Latest News
Loading...

ഷെഡ് റോഡ് അടയ്‌ക്കരുത്: റെയിൽവേ മന്ത്രിയെ നേരിൽ കണ്ട് പരാതി നൽകി എംപി





കോട്ടയം: റെയിൽവേ സ്റ്റേഷൻ - ഗുഡ് ഷെഡ് റോഡ് അടയ്ക്കാനുള്ള റെയിൽവേ അധികൃതരുടെ തീരുമാനം പിൻവലിക്കണമെന്ന് ന്യൂഡൽഹിയിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെ നേരിട്ട് കണ്ട് തോമസ് ചാഴികാടൻ എം.പി ആവശ്യപ്പെട്ടു. അതോടൊപ്പം തന്നെ റെയിൽവേ സ്റ്റേഷൻ മദർ തെരേസ റോഡ് ശബരിമല തീർഥാടന കാലത്തിനു മുൻപ് അടിയന്തിരമായി പുനർ നിർമ്മിക്കണം എന്നും ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച കത്ത് റെയിൽവേ ബോർഡ് ചെയർപേഴ്സനും നൽകി. 

റെയിൽവേ യാർഡിനും മീനച്ചിലാറിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശത്തെ ജനങ്ങൾ കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി ആശ്രയിച്ചു വരുന്ന റെയിൽവേ ഗുഡ് ഷെഡ് റോഡ് അടച്ചാൽ ജനങൾക്ക് വലിയ ബുദ്ധിമുട്ടു ഉണ്ടാകുമെന്ന് എം.പി അറിയിച്ചു. നിലവിൽ ഗുഡ് ഷെഡ് റോഡിൽ നിന്നും 9 വഴികൾ ആരംഭിക്കുന്നുണ്ടെന്നും, വിവിധ സർക്കാർ ഓഫീസുകൾ, ഗോഡൗണുകൾ, ITI, വികാസ് വിദ്യാലയം, ആരാധനാലയങ്ങൾ, ഹോസ്റ്റലുകൾ, വാണിജ്യ സ്ഥാപനങ്ങൾ, വാസഗൃഹങ്ങൾ എന്നിവ പ്രസ്തുത റോഡിൽ സ്ഥിതി ചെയ്യുന്നുണ്ടെന്നും നാഗമ്പടത്തിനും കഞ്ഞിക്കുഴിക്കും ഇടയിലുള്ള ഒരു ലിങ്ക് റോഡായി പ്രസ്തുത റോഡ് പ്രയോജനപ്പെടുന്നുണ്ടെന്നും എം.പി ബോധ്യപ്പെടുത്തി. 





കോട്ടയം റെയിൽവേ സ്റ്റേഷനിലെ പ്രധാന കവാടത്തിലെ തിരക്ക് കുറക്കുന്നതിനായി വിഭാവനം ചെയ്തിരിക്കുന്നതും, നിർമ്മാണം പൂർത്തിയായി വരുന്നതുമായ കോട്ടയം റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്രവേശന കവാടം, പുതിയ പാർക്കിങ് ഏറിയ എന്നിവടങ്ങളിലേക്കുള്ള വഴി ഗുഡ്ഷെഡ് റോഡിൽ നിന്നാണെന്നും, പ്രസ്തുത വഴിയിൽ വാഹന ഗതാഗതം നിരോധിക്കുകയോ നിയന്ത്രണം ഏർപ്പെടുത്തുകയോ ചെയ്യുന്നത് രണ്ടാം കവാടത്തിന്റെ പ്രസക്തി തന്നെ ഇല്ലാതാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ഈ നീക്കത്തിൽ നിന്നു പിന്മാറുവാൻ ബന്ധപ്പെട്ട റെയിൽവേ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകണമെന്നും, നിയന്ത്രണങ്ങൾ ഒന്നും ഇല്ലാതെ ഈ വഴി പൊതുജനങ്ങൾക്ക് ഉപയോഗിക്കുവാനുള്ള സാഹചര്യം ഉറപ്പുവരുത്തണമെന്നും മന്ത്രിയോട് കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.

പാത ഇരട്ടിപ്പിക്കൽ സമയത്തു മണ്ണിടിച്ചിൽ മൂലം തകർന്നുപോയ കോട്ടയം റെയിൽവേ സ്റ്റേഷനെയും മദർ തെരേസ റോഡിലെ റബ്ബർ ബോർഡ് ജങ്ങ്ഷനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് അടിയന്തിരമായി പുനർ നിർമ്മിക്കുന്നതിന് നിർദ്ദേശം നൽകണമെന്നും കൂടിക്കാഴ്ചയിൽ റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടു. ഒന്നര വർഷം മുൻപ് തകർന്ന റോഡിന്റെ പുനർനിർമ്മാണം വൈകുകയാണെന്നും, ജില്ലയുടെ കിഴക്കു ഭാഗത്തു നിന്നും വരുന്ന യാത്രക്കാർക്കും, പ്രദേശവാസികൾക്കും പ്രസ്തുത റോഡ് പ്രയോജനപ്പെടുമെന്നും, ശബരിമല തീർത്ഥാടന കാലത്തു KSRTC ബസുകളുടെയും മറ്റ് വാഹങ്ങളുടെയും സുഗമമായ നീക്കത്തിന് പ്രസ്തുത റോഡ് അനിവാര്യമാണെന്നും എം.പി അറിയിച്ചു. അടുത്ത ശബരിമല തീർഥാടന കാലം ആരംഭിക്കുന്നതിനു മുൻപ് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കണമെന്നും എം.പി ആവശ്യപ്പെട്ടു. 

ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് കൂടിക്കാഴ്ചയിൽ കേന്ദ്ര മന്ത്രി ഉറപ്പ് നൽകി. വിഷയങ്ങളിൽ ആവശ്യമായ തുടർ നടപടികൾ കൈകൊള്ളുന്നതിന് മന്ത്രിയുടെ ഓഫീസിലെ എക്സിക്യൂട്ടീവ് ഡയറക്ടർ, പബ്ലിക്ക് ഗ്രിവെൻസീസ് (EDPG) വികാസ് ജെയ്നിന് മന്ത്രി നിർദേശം നൽകുകയും ചെയ്തു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments