ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്‌നേഹദീപം പദ്ധതി നാടിന്റെ നന്മയുടെ പ്രതീകമാണെന്ന് കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും പ്രമുഖ കാര്‍ഡിയാക് സര്‍ജനുമായ ഡോ. റ്റി.കെ. ജയകുമാര്‍ അഭിപ്രായപ്പെട്ടു. വാസയോഗ്യമായ വീട് എന്നുള്ളത് ഏവരുടെയും വലിയ സ്വപ്നമാണ്. സ്വന്തം നിലയ്ക്ക് അതുനേടിയെടുക്കുവാന്‍ സാധ്യമാകാത്തവര്‍ക്ക് കൂട്ടായ്മയിലൂടെ നേടികൊടുക്കുന്നത് ഏറെ മാതൃകാപരമായ പ്രവര്‍ത്തനമാണെന്ന് അദ്ദേഹം പറഞ്ഞു. സ്‌നേഹദീപം പദ്ധതിപ്രകാരമുള്ള ഇരുപത്തിയേഴാം സ്‌നേഹവീടിന്റെ താക്കോല്‍ സമര്‍പ്പണം കുമ്മണ്ണൂരില്‍ നിര്‍വ്വഹിക്കുകയായിരുന്നു ഡോ. ജയകുമാര്‍. കിടങ്ങൂര്‍ പഞ്ചായത്തില്‍ സ്‌നേഹദീപം പദ്ധതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഏഴാം സ്‌നേഹവീടാണിത്. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ അദ്ധ്യക്ഷതവഹിച്ചു.
കടപ്ലാമറ്റം പള്ളി വികാരി ഫാ. ജോസഫ് മുളഞ്ഞനാല്‍ വെഞ്ചിരിപ്പ് കര്‍മ്മം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ സ്‌നേഹദീപം കിടങ്ങൂര്‍ പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ പ്രൊഫ.ഡോ. മേഴ്‌സി ജോണ്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശോക് കുമാര്‍ പൂതമന സ്‌നേഹദീപം സൊസൈറ്റി ഭാരവാഹികളായ ഗിരീഷ് കുമാര്‍ ഇലവുങ്കല്‍, എം. ദിലീപ് കുമാര്‍, എന്‍.എസ്. ഗോപാലകൃഷ്ണന്‍നായര്‍ നിരവത്ത്, വി.കെ. സുരേന്ദ്രന്‍, പി.റ്റി.ജോസ് പാരിപ്പള്ളില്‍, സതീഷ് ചേര്‍പ്പുങ്കല്‍, ജെയ്‌സണ്‍ പുളിക്കല്‍, കുഞ്ഞുമോന്‍ ചേലാമറ്റം എന്നിവര്‍ പ്രസംഗിച്ചു.
സ്‌നേഹദീപം പദ്ധതിയിലെ ഇരുപത്തിയെട്ടാം വീടിന്റെ നിര്‍മ്മാണം കൊഴുവനാല്‍ പഞ്ചായത്തിലെ തോടനാലും ഇരുപത്തിയൊമ്പതാം വീടിന്റെ നിര്‍മ്മാണം മുത്തോലി പഞ്ചായത്തിലെ പടിഞ്ഞാറ്റിന്‍കരയിലും പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മയില്‍ സ്‌നേഹദീപം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊഴുവനാല്‍ പഞ്ചായത്തിലെ കെഴുവംകുളത്തും മുത്തോലി പഞ്ചായത്തിലെ പന്തത്തലയിലും കിടങ്ങൂര്‍ പഞ്ചായത്തിലെ മണ്ണികക്കുന്നിലും അകലക്കുന്നം പഞ്ചായത്തിലെ മറ്റപ്പള്ളിയിലുമായി നാല് വീടുകളുടെ നിര്‍മ്മാണം ഡിസംബര്‍ രണ്ടാംവാരത്തോടെ പൂര്‍ത്തീകരിക്കുന്നതാണ്. മുപ്പത്തിനാലാം സ്‌നേഹവീടിന്റെ നിര്‍മ്മാണം കെഴുവുംകുളത്ത് നടന്നുവരികയാണ്.
സ്‌നേഹദീപം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ കിടങ്ങൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്റെ പരിധിയിലുള്ള കിടങ്ങൂര്‍, മുത്തോലി, കൊഴുവനാല്‍, എലിക്കുളം, അകലക്കുന്നം പഞ്ചായത്തുകളിലാണ് ഇപ്പോള്‍ നടന്നുവരുന്നത്. മീനച്ചില്‍ പഞ്ചായത്തിലേക്കും സ്‌നേഹദീപം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അറിയിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments