ദേശീയപാത 66ല്‍ മലപ്പുറം മൂരിയാട് അടക്കം നിര്‍മാണത്തിനിടെയുണ്ടായ തകര്‍ച്ചയില്‍ , ദേശീയപാത നിര്‍മാണത്തിന്റെ പൂര്‍ണ നിയന്ത്രണം കേന്ദ്ര സര്‍ക്കാരിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂമി ഏറ്റെടുത്തു നല്‍കിയതില്‍ ഈ സര്‍ക്കാരിന് ഉത്തരവാദിത്വം ഉണ്ട്. എന്നാല്‍, നിര്‍മാണത്തിന്റെ പൂര്‍ണ നിയന്ത്രണം കേന്ദ്രത്തിനാണ്. സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ചിലര്‍ക്ക് കിട്ടിയ അവസരം അവര്‍ ഉപയോഗിക്കുകയാണ്. വീഴ്ചകള്‍ പരിഹരിച്ച് മുന്നോട്ടുപോകണം. എന്തും പറയുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി. വീഴ്ച വീഴ്ചയായി കണ്ട് നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിനിടെ, മലപ്പുറം കൂരിയാട് ദേശീയ പാത ഇടിഞ്ഞു തകര്‍ന്നതില്‍ നിര്‍മ്മാണ കരാര്‍ കിട്ടിയ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ്, കണ്‍സള്‍ട്ടന്റായ ഹൈവേ എഞ്ചിനീയറിംഗ് എന്നീ കമ്പനികളെ പുതിയ ടെണ്ടറുകള്‍ നല്‍കുന്നതില്‍ നിന്ന് കേന്ദ്രം വിലക്കി. ഈ കമ്പനികളിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.
രാമനാട്ടുകര വളാഞ്ചേരി സെക്ഷനിലെ കൂരിയാട് റോഡും മതിലും ഇടിഞ്ഞു താഴ്ന്നത് ഇന്നലെ ദേശീയ പാത ഉദ്യോഗസ്ഥരും വിദഗ്ധരും എത്തി പരിശോധിച്ചിരുന്നു. പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് കമ്പനികള്‍ക്കെതിരായ നടപടി.
പല നിര്‍മ്മാണ കരാറുകളിലും ഉള്‍പ്പെട്ട കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെയാണ് തല്‍ക്കാലം പുതിയ ടെന്‍ഡറുകളില്‍ നിന്ന് വിലക്കിയത്. 15 ദിവസത്തിനകം മറുപടി തേടി ഈ കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഒരു വര്‍ഷം വരെയോ പരിഹാര നടപടികള്‍ സ്വീകരിക്കുന്നത് വരെയോ വിലക്കാനുള്ള നടപടിയിലേക്ക് കടക്കണോ എന്നതിലും, സംഭവിച്ച പാളിച്ചയുടെ അടിസ്ഥാനത്തില്‍ പിഴ ഒടുക്കണോ എന്നതും കമ്പനിയുടെ മറുപടിയുടെ അടിസ്ഥാനത്തിലാകും കേന്ദ്രം തീരുമാനിക്കുക.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments