പഞ്ചസാരയും ആയുര്‍വേദ വിഭവങ്ങളും മാത്രം ഉപയോഗിച്ച് വിശേഷപ്പെട്ട നിലയില്‍ ചാരായം നിര്‍മ്മിച്ച് ഓര്‍ഡര്‍ അനുസരിച്ച് ആവശ്യക്കാര്‍ക്ക് രഹസ്യമായി വിതരണം ചെയ്തു വന്ന പുതുപ്പള്ളി സ്വദേശിയെ 2 ലിറ്റര്‍ ചാരായവുമായി എക്‌സൈസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി പയ്യപ്പാടി വെണ്ണിമല ഭാഗത്ത് മൂലേകുന്നേല്‍ ജോര്‍ജ്ജ് റപ്പേല്‍ (42) ആണ് പിടിയിലായത്. രഹസ്യമായി വന്‍തോതില്‍ നടത്തിവന്ന വാറ്റ് കേന്ദ്രവും കണ്ടെത്തി. വീട്ടിനുള്ളില്‍ തന്നെ 2 പ്ലാസ്റ്റിക് ബാരലുകളിലായി 300 ലിറ്റര്‍ കോടയും കണ്ടെടുത്തു.
കോട്ടയം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അല്‍ഫോന്‍സ് ജേക്കബും പാര്‍ട്ടിയും ചേര്‍ന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പുതുപ്പള്ളി വെണ്ണിമല സ്വദേശിയായ ജോര്‍ജ്ജ് 2 വര്‍ഷത്തിലേറെയായി നാട്ടുകാര്‍ക്ക് മുന്നില്‍ തികഞ്ഞ ദൈവഭക്തിയും പ്രാര്‍ത്ഥനയുമായി നടന്നിരുന്ന ആളാണെന്ന് എക്‌സൈസ് പറയുനനു. നാട്ടുകാര്‍ക്കും അയല്‍ക്കാര്‍ക്കും വേണ്ടപ്പെട്ടവനും പൊതു കാര്യ പ്രസക്തനുമായി പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ അതീവ രഹസ്യമായാണ് ചാരായം തയാറാക്കിയിരുന്നത്. പുതുപ്പള്ളിക്ക് പുറത്തു നിന്നുള്ള ആവശ്യക്കാര്‍ക്കാണ് പ്രതി ചാരായം വിതരണം നടത്തിയിരുന്നത്.
പുതുപ്പള്ളി പയ്യപ്പാടി റോഡില്‍ വെച്ചാണ് ജോര്‍ജ്ജിനെ കസ്റ്റഡിയിലെടുത്തത്. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റും കസ്റ്റഡിയിലെടുത്തു. അയല്‍ക്കാര്‍ അറിയാതായൊണ് ചാരായം തയാറാക്കിയിരുന്നത്. വീട്ടിനുള്ളില്‍ കോടയുടെയും ചാരായ വാറ്റ് നടത്തുമ്പോള്‍ ഉണ്ടാകുന്ന ഗന്ധവുമൊഴിവാക്കാന്‍ സുഗന്ധദ്രവ്യങ്ങള്‍ പുകച്ച് ചാരായ നിര്‍മ്മാണത്തിനുള്ള വാറ്റ് ഉപകരണങ്ങള്‍ സെറ്റ് ചെയ്ത് തയ്യാറാക്കി വെച്ച നിലയിലാണ് കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത സമയത്തും തുടര്‍ന്നും പ്രതിയുടെ ഫോണിലേക്ക് ചാരായം ആവശ്യപ്പെട്ട് കോളുകള്‍ വന്നുകൊണ്ടിരുന്നു. ഫോണിലേക്ക് വന്ന കോളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതിയെയും തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. പട്രോള്‍ പാര്‍ട്ടിയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസര്‍മാരായ K.R. ബിനോദ്, K N വിനോദ്, അനു വി. ഗോപിനാഥ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രദീപ് M.G, പ്രശോഭ് K.V, ശ്യാം ശശിധരന്‍, രജിത്കൃഷ്ണ, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ വിജയരശ്മി എന്നിവരും പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments