Latest News
Loading...

അനുമതി നഗരസഭ റദ്ദു ചെയ്ത് തുടർ നിർമ്മാണം തടയണം - യു ഡി എഫ് കൺസിലർമാർ




പാലാ നഗരസഭ മൂന്നാനി ഭാഗത്ത് ഇൻഡസ് മോട്ടോർ കമ്പനി നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചുകൊണ്ട് പൂർത്തീകരിച്ച ഓട്ടോമൊബൈൽ വർക്ക്ഷോപ്പിനും സർവ്വീസ് സ്റ്റേഷനും നൽകിയ ബിൽഡിംഗ് പെർമിറ്റും ഒക്യുപെൻസി സർട്ടിഫിക്കറ്റും നഗരസഭ റദ്ദ് ചെയ്ത് തുടർ നിർമ്മാണ പ്രവർത്തനങ്ങൾ തടയണമെന്ന് യുഡിഎഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു.

നിയമങ്ങൾ പാലിക്കാതെ ഇൻഡസ് മോട്ടോർ കമ്പനിക്ക് സർവ്വീസ് സ്റ്റേഷൻ തുടങ്ങുന്നതിന് അനുമതി നൽകി ഒത്താശ ചെയ്തു കൊടുത്ത നഗരസഭ അധികാരികളുടെ ജനവിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് കൗൺസിലർമാർ പ്രതിപക്ഷ നേതാവ് പ്രൊഫ.സതീശ് ചൊള്ളാനിയുടെ നേതൃത്വത്തിൽ നഗരസഭ സെക്രട്ടറിയുടെ ഓഫീസ് പടിക്കൽ പ്രതിഷേധ സമരം നടത്തി.  കൗൺസിലർമാരായ ജോസ്  എടേട്ട്, പ്രിൻസ് വി സി ,ആനി ബിജോയി, സിജി ടോണി, ലിസിക്കുട്ടി മാത്യു, ലിജി ബിജു തുടങ്ങിയവർ പങ്കെടുത്തു.




25-02-2021 ൽ സർക്കാർ അംഗീകരിച്ച പാലാ നഗരസഭ മാസ്റ്റർ പ്ലാൻ പ്രകാരം മോട്ടോർ കമ്പനിയുടെ സർവ്വീസ് സ്റ്റേഷനും 
വർക്ക്ഷോപ്പും സ്ഥിതി ചെയ്യുന്നത് റസിഡൻഷ്യൽ സോൺ  ഏരിയായിലാണ്.

പ്രസ്തുത സോണിൽ ഇൻഡസ്ട്രിയൽ ബിൽഡിംഗ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് അനുവദനീയമല്ല. നഗരസഭ നിർമ്മാണ അനുമതി നൽകിയത് മാസ്റ്റർ പ്ലാനിലെ മേഖലാ നിയന്ത്രണ ചട്ടങ്ങൾ ലംഘിച്ചാണ്. കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ റൂൾ 17 അനുസരിച്ച് ജീവനോ സ്വത്തിനോ ആരോഗ്യത്തിനോ ഹാനികരമെങ്കിൽ അനുവദിച്ച ഏതൊരും പെർമിറ്റും നഗരസഭ സെക്രട്ടറിക്ക് റദ്ദു ചെയ്യാം.

ഇൻഡസ് മോട്ടോർ സ്ഥാപനത്തിൻ്റെ വർക്ക്ഷോപ്പ് നിർമ്മിച്ചിരിക്കുന്നത് മാസ്റ്റർ പ്ലാനിൽ വ്യക്തമാക്കിയതുപോലെ ആദ്യം വെള്ളം കയറുകയും അവസാനം വെള്ളം ഇറങ്ങുകയും ചെയ്യുന്ന വെള്ളപ്പൊക്ക ഭീക്ഷണിയുള്ള ഹൈറിസ്ക് പ്രദ്ദേശമായ മൂന്നാനിയിലാണ്. ഓയിൽ, ഗ്രീസ്, പെട്രോൾ, ഡീസൽ,, മറ്റ് രാസപദാർത്ഥങ്ങൾ തുടങ്ങിയവ മണ്ണിൽ ചേർന്ന് കുടിവെള്ള സ്രോതസ്സുകൾ മലിനമാക്കുകയും അതുവഴി മൂന്നാനിയിലെ ജനങ്ങളുടെ ജീവനെയും ആരോഗ്യത്തെയും ഗുരുതരമായി ബാധിക്കുകയും ചെയ്യും.



കെട്ടിട നിർമ്മാണ റൂൾ 17 പ്രകാരം വെള്ളം വാർന്നു പോകാത്ത പ്രദേശ'ങ്ങളിലോ ,വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങളില്ലോ നിർമ്മാണം കൊണ്ട് ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും ഹാനികരമാകുന്ന പ്രദേശങ്ങളിലോ കെട്ടിട നിർമ്മാണം നടത്താൻ പാടുള്ളതല്ല.


ഓട്ടോമൊബൈൽ സർവ്വീസ് സ്റ്റേഷനും വർക്ക്ഷോപ്പിനും നൽകിയ ബിൽഡിംഗ് പെർമിറ്റും ഒക്യുപെൻസി സർട്ടിഫിക്കറ്റും റദ്ദ് ചെയ്ത് സ്ഥാപനം അനധികൃത കെട്ടിടമായി രേഖപ്പെടുത്തണമെന്നും 
2023-24 വർഷത്തേക്ക് ലൈസൻസിനായി കമ്പനി നൽകിയ അപേക്ഷ നിരസിക്കണമെന്നും അല്ലാത്തപക്ഷം യു ഡി എഫിൻ്റെ നേതൃത്വത്തിൽ മൂന്നാനിയിലെ ജനങ്ങൾക്കു വേണ്ടി വമ്പിച്ച ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രൊഫ.സതീശ് ചൊള്ളാനി അറിയിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments