പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്‌കൂളിന് മുന്നില്‍ പൊതുനിരത്തിനോട് ചേര്‍ന്ന് ടാര്‍ മിക്‌സിംഗ് നടത്തുന്നത് സ്‌കൂള്‍ നടത്തിപ്പിനെ ബാധിക്കുന്നു. അവധി ദിവസങ്ങളില്‍ നടത്തിയിരുന്ന ജോലി സ്‌കൂള്‍ പ്രവര്‍ത്തിസമയത്തും തുടരുന്നതാണ് പുകശല്യത്തിന് കാരണമാകുന്നത്. കുട്ടികള്‍ക്ക് തലവേദനയടക്കം അനുഭവപ്പെടുന്നതായും പരാതിയുണ്ട്.
പൂഞ്ഞാര്‍ പാതാമ്പുഴ റോഡിലാണ് സ്‌കൂള്‍ മതിലിന് താഴെ പ്രധാന റോഡ് സൈഡില്‍ ടയര്‍ അടക്കം കത്തിച്ച് ടാര്‍ ഉരുക്കുന്നത്. ടയര്‍ കത്തിക്കുമ്പോഴുണ്ടാകുന്ന കറുത്ത പുക മുകളിലേയ്ക്ക് ഉയര്‍ന്ന് പരക്കുന്നത് സ്‌കൂളിലേയ്ക്ക് തന്നെയാണ്. സെന്റ് ആന്റണീസ് സ്‌കൂളിന്റെ ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി കുട്ടികളുടെ ക്ലാസുകള്‍ നടക്കുന്നത് ഈ കെട്ടിടത്തിലാണ്.
തൊട്ടടുത്ത് തന്നെയാണ് സെന്റ് ആന്റണീസ് എല്‍പി സ്‌കൂളും. നാലാം ക്ലാസ് വരെയുള്ള പിഞ്ചുകുട്ടികള്‍ക്കും പുകശല്യം പ്രതിസന്ധിയാകുന്നു. വിറകിനൊപ്പം ടയര്‍ ഇട്ട് കത്തിക്കുന്നതാണ് രൂക്ഷമായ മണത്തിനും പുകശല്യത്തിനും ഇടയാക്കുന്നത്. സ്വകാര്യ വര്‍ക്കുകള്‍ക്ക് വേണ്ടിയാണ് ഇവിടെ ടാര്‍ ഉരുക്കുന്നത്. ഓണാവധി ദിവസങ്ങളില്‍ നടത്തിയിരുന്ന ജോലികള്‍ സ്‌കൂള്‍ തുറന്ന ശേഷവും തുടരുകയാണ്.
.സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ ഗ്രാമപഞ്ചായത്തിലും പോലീസിലും പരാതി അറിയിച്ചിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യം കണക്കിലെടുത്ത് സ്‌കൂള്‍ പ്രവര്‍ത്തിദിവസങ്ങളിലെ ജോലികള്‍ നിര്‍ത്തിവയ്ക്കുകയോ മറ്റെവിടേയ്‌ക്കെങ്കിലും മാറ്റുകയോ വേണമെന്നാണ് ആവശ്യമുയരുന്നത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments