Latest News
Loading...

ജില്ലയിലെ പശ്ചിമഘട്ടമേഖലയിൽ നീർച്ചാൽ മാപ്പത്തോൺ പൂർത്തിയായി



കോട്ടയം ജില്ലയിലെ പശ്ചിമഘട്ടപ്രദേശങ്ങളിലെ നീർച്ചാലുകളുടെ മാപ്പത്തോൺ പൂർത്തിയായി. നവകേരള കർമ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷൻ, ഐ.ടി മിഷൻ എന്നിവയുടെ നേതൃത്വത്തിലാണ് നീർച്ചാലുകളുടെ ഡിജിറ്റൽ മാപ്പിംഗ് നടത്തിയത്. മാപ്പത്തോൺ വഴി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടക്കമുള്ളവയ്ക്ക് ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾ മനസിലാക്കി ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് കൃത്യമായ ആസൂത്രണവും പദ്ധതി നിർവഹണവും നടപ്പാക്കാനാകും.  


 റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് 230 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലാണു നീർച്ചാലുകളുടെ ഡിജിറ്റൽ മാപ്പിംഗ് നടപ്പാക്കുന്നത്. പാലാ, ഈരാറ്റുപേട്ട നഗരസഭകളും ളാലം, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, വാഴൂർ, പാമ്പാടി ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്ന 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങലാണ് ജില്ലയിലെ ഡിജിറ്റൽ മാപ്പിംഗ് പൂർത്തിയായത്.



  സംസ്ഥാന വിവര സാങ്കേതിക വകുപ്പു രൂപം കൊടുത്ത ഈ ജനകീയ മാപ്പിംഗ് പദ്ധതിയിൽ രണ്ടു മീറ്റർ സ്പഷ്ടതയുള്ള  ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ നിർമ്മിക്കുന്ന ഡിജിറ്റൽ ഭൂപടങ്ങൾ ഉപയോഗിച്ച് ജനങ്ങൾക്ക് അവിടെയുള്ള ജലസ്രോതസ്സുകളുടെ ചെറിയ സവിശേഷതകൾ പോലും മനസിലാക്കാനാകും. ഒ.എസ്.എം ട്രാക്കർ എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് ഫീൽഡിൽ നീർച്ചാലുകൾ മാപ്പ് ചെയ്യുകയും തുടർന്ന് ഓപ്പൺ സ്ട്രീറ്റ് മാപ്പ് വെബ്‌സൈറ്റ്, ക്യു.ജി.ഐ.എസ്. എന്നിവ ഉപയോഗിച്ച്  അതാത് ദിവസം രേഖപ്പെടുത്തുന്ന തോടുകൾ ഐ.ടി. മിഷനുമായി ചേർന്ന് അന്ന് തന്നെ മാപ്പിൽ വരക്കുന്ന രീതിയാണ് അവലംബിച്ചത്.  

സംസ്ഥാന ഹരിത കേരളം മിഷന്റെയും ഐ.ടി മിഷന്റെയും നേതൃത്വത്തിൽ 2020 ലാണ് കേരളത്തിലെ നീർച്ചാലുകളുടെ മാപ്പിംഗ് ആദ്യമായി നടന്നത്. ഇതിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്‌സൺമാർക്ക് ഐ.ടി മിഷന്റെ നേതൃത്വത്തിൽ മാപ്പത്തോൺ പരിശീലനം നൽകുകയും ജില്ലയിലെ ചില പ്രദേശങ്ങളിൽ പദ്ധതി വിജയകരമായി നടപ്പാക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് നവകേരളം കർമ്മപദ്ധതി രണ്ടിന്റെ ഭാഗമായി പശ്ചിമഘട്ടത്തിലുൾപ്പെട്ട പ്രദേശങ്ങളിലെ നീർച്ചാലുകളുടെമാപ്പിംഗ് നടത്തിയത്.  ചെക്ക് ഡാമുകൾ, ബണ്ടുകൾ, നീർച്ചാലുകളുടെ പുനർജ്ജീവനം തുടങ്ങിയുള്ള ജലസംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള സാധ്യതകളെക്കുറിച്ചും പഠനം നടത്തിയിട്ടുണ്ട്. പ്രളയ സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് സമീപപ്രദേശങ്ങളിലെ നീർച്ചാലുകളുടെയും തോടുകളുടെയും സ്ഥിതി മനസിലാക്കാനാവും എന്നതും പ്രയോജനകരമാണ്. ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺമാരുടെയും ഇന്റേൺഷിപ്പ് ട്രെയിനികളുടെയും നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെയായിരുന്നു മാപ്പിംഗ് പ്രവർത്തനങ്ങൾ.



   




Post a Comment

0 Comments