ഗണിതശാസ്ത്ര അദ്ധ്യാപനത്തോടൊപ്പം കൃഷിയും ജീവിതചര്യയാക്കിയ ഒരദ്ധ്യാപകനെ പരിചയപ്പെടാം. പാലാ സെൻ്റ്.തോമസ് HSS ലെ ഹയർ സെക്കൻഡറി ഗണിതശാസ്ത്ര അദ്ധ്യാപകനായ ശ്രീ. നോബി ഡൊമിനിക് സാർ. അദ്ദേഹം സ്കൂളിൽ കണക്ക് പഠിപ്പിക്കുന്നതോടൊപ്പം വിദ്യാർത്ഥികളെ ഉൾപ്പെടുത്തി സ്കൂളിൽ കർഷക ക്ലബിനും നേതൃത്വം കൊടുക്കുന്നു. ഗണിതശാസ്ത്ര അദ്ധ്യാപനത്തിൽ കർക്കശക്കാരനായ നോബി സാർ തൻ്റെ കൃഷിയിലുള്ള താല്പര്യം കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. പാഠഭാഗപഠനം നിശ്ചിത സമയത്ത് പൂർത്തിയാക്കാൻ എത്ര സ്പെഷ്യൽ ക്ലാസ്സ് എടുക്കുന്നതിനും അദ്ദേഹത്തിന് മടിയില്ല. യൂണിറ്റ് ടെസ്റ്റുകളും, റീ ടെസ്റ്റുകളും കൃത്യമായ ഇടവേളകളിൽ നടത്തി കുട്ടികളെ പൊതു പരീക്ഷയ്ക്ക് ഒരുക്കുന്നതിൽ ഒരു വിട്ടുവീഴ്ച്ചയ്ക്കും അദ്ദേഹം തയ്യാറല്ല.
ഇത്തരത്തിൽ പഠന പ്രവർത്തനങ്ങളിൽ ഒരു കുറവും വരുത്താതെയാണ് നോബി സാർ ഗണിതപാഠത്തിനൊപ്പം കൃഷിപാഠം കൂടി കുട്ടികളെ പഠിപ്പിക്കുന്നത്. എല്ലാ ദിവസവും രാവിലെ 8.30 ന് സ്കൂളിലെത്തുന്ന സാറിനൊപ്പം കൃഷിയിൽ താല്പര്യമുള്ള കുട്ടികളും ഉണ്ടാവും. അവർ പച്ചക്കറിത്തോട്ടത്തിൽ നനയും വളമിടലും പരിപാലനവുമായാണ് ദിവസം ആരംഭിക്കുന്നത്. ക്ലാസ്സ് കഴിഞ്ഞ് വൈകുന്നേരവുമുണ്ട് കൃഷിത്തോട്ടത്തിൽ പണികൾ .
നോബിസാർ കുട്ടികൾക്കൊപ്പം കൃഷിയിലെ ഓരോ കാര്യങ്ങളും കൂടെ നിന്ന് കാണിച്ച് കൊടുത്ത് ചെയ്യിക്കുമ്പോൾ കുട്ടികൾക്ക് കൃഷിയിൽ താല്പര്യം ജനിക്കുക മാത്രമല്ല, നല്ല ജൈവകൃഷിരീതിയിൽ അവർ സമർത്ഥരാവുകയുമാണ്. പൊതു അവധി ദിവസങ്ങളിൽ മിക്കവാറും സാറും കുട്ടികളും സ്കൂളിലെ പച്ചക്കറിത്തോട്ടത്തിലുണ്ടാവും. തക്കാളി, വഴുതന, പയർ, പാവൽ , മുളക്, ഇഞ്ചി, മഞ്ഞൾ,ഇങ്ങനെ വിവിധയിനം പച്ചക്കറികൾ സ്കൂളിൽ പരിപാലിക്കുന്നുണ്ട്. ഈ വർഷം ബന്ദിപ്പൂവ് കൃഷിയും ചെറിയ രീതിയിൽ ആരംഭിച്ചിട്ടുണ്ട്. സ്കൂളിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ സ്കൂളിൽ ലേലത്തിന് വയ്ക്കുകയാണ് പതിവ്. വിഷരഹിത പച്ചക്കറിയായതിനാൽ നല്ല ഡിമാൻ്റാണ്. പച്ചക്കറി വിറ്റ് കിട്ടുന്ന തുക കർഷക ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത്.
നോബിസാർ സ്വന്തം നാട്ടിലും മികച്ചൊരു കർഷകനാണ്. ജാതി, കൊക്കൊ, വാഴ, കരുമുളക്, കപ്പ, ചേന ചേമ്പ്, കാപ്പി, കമുക് തെങ്ങ്, റബ്ബർ,വാളം പുളി, മാവ്, പ്ലാവ്, കുടംപുളി, വിവിധയിനം പച്ചക്കറികൾ, തേനീച്ച കോളനി ഇങ്ങനെ സമ്പന്നമാണ് നോബി സാറിൻ്റെ വീട്ടിലെ കൃഷി. തീക്കോയി പഞ്ചായത്തിലെ സമ്മിശ്ര കർഷകനുള്ള ഈ വർഷത്തെ അവാർഡും നോബി സാറിന് തന്നെ. കഴിഞ്ഞ വർഷം AKCC പാലാ രൂപത ഏർപ്പെടുത്തിയ കർഷക അവാർഡും ഇദ്ദേഹത്തിനായിരുന്നു.
കഴിഞ്ഞ വർഷം മുതൽ പാലാ രൂപതയിൽ ആരംഭിച്ച കുട്ടികളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയ മികച്ച കൃഷിത്തോട്ടത്തിനുളള ഹയർ സെക്കൻഡറി വിഭാഗം അവാർഡ് പാലാ സെൻ്റ്.തോമസ് HSS ന് ലഭിച്ചതിൽ നോബി സാറിൻ്റെ പ്രവർത്തനം നിർണായകമായിരുന്നു. സകൂളിലെ റോവർ സ്കൗട്ട് ലീഡർ കൂടിയാണ് നോബി സാർ. നാഷണൽ സർവ്വീസ് സ്കീമുമായി ഒത്തുചേർന്നാണ് സാർ സ്കൂളിലെ കൃഷി ഏകോപിപ്പിക്കുന്നത്. NSS ൻ്റെ പ്രോഗ്രാം ഓഫീസർ ശ്രീമതി. അൽഫോൻസാ ജോസഫ് ടീച്ചറും എല്ലാ അദ്ധ്യാപകരും അനദ്ധ്യാപകരും പൂർണ്ണ പിന്തുണയുമായി സാറിനൊപ്പമുണ്ട്. തീക്കോയി മണിമല കാടൻകാവിൽ പരേതനായ കെ. എം. ഡൊമിനിക്കിൻ്റെയും മേരിക്കുട്ടി ഡൊമിനിക്കിൻ്റെയും മകനാണ് നോബി ഡൊമിനിക്ക്. ജോബിമോൻ ഡൊമിനിക്, റോണിയ ഡൊമിനിക് എന്നിവർ സഹോദരങ്ങളാണ്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments