Latest News
Loading...

മാലിന്യമുക്തം നവകേരളം; പൂഞ്ഞാർ നിയോജകമണ്ഡലം കൺവൻഷൻ സംഘടിപ്പിച്ചു




 പൂഞ്ഞാർ നിയമസഭാനിയോജകമണ്ഡലത്തെ സമ്പൂർണ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്ന മാലിന്യമുക്തം നവകേരളം ക്ലീൻ പൂഞ്ഞാർ ഗ്രീൻ പൂഞ്ഞാർ കാമ്പയിൻ നിയോജകമണ്ഡലം കൺവൻഷൻ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഡിസംബർ 31നു നിയോജക മണ്ഡലം സമ്പൂർണ മാലിന്യമുക്തമായി പ്രഖ്യാപിക്കാനുള്ള കർമ്മ പരിപാടി അവതരിപ്പിച്ചു. പ്രകൃതിയോട് ചേർന്നു നിൽക്കുന്ന ശുചിത്വമുള്ള പൂഞ്ഞാറാണ് കാമ്പയിന്റെ ലക്ഷ്യമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, രാഷ്ട്രീയ കക്ഷികൾ, സന്നദ്ധ സംഘടനകൾ, മറ്റ് മത-സാമുദായിക-സാമൂഹിക പ്രസ്ഥാനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവ ഒരു മനസായി കാമ്പയിൻ ഏറ്റെടുക്കണമെന്നും എം.എൽ.എ പറഞ്ഞു. ഒക്ടോബർ ഏഴിനകം മണ്ഡലത്തിലെ എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും ജനകീയ കൺവൻഷനുകൾ സംഘടിപ്പിക്കും. വാർഡ്തലത്തിലും  25-50 വീടുകൾ ചേർന്ന് ക്ലസ്റ്റർതലത്തിലും പദ്ധതി നടത്തിപ്പ് ഊർജ്ജിതമാക്കും.





തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മുഴുവൻ സ്ഥാപനങ്ങളിലും വീടുകളിലും ജൈവമാലിന്യങ്ങളുടെ ഉറവിട മാലിന്യസംസ്‌കരണം നടക്കുന്നുണ്ടെന്നു ഉറപ്പുവരുത്തണം. ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ അജൈവ മാലിന്യങ്ങൾ ശേഖരിച്ചു ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നതിൽ കൃത്യത ഉറപ്പാക്കണം. പൊതുനിരത്തുകൾ, ജലാശയങ്ങൾ, ഓഫീസുകൾ മാലിന്യ മുക്തമാക്കണം. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്ലാൻ ഫണ്ടിന്റെ 10 ശതമാനത്തിനൊപ്പം ശുചിത്വമിഷൻ, കെ.എസ്.ഡബ്ല്യു.എം.പി ഫണ്ടുകൾ എന്നിവ ഫലപ്രദമായി ഉപയോഗിക്കണമെന്നും യോഗത്തിൽ നിർദ്ദേശമുയർന്നു.

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ശ്രീകല അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ്  ജോയിന്റ് ഡയറക്ടർ ബിനു ജോൺ ആമുഖ പ്രസംഗം നടത്തി. ജില്ലാ കാമ്പയിൻ കോ-ഓർഡിനേറ്റർ ശ്രീശങ്കർ വിഷയാവതരണം നിർവഹിച്ചു. മണ്ഡലതലത്തിൽ എം.എൽ.എ. അധ്യക്ഷനായും ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ, നിയോജകമണ്ഡലത്തിലെ മുഴുവൻ പഞ്ചായത്ത് പ്രസിഡന്റുമാർ, മണ്ഡലത്തിലെ ജില്ലാ പഞ്ചായത്തംഗങ്ങൾ എന്നിവർ ഉപാധ്യക്ഷന്മാരായും മണ്ഡലതല ഏകോപനസമിതി രൂപീകരിക്കാനും തീരുമാനിച്ചു. പരിപാടിയിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ജി. അനീസ്, മറ്റ് ജനപ്രതിനിധികൾ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സക്കീർ ഹുസൈൻ ഇബ്രാഹിം, പഞ്ചായത്ത് സെക്രട്ടറിമാർ, വി.ഇ.ഒമാർ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, കില, രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാൻ റിസോഴ്സ് പേഴ്സൺമാർ എന്നിവർ പങ്കെടുത്തു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments