Latest News
Loading...

പാലാ രൂപത എപ്പാർക്കിയൽ അസംബ്ലിക്ക് പ്രൗഡോജ്ജ്വല തുടക്കംമാർത്തോമ്മാശ്ലീഹായുടെ ഭാരതപ്രവേശനദിനത്തിന്റെ ഓർമ്മകളിൽ നിറഞ്ഞ് പാലാ രൂപത മൂന്നാമത് എപ്പാർക്കിയൽ അസംബ്ലിക്ക് തുടക്കമായി. മൂന്ന് ദിനം നീളുന്ന അസംബ്ലി സീറോമലബാർ സഭാതലവൻ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. വിഷമങ്ങൾ സഹിച്ചാലും ഇതരക്രൈസ്തവ സഭാസംവിധാനങ്ങളോട് ചേർന്ന് ക്രൈസ്തവ ധാർമികത സമൂഹത്തിന് സമ്മാനിക്കാൻ സഭയ്ക്ക് കഴിയണമെന്നും സഭാസമ്മേളനങ്ങളുടെ ശൈലി ഇതാകണമെന്നും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. പാലാ രൂപത പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ വയലിലിന്റെ 37-ാം അനുസ്മരണ വാർഷിക ദിനമെന്നനിലയിൽ മാർ സെബാസ്റ്റ്യൻ വയലിലിന്റെ ഓർമ്മകളും അസംബ്ലിയിൽ നിറഞ്ഞുയർന്നു.

പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട് അധ്യക്ഷത വഹിച്ചു. ക്‌നാനായ സമുദായ  വലിയമെത്രാപ്പോലീത്ത ആർച്ച്ബിഷപ് കുര്യാക്കോസ് മാർ സെവേറിയോസ്, പാലാ രൂപത മുഖ്യവികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ, രൂപത ചാൻസിലർ റവ.ഡോ. ജോസഫ് കുറ്റിയാങ്കൽ എന്നിവർ പ്രസംഗിച്ചു. പാലാ രൂപത മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ, ഗ്രേറ്റ്ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, ഷംഷാബാദ് രൂപത സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ എന്നിവർ പങ്കെടുത്തു.


മുഖ്യവികാരിജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ, വികാരി ജനറാൾമാരായ മോൺ. ഡോ. ജോസഫ് മലേപറമ്പിൽ, മോൺ. ഡോ. സെബാസ്റ്റിയൻ വേത്താനത്ത്, മോൺ. ഡോ. ജോസഫ് കണിയോടിക്കൽ, രൂപത എഡ്യൂക്കേഷണൽ കോർപ്പറേറ്റ് സെക്രട്ടറി ഫാ. ബർക്ക്മാൻസ് കുന്നുംപുറം എന്നിവർ അജപാലന ശുശ്രൂഷാസംബന്ധിയായ പങ്കുവെയ്ക്കൽ നടത്തി. ഗ്രേറ്റ്ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, റവ.ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ, റവ.ഡോ. പോളി മണിയാട്ട്, ഡോ. വി.പി ദേവസ്യ, ബിനോയി ജോൺ അമ്പലംകട്ടയിൽ എന്നിവർ വിവിധവിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
രണ്ടാംദിവസമായ ബുധൻ ആറിന് അസംബ്ലി ആരംഭിക്കും. 6.30ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട് വിശുദ്ധകുർബാനയർപ്പിക്കും. കാർഷിക മേഖലയുടെ കുതിപ്പും കിതപ്പും ക്രൈസ്തവ സഭാസംഭാവനകൾ- രാജ്യാന്തര കാഴ്ചപ്പാടുകൾ എന്നിവിഷയത്തിൽ അഡ്വ.വി.സി സെബാസ്റ്റ്യനും കുടുംബങ്ങളും സ്ത്രീശാസ്തീകരണവും എന്നവിഷയത്തിൽ ഷേർളി ചെറിയാൻ മഠത്തിപറമ്പിലും ആനുകാലിക വിശ്വാസപരിശീലനം എന്നവിഷയത്തിൽ ഡോ. അലക്‌സ് ജോർജ് കാവുകാട്ടും കേരളത്തിലെ സാമൂഹിക-സാമ്പത്തിക പ്രതിസന്ധികൾ എന്നവിഷയത്തിൽ തലശ്ശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംബ്ലാനിയും ക്ലാസുകൾ നയിക്കും.
 വിവിധവിഷയങ്ങളെ അധികരിച്ചുള്ള ചർച്ചകളും റിപ്പോർട്ട് അവതരണവും അസംബ്ലിയുടെ ഭാഗമായി നടക്കും. സമാപനദിനത്തിൽ മാർ ജോസഫ് കൊല്ലംപറമ്പിൽ, സിസ്റ്റർ മേരി ആൻ, അഡ്വ. സാം സണ്ണി, സിജു കൈമാനാൽ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും.


പാരമ്പര്യങ്ങളാൽ സഭ സമ്പന്നമാകണം: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

പാലാ:  പാരമ്പര്യങ്ങൾ യുവജനങ്ങളിലേക്കും കുട്ടികളിലേക്കും കൈമാറ്റം ചെയ്യണമെന്ന് സീറോമലബാർ സഭാതലവൻ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. പാലാ രൂപത മൂന്നാമത് എപ്പാർക്കിയൽ അസംബ്ലിയുടെ ഉദ്ഘാടനം നിർവഹിച്ച് സന്ദേശം നൽകുകയായിരുന്നു മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി.
തുടരുന്ന പാരമ്പര്യങ്ങളിലൂടെ സഭ സമ്പന്നമാകണം. ദേശീയതയിൽ ഇഴുകിച്ചേരാനും രാഷ്ട്രസൃഷ്ടിയിൽ പങ്കാളികളാകാനും സഭയ്ക്ക് കഴിയണം. ദരിദ്രരേയും പാർശ്വവൽക്കരിക്കപ്പെട്ടവരേയും തേടിയിറങ്ങണം.  സവിശേഷങ്ങളായ സാക്ഷ്യങ്ങൾ നൽകാൻ ക്രൈസ്തവസമൂഹത്തിന് കഴിയണമെന്നും കർദ്ദിനാൾ മാർ ആലഞ്ചേരി പറഞ്ഞു. ലോകസഭയ്ക്ക് പ്രത്യേകിച്ച് ഭാരതസഭയ്ക്ക് തനതായ സംഭാവനനൽകാൻ പാലാ രൂപതയ്ക്ക് കഴിഞ്ഞിട്ടുള്ളതായും മാർ ആലഞ്ചേരി പറഞ്ഞു.  
സുവിശേഷമൂല്യങ്ങളിൽ നിറഞ്ഞ് ജീവിക്കണമെന്നും സുവിശേഷം ജീവിക്കാനുള്ളതാണെന്നും ക്‌നാനായ സമുദായ വലിയ മെത്രാപ്പോലീത്ത ആർച്ച്ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് പറഞ്ഞു. എല്ലാവരേയും ചേർത്ത്പിടിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് എപ്പാർക്കിയൽ അസംബ്ലിയെന്നും അസംബ്ലിയിൽ പങ്കെടുക്കുന്നവർ പന്തക്കുസ്തയായി സമൂഹത്തിൽ മാറണമെന്നും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട് പറഞ്ഞു.മാർ സെബാസ്റ്റിയൻ വയലിലിന്റെ ഓർമ്മകളിൽ നിറഞ്ഞ അസംബ്ലി

പാലാ : രൂപതയുടെ മൂന്നാമത് എപ്പാർക്കിയൽ അസംബ്ലി  മാർ സെബാസ്റ്റ്യൻ വയലിലിന്റെ ഓർമ്മകളിൽ നിറഞ്ഞു. രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാർ സെബാസ്റ്റ്യൻ വയലിലിന്റെ 37-ാം അനുസ്മരണ വാർഷികദിനമായിരുന്ന ഇന്നലെ ആരംഭിച്ച സിനഡിൽ ഉദ്ഘാടനവേദിയിൽ സന്ദേശം നൽകിയവരെല്ലാം മാർ വയലിലിന്റെ സേവനങ്ങളെ പ്രത്യേകം അനുസ്മരിച്ചു. അസംബ്ലിക്ക് ആതിഥ്യമരുളിയ ഹാളും മാർ സെബാസ്റ്റ്യൻ വയലിലിന്റെ നാമത്തിലുള്ളതായിരുന്നുവെന്ന പ്രത്യേകതയുമുണ്ടായിരുന്നു.
പാലാ രൂപത പ്ലാറ്റിനം ജൂബിലിയിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി നടക്കുന്ന എപ്പാർക്കിയൽ അസംബ്ലിയെന്നതും പ്രത്യേകതയായിരുന്നു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
   
Post a Comment

0 Comments