പാലാ: ഇസ്രായേൽ യുദ്ധപ്രഖ്യാപനം നടത്തിയ സാഹചര്യത്തിൽ മേഖലയിലെ മലയാളികളുടെ സുരക്ഷ ലക്ഷ്യമാക്കി അടിയന്തിര രക്ഷാപ്രവർത്തനങ്ങൾ ഉടനടി ആരംഭിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ എന്നിവരോട് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു.
മേഖലയിലെ സ്ഥിതി ഭയാനകമാണെന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ അവിടെയുള്ള മലയാളികളുമായി ആശയവിനിമയം നടത്തി. അവിടെയുള്ള ആളുകളുമായി നിരന്തരം സമ്പർക്കം പുലർത്തി വരികയാണ്. 72 മണിക്കൂർ നേരത്തേയ്ക്കുള്ള സാധനസാമിഗ്രികൾ തയ്യാറാക്കി ഇരിക്കാൻ ഇസ്രായേൽ നിർദ്ദേശം നൽകി കഴിഞ്ഞതായി അവിടെ നിന്നുള്ളവർ അറിയിച്ചിട്ടുണ്ട്. ഇൻ്റർനെറ്റ്, വാർത്താവിനിമയ സൗകര്യങ്ങൾ തത്ക്കാലികമായി തടസ്സപ്പെടാനുള്ള സാധ്യതയും അവിടെ നിന്നുള്ളവർ പറഞ്ഞു.
മേഖലയിൽ ധാരാളം കേരളീയർ താമസിക്കുന്നുണ്ട്. ദിനംപ്രതി കേരളീയരുടെ ജീവിതം കൂടുതൽ ദുസ്സഹമായിക്കൊണ്ടിരിക്കുകയാണ്. പല രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ രക്ഷിക്കാൻ രക്ഷാപ്രവർത്തനങ്ങളും പലായനങ്ങളും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ടെന്ന് മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി.
അടിയന്തിര സാഹചര്യത്തിൽ ബന്ധപ്പെടാൻ പാലാക്കാർക്ക് സൗകര്യം
പാലാ: യുദ്ധസാഹചര്യത്തിൽ പാലായിൽ നിന്നും മേഖലയിലുള്ളവർക്കു അടിയന്തിര സാഹചര്യത്തിൽ ബന്ധപ്പെടാൻ സൗകര്യമേർപ്പെടുത്തിയതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. അടിയന്തിര സാഹചര്യത്തിൽ 8848354369 എന്ന വാട്ട്സ് ആപ്പ് വിവരങ്ങൾ അറിയിക്കാവുന്നതാണ്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എം എൽ എ യുടെ പ്രസ് സെക്രട്ടറി എബി ജെ ജോസിനെ ചുമതലപ്പെടുത്തി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments