്കാട്ടി. അല്ലാത്തപക്ഷം കുറവിലങ്ങാട് പൗരാവലിയെ പങ്കെടുപ്പിച്ചുകൊണ്ട് ബഹുജനപ്രക്ഷോഭത്തെക്കുറിച്ച് കൂടിയാലോചിച്ചു തീരുമാനിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി.
സയൻസ് സിറ്റി കേന്ദ്രീകരിച്ച് നടക്കുന്ന അഴിമതിയെക്കുറിച്ചും പിൻവാതിൽ നിയമനത്തെക്കുറിച്ചും നിർമ്മാണ കാര്യത്തിൽ സംഭവിച്ചിരിക്കുന്ന ഗുരുതരമായ അനാസ്ഥയെ കുറിച്ചും സർക്കാർ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന് എംപിയും എംഎൽഎയും പ്രസ്താവിച്ചു
സയൻസ് സിറ്റി നിയമവിരുദ്ധമായി അടച്ചുപൂട്ടുകയും പല ദിവസങ്ങളിലും അനധികൃത അവധി നൽകുകയും ജനപ്രതിനിധികളുടെ ഔദ്യോഗിക സന്ദർശന വേളയിൽ സയൻസ് സിറ്റി പൂട്ടിയിട്ട് ഉദ്യോഗസ്ഥർ ഒഴിഞ്ഞ് മാറിയ നിരുത്തരവാദ നടപടിയിലെ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ നിയമസഭാ സ്പീക്കർക്ക് അവകാശലംഘന നോട്ടീസ് നൽകുമെന്ന് മോൻസ് ജോസഫ് എംഎൽഎ.
ഉന്നതതലറിവ്യൂ മീറ്റിംഗ് സയൻസ് സിറ്റിയിൽ ഉടനെ വിളിച്ചു ചേർക്കണമെന്ന് എംപിയും എംഎൽഎയും സർക്കാരിനോട് ആവശ്യപ്പെട്ടു.
കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, മെമ്പർമാരായ ബേബി തൊണ്ടംകുഴി, സാബു അഗസ്റ്റിൻ, ടെസി സജീവ്, ജോയീസ് അലക്സ് , ലതിക സാബു , എം.എം ജോസഫ് , ലിസി ജോയി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ അഡ്വ. ടി. ജോസഫ് , തോമസ് കണ്ണന്തറ, ജോർജ് ചെന്നേലി , സനോജ് മുറ്റത്താണി, അനിൽകുമാർ കാരക്കൽ, മണ്ഡലം പ്രസിഡണ്ട് അജോ അറയ്ക്കൽ , ആൻസമ്മ സാബു തുടങ്ങിയവരും എംപിയുടെയും എംഎൽഎയുടെയും കൂടെ സന്നിഹിതരായിരുന്നു.
കേരള സയൻസ് സിറ്റിയിൽ നടന്നുവരുന്ന കള്ളക്കളികളും കെടുകാര്യസ്ഥതയും അവസാനിപ്പിക്കാൻ വരും ദിവസങ്ങളിൽ
വീണ്ടും സന്ദർശനം നടത്തുന്നതും ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് തെളിവെടുപ്പ് നടത്തുന്നതാണെന്നും അഡ്വ. മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി. കേരള സയൻസ് സിറ്റി നിർമ്മാണ പൂർത്തീകരണം സർക്കാരിനെക്കൊണ്ട് നടത്തിയ ശേഷമല്ലാതെ ഇക്കാര്യത്തിൽ പിന്നോട്ട് പോകുന്ന പ്രശ്നമില്ലെന്ന് എംഎൽഎയും എംപിയും വ്യക്തമാക്കി.
വാട്സ്ആപ് ചാനലില് അംഗമാകാന് ഇവിടെ ക്ലിക് ചെയ്യൂ
0 Comments