Latest News
Loading...

യൂത്ത് ലീഗിന്റെ മാർച്ചിന് മറുപടിയുമായി എംഎൽഎ
 ഈരാറ്റുപേട്ടയിൽ  മിനി സ്റ്റേഷൻ സ്ഥാപിക്കുന്നതും, സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണവും   വൈകുന്നു എന്ന് ആരോപിച്ച് ഒരു പ്രമുഖ പ്രതിപക്ഷ രാഷ്ട്രീയകക്ഷിയുടെ യുവജന വിഭാഗം  എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തിയ  പശ്ചാത്തലത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്.

 ആദ്യം എനിക്ക് ആ യുവ സുഹൃത്തുക്കളോട്  സൂചിപ്പിക്കാനുള്ളത്  നിങ്ങൾ മാർച്ച് നടത്തുന്നതിനു മുൻപ് നിങ്ങളുടെ മാതൃ സംഘടനയിലെ മുതിർന്ന നേതാക്കളോട് ഒന്ന് ചോദിക്കണമായിരുന്നു.  വർഷങ്ങളോളം അധികാരത്തിൽ ഇരുന്നിട്ടും, നിങ്ങളുടെ പാർട്ടിക്ക് മുഖ്യമന്ത്രിയും, 5 മന്ത്രിമാരും ഒക്കെയുള്ള കാലഘട്ടങ്ങൾ  ഉണ്ടായിരുന്നിട്ടും എന്തേ ഈരാറ്റുപേട്ടയിൽ മിനി സിവിൽ സ്റ്റേഷൻ  സ്ഥാപിച്ചില്ല...??
 സ്മാർട്ട് വില്ലേജ് ഓഫീസും കൊണ്ടുവന്നില്ല..??

 എന്നാൽ ഇതിനോക്കെ രണ്ടാം പിണറായി സർക്കാരും, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയും വേണ്ടിവന്നില്ലേയെന്ന്.!!

 സംസ്ഥാന ബഡ്ജറ്റിൽ ഒരു എംഎൽഎയ്ക്ക് 20 പദ്ധതികൾ നിർദ്ദേശിക്കാം.  എന്നാൽ സാമ്പത്തിക പ്രയാസം മൂലം കഴിഞ്ഞ രണ്ടു വർഷവും ഭരണാനുമതി ലഭിച്ചത് ഓരോ പദ്ധതിക്ക് മാത്രമാണ്. ആ പദ്ധതി ഏതെന്ന് ബന്ധപ്പെട്ട എംഎൽഎക്ക് നിശ്ചയിക്കാം. ഞാൻ എംഎൽഎ ആയി ആദ്യവർഷം തന്നെ  ഭരണാനുമതി നേടിയെടുത്ത പദ്ധതി ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ ആണ്. അത് സ്ഥാപിക്കുന്നതിന്  ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലുള്ള 2.82 ഏക്കർ സ്ഥലമാണ് ഏറ്റവും അനുയോജ്യമെന്ന് കണ്ട് അവിടെ മിനി സിവിൽ സ്റ്റേഷന്  സ്ഥലം ഏറ്റെടുക്കണമെന്ന് ആദ്യം നിർദ്ദേശിച്ചത് എംഎൽഎ എന്നുള്ള നിലയിൽ ഞാനാണ്.
 ഇത് കാണിച്ച് അന്നത്തെ കോട്ടയം ജില്ലാ കളക്ടർ  ഡോ. പി കെ ജയശ്രീ ഐഎഎസിന്  കത്ത് നൽകിയതിനെ തുടർന്ന്  പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്നും  പകുതി സ്ഥലം മിനി സിവിൽ സ്റ്റേഷന് വേണ്ടി ഏറ്റെടുക്കുന്നതിന് ജില്ലാ കളക്ടർ നടപടികൾ ആരംഭിച്ചു. ഇതോടൊപ്പം തന്നെ ഈരാറ്റുപേട്ട വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസാക്കി പുതിയ കെട്ടിടം പണിയുന്നതിന് ബഹു. റവന്യൂ വകുപ്പ് മന്ത്രിയെ കണ്ട് നിവേദനം നൽകി 50 ലക്ഷം രൂപ അനുവദിപ്പിക്കുകയും, വില്ലേജ് ഓഫീസ് നിർമ്മാണം അക്രെഡിറ്റഡ് ഏജൻസിയായ  സംസ്ഥാന നിർമ്മിത കേന്ദ്രത്തെ ഏൽപ്പിക്കുകയും ചെയ്തു . നിർമ്മിതി കേന്ദ്രം ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലുള്ള  ഉള്ള   സ്ഥലത്ത് ഏതാനും പണികൾ നടത്തുകയും ചെയ്തു. അപ്പോഴേക്കും ആഭ്യന്തര വകുപ്പ് അതിശക്തമായ എതിർപ്പുമായി രംഗത്ത് വരികയും, സ്മാർട്ട്‌ വില്ലേജ് ഓഫീസ് അവിടെ സ്ഥാപിക്കാൻ പാടില്ല എന്നും, മിനി സിവിൽ സ്റ്റേഷന് പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ സ്ഥലം നൽകുകയില്ല എന്നും നിലപാടെടുത്തു. പോലീസ് വകുപ്പിന്റെ  വിവിധ വികസന ആവശ്യങ്ങൾക്ക് ഈ സ്ഥലം ആവശ്യമുണ്ട് എന്നും, മധ്യതിരുവിതാംകൂറിലെങ്ങും  ആഭ്യന്തര വകുപ്പിന് ഇത്രയും സ്ഥലം ഒരുമിച്ചില്ല എന്നും,  അതുകൊണ്ട് പോലീസ് വകുപ്പിന്റെ ഭാവി വികസന ആവശ്യങ്ങൾക്ക് ഈ സ്ഥലം അത്യാവശ്യമാണെന്നും പോലീസ് നിലപാടെടുത്തു. എന്നാൽ ആഭ്യന്തരവകുപ്പിന്റെ ഈ നിലപാട് ശരിയല്ല എന്നും നാടിന്റെ വികസനത്തിന് ഏറ്റവും അത്യാവശ്യമായതും  ബഡ്ജറ്റിൽ അനുവദിക്കപ്പെട്ടതുമായ മിനി സിവിൽ  സ്റ്റേഷനും, അതുപോലെതന്നെ സ്മാർട്ട് വില്ലേജ് ഓഫീസും  നാടിനാവശ്യമാണെന്നും  കാണിച്ച്  അതിന് ഈ സ്ഥലം വിട്ടു കിട്ടിയേ മതിയാകൂ എന്നും  ആവശ്യപ്പെട്ട് ഞാൻ ബഹു.മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവർകളെ സമീപിക്കുകയും, അദ്ദേഹം പരിഗണിക്കാമെന്ന് അറിയിക്കുകയും ചെയ്തു. ഇത് സംബന്ധമായി ഞാൻ ബഹു. മുഖ്യമന്ത്രിക്ക് 27.07.2022 തീയതി MLA/PNJR/165/2022/TVM നമ്പരായും,04.01.2023 തീയതി MLA/PNJR/002/2023/TVM നമ്പരായും,10.05.2023 തീയതി MLA/PNJR/034/2023/TVM നമ്പരായും  കത്തുകൾ നൽകുകയും 04.07.2022 ൽ നിയമസഭയിൽ 1510 -)o നമ്പരായി ചോദ്യo ഉന്നയിക്കുകയും ചെയ്തു.( ഇവയുടെ കോപ്പി ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു) തുടർന്ന് ഇത് സംബന്ധമായി റവന്യൂ, ആഭ്യന്തര വകുപ്പുകളുമായി  നിരന്തരമായ ഫോളോ അപ്പ് നടത്തി ഇപ്പോൾ മിനി സിവിൽ സ്റ്റേഷൻ  സ്ഥാപിക്കുന്നതിന് സ്ഥല ലഭ്യത സംബന്ധിച്ച ഫയൽ തീർപ്പു കൽപ്പിക്കുന്നത് 
ഏതാണ്ട് അന്തിമഘട്ടത്തിലെത്തിയിരിക്കുകയാണ്.  മിനി സിവിൽ സ്റ്റേഷന്  സ്ഥലം വിട്ടു നൽകുന്നത് പരിശോധിക്കുന്നതിന് 10.07.2023 തീയതി ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നൽകിയിട്ടുണ്ട്.
 ഈ കത്തിന് അനുകൂല മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട്  ഞാൻ 11.07.2023 തീയതി  4 PM ന് സംസ്ഥാന പോലീസ് മേധാവി ശ്രീ.ഷേയ്ക്ക് ദർവ്വേഷ് സാഹിബ് ഐ.പി.എസിനെ പോലീസ് ആസ്ഥാനത്ത് എത്തി നേരിട്ട് കണ്ട് ചർച്ച നടത്തുകയും ചെയ്തിട്ടുണ്ട്.

 

.എപ്രകാരമാണെങ്കിലും സ്ഥല ലഭ്യത ഉറപ്പുവരുത്തി ഈരാറ്റുപേട്ടയിൽ മിനി സിവിൽ സ്റ്റേഷനും, സ്മാർട്ട് വില്ലേജ് ഓഫീസും സ്ഥാപിക്കുക തന്നെ ചെയ്യും. LDF സർക്കാരിന്റെ നാടിനോടുള്ള പ്രതിബദ്ധതയുടെയും, ഇച്ഛാശക്തിയുടെയും പ്രതിരൂപമായി ഭാവിയിൽ ഈരാറ്റുപേട്ടയിൽ മിനി സിവിൽ സ്റ്റേഷൻ ഉണ്ടാകും. പതിറ്റാണ്ടുകൾ അധികാരത്തിന്റെ ശീതളഛായയിൽ ഇരുന്നപ്പോഴൊന്നും ഈരാറ്റുപേട്ടയുടെ വികസനത്തെക്കുറിച്ച് ചിന്തിക്കാത്തവർ ഇപ്പോൾ സമരവുമായി ഇറങ്ങുന്നത് പരിഹാസ്യമാണെന്നേ പറയാനുള്ളൂ. ഒന്നുകൂടി.. ഈരാറ്റുപേട്ട ഗ്രാമപഞ്ചായത്തും, തുടർന്ന് മുനിസിപ്പാലിറ്റിയും രൂപീകരിച്ച ശേഷം ഓരോ വർഷവും ഈരാറ്റുപേട്ടയ്ക്ക് ലഭിച്ച ഗവൺമെന്റ് ഫണ്ടുകൾ പരിശോധിച്ചാൽ ഏറ്റവും കൂടുതൽ ഫണ്ടുകൾ അനുവദിക്കപ്പെട്ടതും, നടപ്പിലാക്കിയതും ഇക്കഴിഞ്ഞ രണ്ടു വർഷങ്ങളിലാണ് എന്ന് ഏതു വേദിയിലും തെളിയിക്കാൻ ഞാൻ തയ്യാറാണ്. അതുപോലെതന്നെ നിങ്ങൾ പിന്തുണയ്ക്കുന്ന സ്ഥലം എം.പി ഈരാറ്റുപേട്ടയുടെ വികസനത്തിന് എന്തൊക്കെയാണ് ചെയ്തത് എന്ന് ഒരു താരതമ്യ പഠനത്തിന് കൂടി തയ്യാറാകണമെന്നും അഭ്യർത്ഥിക്കുന്നു.

 അവസാനമായി ഒന്നേ പറയാനുള്ളൂ..
 സമരങ്ങൾ പ്രതിപക്ഷത്തിന്റെ അവകാശമാണ്.. അംഗീകരിക്കുന്നു.
 ജനപ്രതിനിധികൾ വിമർശന വിധേയരാവേണ്ടതുമാണ്. പക്ഷേ സമരവും, വിമർശനവും കഴമ്പുള്ളതാകണം.    വസ്തുതാപരമാകണം. അല്ലാത്തപക്ഷം ജനം പുച്ഛിച്ചുതള്ളുന്നമെന്ന് ഓർമിപ്പിക്കട്ടെ.

എന്ന് 
 വിശ്വസ്തതയോടെ,

അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ
എംഎൽഎ, പൂഞ്ഞാർ


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments