Latest News
Loading...

ശതാബ്ദി നിറവില്‍ കൊഴുവനാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക്
സ്വാതന്ത്ര്യ പുലരിയ്ക്ക് വളരെ മുമ്പുതന്നെ 1921 ല്‍ തുടക്കം കുറിച്ച 213-ാം നമ്പര്‍ കൊഴുവനാല്‍ 'സുമാര്‍ഗപ്രകാശിനി'  എന്ന പരസ്പര സഹായ സഹകരണ സംഘമാണ് കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ശതാബ്ദി ആഘോഷിക്കുന്ന കൊഴുവനാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക്. കൊഴുവനാല്‍ പള്ളിയുടെ അസിസ്റ്റന്റ് വികാരിയായിരുന്ന യശഃശരീരനായ റവ. ഫാ. തോമസ് തൊട്ടിയിലിന്റെ നേതൃത്വത്തിലാണ് സംഘം രൂപീകൃതമായത്. അദ്ദേഹമായിരുന്നു സംഘത്തിന്റെ സ്ഥാപക പ്രസിഡന്റും പ്രഥമ അംഗവും. 

റവ. ഫാ. തോമസ് മുട്ടത്തുപാടത്തു നിന്ന് നാലുമാസകാലാവധിയ്ക്ക് 7.5% പലിശയ്ക്ക് സ്വീകരിച്ച 7.5 ബ്രിട്ടീഷ് രൂപയാണ് സംഘം ആദ്യമായി സ്വീകരിച്ച നിക്ഷേപം. 1956 ല്‍ സംഘത്തെ വില്ലേജ് ബാങ്കായി ഉയര്‍ത്തി 1961 ല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് എന്ന പദവിയിലേയ്ക്ക് ബാങ്ക് ഉയര്‍ത്തപ്പെട്ടു. 
1965 ല്‍ ബാങ്ക് സ്വന്തമായി സ്ഥലം വാങ്ങുകയും പ്രസ്തുത സ്ഥലത്ത് ബാങ്ക് മന്ദിരം നിര്‍മ്മിക്കുകയും ചെയ്തു. 1981 ല്‍ കെഴുവംകുളത്ത് ബാങ്കിന്റെ ശാഖ പ്രവര്‍ത്തനം ആരംഭിച്ചു. 1996 ല്‍ ബാങ്കിന്റെ പ്ലാറ്റിനം ജൂബിലി സ്മാരകമായി പുതിയ സ്ഥലം വാങ്ങി മനോഹരമായ പ്ലാറ്റിനം ജൂബിലി മന്ദിരം നിര്‍മ്മിച്ചു. 2006 ല്‍ ചേര്‍പ്പുങ്കല്‍ പള്ളി ജംഗ്ഷനില്‍ ബാങ്കിന്റെ പുതിയ ഒരു ശാഖകൂടി ആരംഭിച്ചു. 2012 ല്‍ ബാങ്ക് ഹെഡാഫീസിനോട് അനുബന്ധിച്ച് പുതിയ നീതി മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചു.


2013 ല്‍ മേവടയില്‍ ബാങ്കിന്റെ ഒരു പുതിയ ശാഖകൂടി പ്രവര്‍ത്തനം ആരംഭിച്ചു. ബാങ്കിന് ഇപ്പോള്‍ കൊഴുവനാലില്‍ ഹെഡാഫീസും, കെഴുവംകുളം, ചേര്‍പ്പുങ്കല്‍, മേവിട എന്നിവിടങ്ങളില്‍ ശാഖകളും ഹെഡോഫീസിനോടനുബന്ധിച്ച് കൊഴുവനാലില്‍ നീതി മെഡിക്കല്‍ സ്റ്റോറും, കൊഴുവനാലും കെഴുവംകുളത്തും രണ്ട് വളം ഡിപ്പോകളും വളരെ കാര്യക്ഷമമായി പ്രവര്‍ത്തിച്ച് വരുന്നു.

റവ. ഫാ. തോമസ് തൊട്ടിയില്‍, ശ്രീ. മത്തായി ഉലഹന്നാന്‍ വെട്ടുവയലില്‍, എം.റ്റി. എബ്രാഹം മയിലാടിയില്‍, വി.എം. തോമസ് പറമ്പകത്ത്, എം.റ്റി. ജോര്‍ജ്ജ് മയിലാടിയില്‍, എം.എ. ചാക്കോ മാക്കീ മറ്റത്തില്‍, മാത്യു സ്‌കറിയ കൊട്ടുകാപ്പള്ളില്‍, വി.ഇ.എമ്മാനുവല്‍ നെടുംന്തകിടി, പി.ഐ.അബ്രാഹം പൊറുങ്ങനാല്‍, റ്റി.പി. ജോസഫ് ചൊള്ളമ്പുഴ, റ്റി.സി. അബ്രാഹം തലവയലില്‍, എന്‍.എസ്. കുമാരന്‍ വൈദ്യര്‍ ശ്രീഭവന്‍, വി.എ. അബ്രാഹം വെട്ടുവയലില്‍, അബ്രാഹം മാത്യു പൊന്നും പുരയിടം, അഡ്വ. മാത്യു മാന്തറ, ജോസഫ് ഔസേപ്പച്ചന്‍) നെടുംപുറം, പി.സി. ചെറിയാന്‍ പുളിക്കല്‍, പി.എ. പൊന്നും പുരയിടം എന്നിവര്‍ ബാങ്കിന്റെ പ്രസിഡന്റുമാരായി ത്യാഗോജ്വലമായ അനുഷ്ഠിച്ചവരാണ്. 110 കോടി രൂപാ നിക്ഷേപവും 35 കോടി രൂപ വായ്പയും ബാങ്കില്‍ നിലവില്‍ ഉണ്ട്. 1993-94 മുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു മാതൃകാ സഹകരണബാങ്കാണ് ഇത്. 1993 -94 മുതല്‍ 2021-2022 വരെയുള്ള കാലഘട്ടത്തില്‍ ആകെ 550 ശതമാനം ലാഭവിഹിതം ബാങ്ക് ബഹുമാനപ്പെട്ട ഓഹരിയുടമകള്‍ക്ക് നല്‍കിയിട്ടുണ്ട്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ബാങ്ക് നല്ല ലാഭത്തില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ചുവരുന്നു. മികച്ച സഹകരണ ബാങ്കിനുള്ള പുരസ്‌ക്കാരം നിരവധി തവണ ബാങ്കിന് ലഭിച്ചിട്ടുണ്ട്. ബാങ്ക് ഇപ്പോള്‍ ക്ലാസ് I സ്‌പെഷ്യല്‍ ഗ്രേഡ് വിഭാഗത്തിലാണ് പ്രവര്‍ത്തിക്കുന്നത് 


ശ്രീ. സാജന്‍ എം സിറിയക്ക് മണിയങ്ങാട്ട് പ്രസിഡന്റും, ശ്രീ. പി.എം. മാത്യു മുഴയില്‍ വൈസ് പ്രസിഡന്റും, ശ്രീ. പി.എം. അബ്രാഹം പന്തലാനിക്കല്‍ ട്രഷററും, ശ്രീ. പി.എ. തോമസ് പൊന്നും പുരയിടം, ശ്രീ. പി.ജി. ജഗന്നിവാസന്‍ പിടിക്കാപ്പറമ്പില്‍, ശ്രീ. ടിംസ് ജോസഫ് പോത്തന്‍ നെടുംപുറം, ശ്രീ. ജോസഫ് ജോര്‍ജ്ജ് മേക്കാട്ടുകുന്നേല്‍, ശ്രീ. ശ്രീകുമാര്‍ റ്റി.സി. തെക്കേടത്ത്, ശ്രീ. രമണന്‍ എം.കെ. വലിയപറമ്പില്‍, ശ്രീമതി. ആന്‍സമ്മ അഗസ്റ്റ്യന്‍ ചാവേലില്‍, ശ്രീമതി. ലിസ്സി മാത്യു വലിയപറമ്പില്‍, ശ്രീമതി. ലില്ലി ജോസഫ് ചെരിപുറം എന്നിവര്‍ അംഗങ്ങളുമായുള്ള ഭരണ സമിതിയാണ് ഇപ്പോള്‍ ബാങ്കിന്റെ ഭരണം നിര്‍വ്വഹിക്കുന്നത്. നിലവിലുള്ള ഭരണസമിതിയില്‍ അംഗമായിരിക്കെ ശ്രീ. ജെയിംസ് തോമസ് മറ്റത്തില്‍ 21.04.2021 ല്‍ ആകസ്മികമായി നിര്യാതനായി, ശ്രീ. ജോസഫ് ആന്റണി കൈമരപ്ലാക്കല്‍ ആണ് ബാങ്ക് സെക്രട്ടറി. 


   
Post a Comment

0 Comments