Latest News
Loading...

കാവുംകണ്ടത്ത് മൊബൈൽ കവറേജ് ലഭിക്കുന്നില്ല.




കാവുംകണ്ടത്തും സമീപപ്രദേശങ്ങളിലും മൊബൈൽ കവറേജ് ലഭിക്കുന്നില്ല എന്ന് നാട്ടുകാരുടെ പരാതി. അടിയന്തര സാഹചര്യങ്ങളിൽ പോലും വിളിക്കുവാൻ പറ്റാത്ത സാഹചര്യമാണുള്ളത്. റേഞ്ച് കിട്ടാത്തതുമൂലം സ്കൂൾ കുട്ടികളുടെ ഓൺലൈൻ ക്ലാസുകൾക്ക് തടസ്സം നേരിടുന്നു. ഏതാനും മാസങ്ങളായി മൊബൈൽ കവറേജ് കിട്ടാത്തത് മൂലം ആശുപത്രി, സ്കൂൾ, ഓഫീസുകൾ തുടങ്ങിയ ആവശ്യസേവന മേഖലകളിലേക്ക് വിളിക്കുവാനും സാധിക്കുന്നില്ല. 




ഈ പ്രദേശത്തുള്ള വ്യവസായ സ്ഥാപനങ്ങളിൽ പണിയെടുക്കുന്നവരിൽ ഭൂരിഭാഗവും അന്യസംസ്ഥാന തൊഴിലാളികളാണ്. ഇവർക്ക് സ്വന്തം നാട്ടിലേക്ക് ബന്ധപ്പെടാൻ യാതൊരു മാർഗ്ഗവുമില്ല. എന്തെങ്കിലും അപകടമുണ്ടായാൽ ആംബുലൻസിനെ വിളിക്കുവാൻ പോലും റേഞ്ച് ഇല്ല. ഇക്കഴിഞ്ഞ ദിവസം ബസ് അപകടത്തിൽ ഗുരുതരമായ പരിക്ക് പറ്റിയ മറ്റത്തിപ്പാറ സ്വാദേശി പള്ളിപ്പടിക്കൽ ജിസ്സ് ജെയിംസിനെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസിനെ വിളിക്കാൻ പോലും റേഞ്ച് കിട്ടാത്ത അവസ്ഥയിലായിരുന്നു. 



ബി. എസ്. എൻ. എൽ., ജിയോ ഉപഭോക്താക്കളാണ് ഏറെയും. കാവുംകണ്ടത്തു നിന്നും രണ്ടര കിലോമീറ്റർ മാറി പിഴക് പള്ളിയുടെ സമീപത്താണ് ടവർ സ്ഥാപിച്ചിരിക്കുന്നത്. നാട്ടുകാർക്ക് യാതൊരു പ്രയോജനവും ലഭിക്കാത്ത നോക്കുകുത്തിയായി നിൽക്കുന്ന ടവറിന്റെ റേഞ്ച് പ്രശ്നത്തിന് ഉടൻ പരിഹാരം ഉണ്ടാക്കണമെന്ന് കാവുംകണ്ടം എ .കെ .സി . സി, പിതൃവേദി, എസ്. എം. വൈ .എം . സംഘടനകൾ ആവശ്യപ്പെട്ടു. കാവുംകണ്ടം കേന്ദ്രീകരിച്ച് പുതിയ ടവർ നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 




റേഞ്ച് പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികൾ സത്വര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജോജോ ജോസഫ് പടിഞ്ഞാറയിൽ മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. ഫാ. സ്കറിയ വേകത്താനം, ഡേവീസ്‌ 'കെ. മാത്യു. കല്ലറക്കൽ, ജോസ് കോഴിക്കോട്ട്, ജസ്റ്റിൻ മനപ്പുറത്ത്, രഞ്ജി തോട്ടാക്കുന്നേൽ, ടോം തോമസ് കോഴിക്കോട്ട്, ബിജു ഞള്ളായിൽ, ജോയൽ ആമിക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments