കടപ്ലാമറ്റം: ദിവ്യകാരുണ്യഭക്തി, പ്രാർത്ഥന, ദീനാനുകമ്പ എന്നീ പുണ്യങ്ങളിലൂടെ വിശുദ്ധ ജീവിതം നയിച്ച കുട്ടൻതറപ്പേൽ യൗസേപ്പച്ചന്റെ 67-ാം ചരമവാർഷികവും ശ്രാദ്ധസദ്യയും സെപ്റ്റംബർ 7-ാം തീയതി ശനിയാഴ്ച കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയിൽ നടക്കും.
കടപ്ലാമറ്റം ഇടവകയിൽ കുട്ടൻതറപ്പേൽ കുടുംബത്തിൽ കുര്യാക്കോ വെന്മേന ദമ്പതികളുടെ 5 മക്കളിൽ നാലാമനായി 1883 മാർച്ച് 25-ാം തീയതി യൗസേപ്പച്ചൻ ഭൂജാതനായി. 1883 ഏപ്രിൽ 2- ന് കടപ്ലാമറ്റം പള്ളിയിൽ വെച്ച് ജ്ഞാനസ്നാനം സ്വീകരിക്കുകയും ചെയ്തു. ബാല്യത്തിൽത്തന്നെ പ്രിയമാതാവിനെ നഷ്ടപ്പെട്ട അച്ചൻ ഒരു നാട്ടാശാന്റെ കളരിയിൽ വിദ്യാഭ്യാസം ആരംഭിക്കുകയും തുടർവിദ്യാഭ്യാസത്തിനുശേഷം ഒരു വൈദികനാകാനുള്ള അദമ്യമായ ആഗ്രഹത്താൽ സെമിനാരിയിൽ ചേരുകയും ചെയ്തു.1915 ഡിസംബർ 26-ാംതീയതി അഭിവന്ദ്യ തോമസ് കുര്യാളശ്ശേരി പിതാവിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു. കടപ്ലാമറ്റം ഇടവകയിലെ ശുശ്രൂഷയ്ക്കുശേഷം അതിരൂപതയിലെ വിവിധ പള്ളികളിൽ സേവനമനുഷ്ഠിച്ച അച്ചൻ ലാളിത്യത്തിന്റെയും, വി. കുർബാനയോടുള്ള ഭക്തിയുടെയും, മരിയ ഭക്തിയുടെയും വലിയ ഒരു സാക്ഷ്യമായിരുന്നു.
കുമ്മണ്ണൂർ- കടപ്ലാമറ്റം റോഡിന്റെ നിർമ്മാണത്തിൽ ബഹു. കുട്ടൻതറപ്പേലച്ചന്റെ പങ്ക് വളരെ വലുതാണ്. ഇട്ടിയേപ്പാറ (മാറിയിടം) സെന്റ് മേരിസ് എൽ. പി. സ്കൂൾ , മാനേജ്മെന്റ് ഏറ്റെടുത്ത് നിലനിർത്തിയതിന്റെ പിന്നിലും അച്ചന്റെ ദീർഘവീക്ഷണമാണ്. അച്ചന്റെ ശ്രമഫലമായാണ് കടപ്ലാമറ്റത്ത് ഒരു കന്യാസ്ത്രീമഠം സ്ഥാപിതമായതും.
സ്നേഹത്തിലൂടെ സേവനം, പ്രാർത്ഥനയിലൂടെ സംസ്കരണം, എളിമയിലൂടെ ഭരണം എന്നതായിരിക്കണം തന്റെ ജീവിതമന്ത്രം എന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. പ്രാർത്ഥനയോടൊപ്പം ഉപവാസത്തിനും പ്രായശ്ചിത്തപ്രവൃത്തികൾക്കും കുട്ടൻതറപ്പേൽ അച്ചൻ പ്രഥമസ്ഥാനം നൽകിയിരുന്നു. ആരുടെ മുമ്പിലും എളിമപ്പെടാൻ അദ്ദേഹത്തിന് യാതൊരു മടിയും ഉണ്ടായിരുന്നില്ല.
നാനാജാതിമതസ്ഥരായ അനേകം ആളുകൾ ദിനംപ്രതി കടപ്ലാമറ്റം പള്ളിയുടെ ഉള്ളിലുള്ള അദ്ദേഹത്തിന്റെ കബറിടത്തിങ്കൽ എത്തിച്ചേരുകയും മാദ്‌ധ്യസ്ഥം യാചിക്കുകയും അനുഗ്രഹങ്ങൾ പ്രാപിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ 67-ാം അനുസ്മരണ ദിനമായ സെപ്റ്റംബർ 7-ാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് ഷിക്കാഗോ രൂപതയുടെ പ്രഥമമെത്രാൻ മാർ ജേക്കബ് അങ്ങാടിയാത്ത് ആഘോഷമായ വി. കുർബാന അർപ്പിച്ച് അനുസ്മരണ സന്ദേശം നൽകും. തുടർന്ന് കബറിടത്തിങ്കൽ ഒപ്പീസും ശ്രാദ്ധസദ്യയും നടക്കും. ശ്രാദ്ധസദ്യക്കുള്ള സാധനങ്ങൾ ഇടവകക്കാരും നാട്ടുകാരുമായുള്ള നാനാജാതി മതസ്ഥരായ ആളുകളാണ് പള്ളിയിൽ എത്തിക്കുന്നത്.
പരിപാടികൾക്ക് വികാരി റവ. ഫാ. ജോസഫ് മുളഞ്ഞനാൽ അസിസ്റ്റന്റ് വികാരി റവ. ഫാ. ജോൺ കൂറ്റാരപ്പള്ളിൽ ട്രസ്റ്റിമാരായ തോമസ് ജോസഫ് കൂരയ്ക്കനാൽ, ഷാജി ജോസ് മുണ്ടുവാങ്കൽ, മാത്തുക്കുട്ടി തോമസ് പാലാംതട്ടേൽ തുടങ്ങിയവർ നേതൃത്വം നൽകും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments