സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാലാ നഗരസഭ, താലൂക്ക് ആശുപത്രിയുടെ പഴയ കെട്ടിടം പൊളിച്ചു വിറ്റ വകയിൽ കിട്ടിയ 9.3 ലക്ഷം രൂപയും അനുമതിയില്ലാതെ ചെലവാക്കിയതായി ആക്ഷേപം. ഇന്ന് നടന്ന താലൂക്ക് വികസന സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച ആക്ഷേപം ഉയർന്നത്. തുക ചെലവാക്കിയതായി നഗരസഭാ ചെയർമാനും സമ്മതിച്ചെങ്കിലും പ്രതിസന്ധി നേരിടുന്ന നഗരസഭ എന്ന് തുക തിരിച്ചടക്കുമെന്ന് വ്യക്തമാക്കിയില്ല.
പാലാ താലൂക്ക് ആശുപത്രിയുടെ പഴയ എൻട്രൻസ് ഭാഗത്തുണ്ടായിരുന്ന പഴക്കം ചെന്ന കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയാണ് പാർക്കിംഗ് സൗകര്യം ഒരുക്കിയത്. ഈ കെട്ടിടങ്ങൾ പൊളിച്ചു വിറ്റ വകയിൽ 9.3 ലക്ഷം രൂപ ലഭിച്ചിരുന്നു. ആരോഗ്യവകുപ്പിലേക്ക് അടക്കേണ്ട ഈ തുക നഗരസഭ കൈക്കലാക്കുകയും ചെലവാക്കുകയും ആയിരുന്നു. ആശുപത്രി വികസന സമിതിയെ അറിയിക്കാതെ ഈ തുക നഗരസഭ എടുക്കുകയും ചെലവാക്കുകയും ആയിരുന്നു.
എച്ച്എംസി അംഗമായ പീറ്റർ പന്തലാനിയാണ് വിഷയം താലൂക്ക് വികസന സമിതിയിൽ ഉന്നയിച്ചത്. തുക ചെലവാക്കിയതായി നഗരസഭാ സെക്രട്ടറിയും സമ്മതിച്ചു. യോഗത്തിൽ അല്പം വൈകിയെത്തിയ നഗരസഭ ചെയർമാൻ ഷാജു തുരുത്തനും തുക ചെലവാക്കിയതായി പറഞ്ഞെങ്കിലും ഒറ്റ ഘട്ടമായി തിരിച്ചടയ്ക്കാനുള്ള ശേഷി നിലവിലില്ലെന്ന് വ്യക്തമാക്കി. നിയമപ്രകാരമല്ല ഇത്തരം നടപടികൾ എന്നും കോട്ടയം നഗരസഭയിൽ നടന്നത് പോലുള്ള ക്രമക്കേടാണെന്നും പീറ്റർ ചൂണ്ടിക്കാട്ടി.
ആശുപത്രിയുടെ ചുറ്റും മതിലിന്റെ ഒരു ഭാഗം തകർന്നു കിടക്കുകയാണ്. 21 ലക്ഷത്തോളം രൂപയാണ് ഇതിന് എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഇത്രയും വലിയ തുക ദുരന്തനിവാരണ ഫണ്ടിൽ നിന്നോ എംഎൽഎ ഫണ്ടിൽ നിന്നോ അനുവദിക്കാനാവില്ല. ഇത് സംബന്ധിച്ച് മന്ത്രിക്ക് കത്തു നൽകിയതായി എംഎൽഎ വ്യക്തമാക്കി. ആശുപത്രി കെട്ടിടം പെയിന്റിംഗ് നടത്തിയ വകയിൽ നാല് ലക്ഷത്തോളം രൂപ ക്രമക്കേട് നടന്നതായും പീറ്റർ പന്തലാനി ആരോപിച്ചു. ഇത്തരത്തിൽ 13 ലക്ഷത്തോളം രൂപ ആശുപത്രിയുടേതായി നിലവിൽ കാണേണ്ടതാണ്. ഈ തുകയുണ്ടായിരുന്നെങ്കിൽ ചുറ്റുമതിൽ നിർമ്മാണം പൂർത്തിയാക്കാൻ ആകുമായിരുന്നു എന്നും പീറ്റർ പന്തലാനി പറഞ്ഞു.
ആശുപത്രിയുടെ പഴയ ബിൽഡിംഗ് പെയിറ്റിംഗ് നടത്തുന്നതിന് എസ്റ്റിമേറ്റ് പ്രകാരം ആശുപത്രി മാനേജിംഗ് കമ്മറ്റിയുടെ തീരുമാനിച്ച് 10.4 ലക്ഷം രൂപ മുൻസിപ്പാലിറ്റിക്ക് അനുവദിച്ച് ഫണ്ട് നല്കിയിരുന്നു . 6 ലക്ഷം രൂപയ്ക്ക് വർക്ക് ടെൻഡർ ചെയ്യുകയും ബാക്കി 4.3 ലക്ഷം രൂപാ എച്ച് എം സി ഫണ്ടിലേയ്ക്ക് നല്കാതെ വകമാറ്റി ചെലവഴിച്ചു. ആശൂപത്രി അധികൃതർ ഓഡിറ്റിംഗ് വന്നപ്പോൾ തുക തിരിച്ചു നല്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഈ തുക മറ്റ് ആവശ്യങ്ങൾക്ക് ചിലവഴിച്ചു എന്നാണ് സെക്രട്ടറിയും ചെയർമാനും താലൂക്ക് വികസന സമതിയെയും ആശുപത്രി സൂപ്രണ്ടിനെയും അറിയിച്ചത്.
സർക്കാർ നിയമങ്ങളും ചട്ടങ്ങളും അൻസരിക്കേണ്ട സെക്രട്ടറി തെറ്റായി ചെയ്ത കാര്യമാണ് താലൂക്ക് വികസന സമതിയിൽ സമതിയംഗവും ആശുപത്രി മാനേജിംങ്ങ് കമ്മറ്റിയംഗമായ പീറ്റർ പന്തലാനി ചോദ്യം ചെയ്തത്. തുക തിരച്ചടിച്ചില്ലങ്കിൽ സെക്രട്ടറിക്ക് ബാധ്യത ഉണ്ടാകുമെന്ന് താലൂക്ക് സഭയിൽ അദ്ധ്യക്ഷത വഹിച്ച MLA മാണി. സി.കാപ്പൻ പറഞ്ഞു. ഏതായാലും പെയിൻറിംഗ് കണക്കുകളും എച്ച്എംസി ഫണ്ട് വക മാറ്റലും വരും ദിവസങ്ങളിലെ യോഗങ്ങളിലും ചർച്ചയാകും എന്ന് ഉറപ്പാണ്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments