മൂന്നിലവ് പഞ്ചായത്തിലെ പൗരന് പഞ്ചായത്ത് കുടിവെള്ളം നിഷേധിച്ചതായി പരാതി. വ്യാപാരി വ്യവസായി ഏകോപന സമിതി കളത്തൂക്കടവ് യൂണിറ്റ് പ്രസിഡന്റ് കൂടിയായ ജോണ്‍സണ്‍ പാറയ്ക്കലിന്റെ മോട്ടോറാണ് കുടിവെള്ള പദ്ധതിയില്‍ നിന്നും എടുത്തുമാറ്റിയത്. പഞ്ചായത്ത് കമ്മറ്റി തീരുമാനപ്രകാരമാണ് നടപടി എന്ന് അവകാശപ്പെടുമ്പോഴും തന്റെ മോട്ടോര്‍ മാത്രമാണ് എടുത്തുമാറ്റിയതെന്ന് ജോണ്‍സണ്‍ പറയുന്നു. പഞ്ചായത്തില്‍ നടക്കുന്ന അഴിമതിയ്ക്കും ക്രമവിരുദ്ധ നടപടികള്‍ക്കുമെതിരെ പ്രതികരിച്ചതിന്റെ പ്രതികാരനടപടിയാണെന്നും ജോണ്‍സണ്‍ ആരോപിച്ചു.
2018-ലാണ് കാടനാട് പുതുശേരി കുടിവെള്ള പദ്ധതി ആരംഭിച്ചത്. ആറ്റുതീരത്ത് കിണര്‍ നിര്‍മിച്ച് ജോണ്‍സന്റെ പുരയിടത്തില്‍ മോട്ടോര്‍പുര സ്ഥാപിച്ച് മലമുകളിലുള്ള കിണറ്റിലേയ്ക്ക് പമ്പ് ചെയ്ത് വെള്ളമെത്തിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി. മോട്ടോര്‍പുരയ്ക്ക് സ്ഥലം നല്കിയപ്പോള്‍ സ്വന്തമായി ഒരു മോട്ടോര്‍ വയ്ക്കുന്നതിനുള്ള അനുവാദമാണ് ജോണ്‍സണ്‍ ആവശ്യപ്പെട്ടത്. മറ്റ് വാര്‍ഡുകളിലും സമാനമായ രീതിയില്‍ മോട്ടോര്‍ സ്ഥാപിച്ചിട്ടുള്ളതിനാല്‍ അതിന് അനുവാദവും ലഭിച്ചു. പഞ്ചായത്തിലെ വിവിധ വിഷയങ്ങളില്‍ ഇടപെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.
വഴിവിട്ട കോണ്‍ക്രീറ്റിംഗ്, ആശുപത്രി വളപ്പില്‍ മാലിന്യംനിക്ഷേപം തുടങ്ങി വിവിധ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയതോടെ പരാതികളും ആരംഭിച്ചു. ജോണ്‍സണ്‍ വെള്ളം കൃഷി നനയ്ക്കാന്‍ ഉപയോഗിക്കുന്നുവെന്നും മോട്ടോര്‍ എടുപ്പിക്കണമെന്നും പരാതിഉണ്ടായി. ഒരു പഞ്ചായത്ത് മെംബര്‍ക്കെതിരെ ആക്ഷേപങ്ങള്‍ പുറത്തുകൊണ്ടുവന്നതോടെ, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തനിക്കെതിരെ പരാതികളുണ്ടായതായും ജോണ്‍സണ്‍ ചൂണ്ടിക്കാട്ടി. പഞ്ചായത്ത് മെംബറുമായി ഒന്നിലധികം തവണ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടാവുകയും പോലീസ് കേസാവുകയും ചെയ്തിരുന്നു.
പഞ്ചായത്ത് കമ്മറ്റി തീരുമാനമെന്ന് പറഞ്ഞാണ് ചൊവ്വാഴ്ച പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തിലെത്തി മോട്ടോര്‍ എടുത്തുമാറ്റിയത്. കുടിവെള്ള പദ്ധതിയിലേയ്ക്ക് വെള്ളം ലഭിക്കുന്നില്ലെന്നാണ് ഇതിന് പറയുന്ന ന്യായം. എന്നാല്‍ കിണറ്റില്‍ പത്തടിയോളം വെള്ളമുണ്ടെന്നും ജനകീയപ്രതിഷേധം ഉയരാന്‍ മോട്ടോര്‍ അടിക്കാതെ പ്രശ്‌നമുണ്ടാക്കുകയാണെന്നും ജോണ്‍സണ്‍ പറയുന്നു. മഴപെയ്തതോടെ ആറ്റില്‍ ജലമൊഴുക്ക് വീണതോടെ ഉറവ ശക്തമായിട്ടുണ്ട്. വീട്ടുമുറ്റത്തെ കിണറ്റില്‍ വെള്ളമില്ലാതായിട്ടും മോട്ടോര്‍പുരയ്ക്ക് സ്ഥലം നല്കിയ തനിക്ക് കുടിവെള്ളം നിഷേധിക്കുന്നത് നീതി നിഷേധമാണെന്ന് ജോണ്‍സണ്‍ ചൂണ്ടിക്കാട്ടി.
അതിനിടെ മോട്ടോര്‍ ഇരിക്കുന്ന തന്റെ സ്ഥലം പുറമ്പോക്ക് ആണെന്ന് കാട്ടി ആസ്തി രജിസ്റ്ററില്‍ കയറ്റിയതായും ജോണ്‍സണ്‍ പറഞ്ഞു. ഇതിനെതിരെ സ്ഥലം അളക്കാന്‍ താലൂക്കില്‍ അപേക്ഷ നല്കിയിട്ടുണ്ട്. പഞ്ചായത്തിലെ മറ്റ് എല്ലാ കുടിവെള്ള പദ്ധതികളിലും സ്ഥലം നല്കിയവരും സ്വകാര്യ വ്യക്തികളും അടക്കം മോട്ടോര്‍ സ്ഥാപിച്ചതില്‍ നടപടിയെടുക്കാതെ തന്റെ മോട്ടോര്‍ എടുപ്പിക്കാന്‍ മാത്രം തിടുക്കം കാട്ടിയത്, അഴിമതികള്‍ക്കെതിരെ താന്‍ പ്രതികരിച്ചതിനുള്ള പ്രതികാര നടപടിയാണെന്ന് ജോണ്‍സണ്‍ കുറ്റപ്പെടുത്തി.
അതേസമയം, നിയമപരമായല്ല, മാനുഷിക പരിഗണനയിലാണ് മോട്ടോര്‍ സ്ഥാപിക്കാന്‍ അനുമതി നല്കിയതെന്ന് പ്രസിഡന്റ് ചാര്‍ലി ഐസക് പറഞ്ഞു. ഗുണഭോക്തൃപദ്ധതിയിലെ ആളുകള്‍ക്ക് വെള്ളം ലഭിക്കുന്നില്ലെന്ന് സമിതി പരാതി നല്കിയിതിനെ തുടര്‍ന്ന് പഞ്ചായത്ത് സബ് കമ്മറ്റി പരിശോധിക്കുകയും മാര്‍ച്ച് 1 മുതല്‍ മെയ് 31 വരെ മോട്ടോര്‍ മാറ്റണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ആ കാലയളവില്‍ മറ്റുള്ളവര്‍ക്ക് കൊടുക്കുന്നപോലെ വെള്ളം നല്കാമെന്നും അത് സൗജന്യമായി നല്കാമെന്നും ഗുണഭോക്തൃസമിതി അറിയിച്ചിരുന്നു.
മോട്ടോര്‍ മാറ്റാന്‍ നോട്ടീസ് കൊടുത്ത് 15 ദിവസത്തിലധികം പിന്നിട്ട സാഹചര്യത്തിലാണ് മോട്ടോര്‍ എടുത്തുമാറ്റേണ്ടിവന്നതെന്ന് പ്രസിഡന്റ് വ്യക്തമാക്കി. ജൂണ്‍ 1ന് അത് തിരികെ വയ്ക്കാന്‍ അനുവദിക്കും. സ്ഥലം പുറമ്പോക്ക് ആണോ എന്ന് താലൂക്ക് സര്‍വ്വേയര്‍ അളന്ന് തിരിച്ചാലേ കൃത്യമായി പറയാനാകൂ. പഞ്ചായത്തിലെ മറ്റ് കുടിവെള്ള പദ്ധതികളില്‍ മോട്ടോര്‍ വച്ചിട്ടുണ്ട് എന്ന ആക്ഷേപം ശരിയല്ലെന്നും കുടിവെള്ള പദ്ധതിയ്ക്കുള്ള കിണറുകളില്‍ അല്ല മോട്ടോര്‍ വച്ചിരിക്കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments