കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണ സംഖ്യ ഉയരുകയാണ്. മരണം 276 ആയി ഉയര്‍ന്നു. രാവിലെ കാലാവസ്ഥ തെളിഞ്ഞത് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. ബെയ്ലി പാലം നിര്‍മാണം പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ് സൈന്യം. രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ണായകമായ ബെയ്ലി പാലത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. രാത്രിയിലും തുടര്‍ന്ന പാലത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തിലെത്തി. കരസേനയുടെ അംഗങ്ങളാണ് പാലം നിര്‍മ്മിക്കുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ മുണ്ടക്കൈ ഭാഗത്തുള്ള കരയില്‍ പാലം ബന്ധിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. ഉച്ചയ്ക്ക് ശേഷം പണി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പണി പൂര്‍ത്തീകരിച്ചാല്‍ ജെസിബി വരെയുള്ള വാഹനങ്ങള്‍ ബെയിലി പാലത്തിലൂടെ കടന്നുപോകാനാവും.
ജില്ലയില്‍ അതിതീവ്ര മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ സാധ്യയുണ്ടെന്ന ജാഗ്രതാ നിര്‍ദ്ദേശവുമുണ്ട്. മുണ്ടക്കൈ പ്രദേശത്തു നിന്ന് കാണാതായ 240ഓളം പേര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്.
മൂന്നാം ദിവസവും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നുണ്ട്. നിലമ്പൂര്‍ പോത്തുകല്ലിലും ചാലിയാറിലൂടെ ഒഴുകിയെത്തുന്ന ശരീര ഭാഗങ്ങളും മൃതദേഹങ്ങളും കണ്ടെടുത്തു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
ദുരന്തത്തില്‍ തകര്‍ന്ന വെള്ളാര്‍മല സ്‌കൂളിനെ സംസ്ഥാനത്തെ മാതൃകാ സ്‌കൂള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മ്മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. അടിയന്തിരമായി ഇക്കാര്യത്തില്‍ നടപടി എടുക്കും. ഭൂകമ്പം ഉള്‍പ്പെടെ അതിജീവിക്കാന്‍ കഴിയുന്ന തരത്തിലുള്ള കെട്ടിടം സ്‌കൂളിന് നിര്‍മ്മിക്കും.
വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്ന സാഹചര്യത്തില്‍ വയനാട്ടിലേക്ക് അത്യാവശ്യ മല്ലാത്ത ഒരു വാഹനവും കടത്തിവിടില്ല. ദുരന്തനിവാരണ പ്രവര്‍ത്തനം തടസ്സമില്ലതെ നടത്തുന്നതിനും, സൈന്യത്തിന്റെയും, രക്ഷാപ്രവര്‍ത്തകരുടെയും വാഹനങ്ങള്‍ സുഗമമായി സഞ്ചരിക്കുന്നതിനും വേണ്ടിയാണ് നടപടി. തിരയാന്‍ കൂടുതല്‍ യന്ത്രങ്ങളെത്തിച്ചിട്ടുണ്ട്. 15 മണ്ണുമാന്തി യന്ത്രങ്ങള്‍ മുണ്ടക്കൈയില്‍ എത്തിച്ചു. കൂടുതല്‍ കട്ടിങ് മെഷീനുകളും ആംബുലന്‍സുകളും എത്തിക്കും. 82 ദുരിതാശ്വാസ ക്യാംപുകളിലായി 8302 പേരുണ്ട്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments