Latest News
Loading...

പാലാ ജനറല്‍ ആശുപത്രിയില്‍ ആരോഗ്യവകുപ്പ് മന്ത്രിയുടെ സന്ദര്‍ശനം ജില്ലയിലെ ജനറൽ ആശുപത്രികളും താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രികളും നേരിട്ട് സന്ദർശിച്ച് വിലയിരുത്തുന്നതിൻ്റെ ഭാഗമായി ഇന്ന് പാലാ ജനറൽ ആശുപത്രിയിലെത്തിയ ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോർജിന് ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ആശുപത്രി അധികൃതരും ചേർന്ന് സ്വീകരണം നൽകി. ആശുപത്രിയിലെത്തിയ മന്ത്രി വിവിധ ചികിത്സാ വിഭാഗങ്ങളിലും കിടപ്പു രോഗികളുടെ മുറികളിലും എത്തി രോഗികളുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു. ജീവനക്കാരുമായി വിവരങ്ങൾ തിരക്കി. ചുരുങ്ങിയ ചെല വിൽ കൂടുതൽ ഡയാലിസിസ് സൗകര്യം വേണമെന്ന ആവശ്യവുമായി നിരവധി പേർ മന്ത്രിയെ സമീപിച്ചു.
നവീന കെട്ടിട സമുച്ചയങ്ങളും വെളളവും വൈദ്യുതിയും ജീവനക്കാരും ഉപകരണങ്ങൾ ഉൾപ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുള്ള ആശുപത്രിയിലെ ചികിത്സാ വിഭാഗങ്ങൾ വർദ്ധിപ്പിച്ച് കൂടുതൽ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ ആരംഭിക്കണമെന്ന് മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ആവശ്യപ്പെട്ടു.ഈ ആശുപത്രിക്കായി അനുവദിക്കുകയും ഇവിടെ ഉണ്ടായിരുന്നതുമായ നിരവധി തസ്തികകളും ചികിത്സാ വിഭാഗങ്ങളും പല തവണകളായി മററ് ആശുപത്രികളിലേക്ക് കടത്തികൊണ്ടു പോയത് തിരികെ എത്തിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ലഭ്യമായ തുക പോലും ചിലവ ഴിച്ച് ഉപകരണങ്ങൾ വാങ്ങുന്നതിനു പോലും തയ്യാറാവുന്നില്ല എന്ന് അവർ കുറ്റപ്പെടുത്തി. സങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് പദ്ധതി നടപ്പിലാക്കുന്നില്ല എന്ന് അവർ പറഞ്ഞു.


ഡിജിറ്റൽ എക്സറേ കേടായിട്ട് മാസങ്ങൾ കഴിഞ്ഞു, അൾട്രാസൗണ്ട് സ്കാനറും ഗുണപ്രദമാകുന്നില്ല എന്ന് അവർ മന്ത്രിയെ ധരിപ്പിച്ചു. 5000-ൽ പരം ക്യാൻസർ രോഗികൾ ചികിത്സ തേടുന്ന ഇവിടെ റേഡിയോ തെറാപ്പി ചികിത്സാ സൗകര്യം സജ്ജീകരിക്കുന്നതിനായുള്ള കെട്ടിട സൗകര്യം ലഭ്യമാക്കണമെന്നതും ഡയാലിസിസ് മൂന്ന് ഷിഫ്ട് ക്രമീകരിക്കുന്നതിനും ഇൻഷ്വറൻസ് പരിരക്ഷ ഇല്ലാത്തവർക്ക് ചുരുങ്ങിയ ചിലവിൽ ഡയാലിസിസ് സൗകര്യം ഒരുക്കണമെന്നും ആവശ്യമുയർന്നു.പകരം ഡോക്ടറെ നിയമിക്കാതെ നിലവിലുള്ള ഡോക്ടറെ മാറ്റിയതുമൂലം നേത്രശസ്ത്രക്രിയ മാസങ്ങളായി മുടങ്ങിയിരിക്കുന്നതായും ഇത് എത്രയും വേഗം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ടു. ഹൃദ്‌രോഗ ചികിത്സാ വിഭാഗം ഒ.പി എല്ലാ ദിവസവും വേണം എന്നും അവർ പറഞ്ഞു. മാണി.സി കാപ്പൻ എം എൽ .എ പ്രത്യേക നിവേദനം സമർപ്പിച്ചു - ആയൂർവേദ, ഹോമിയോ ആശുപത്രികൾക്കും കൂടുതൽ സൗകര്യം ഏർപ്പെടുത്തണമെന്ന് കാപ്പൻ അഭ്യർത്ഥിച്ചു. സൂപ്രണ്ടിനെതിരെ കർശന നടപടി ഉണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നഗരസഭാ ചെയർപേഴ്സൺ ജോസിൻ ബിനോയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം സമർപ്പിച്ചു.


എന്തിനും ഏതിനും മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുന്നത്‌ ഒഴിവാക്കണമെന്ന് മുൻ സ്റ്റാൻഡിംഗ കമ്മിററി ചെയർമാൻ ബൈജു കൊല്ലം പറമ്പിൽ മന്ത്രി യോട് അഭ്യർത്ഥിച്ചു.എൽ.ഡി.എഫിൻ്റെ നിവേദനം ഏരിയ സെക്ടറി പി.എം.ജോസഫും ഷാർളി മാത്യുവും ചേർന്ന് സമർപ്പിച്ചു.നഗരസഭാ വൈസ് ചെയർപേഴ്സൺ സിജി പ്രസാദ്, ബിജി ജോജോ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഷാജു തുരുത്തൻ പി.എം.ജോസഫ്., ഷാർളി മാത്യു, ബിജു പാലൂപവൻ, കെ.എസ്.രമേശ് ബാബു, പീറ്റർ പന്തലാനി, പി.കെ.ഷാജകുമാർ, നഗരസഭാ കൗൺസിലർമാരായ ബൈജു കൊല്ലംപറമ്പിൽ, ലീന സണ്ണി, ജോസ് ചീരാംകുഴി ,സാവിയോ കാവുകാട്ട്, മായാപ്രദീപ്, ബിന്ദു മനു, ആർ.സന്ധ്യ എന്നിവരും , വിവിധ കക്ഷി നേതാക്കളും  മന്ത്രിയ്ക്ക് മുമ്പാകെ ആവശ്യങ്ങൾ പങ്കുവച്ചു..

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
   
Post a Comment

0 Comments