Latest News
Loading...

പുതിയ ബ്ലോക്ക് പ്രസിഡന്റ് . പാലായിൽ അസ്വാരസ്യങ്ങളുടെ കാർമേഘം



 പാലായിലെ കോൺഗ്രസ് പുനസംഘടനയിൽ ജാതിക്കാർഡ് ഇറക്കി മുതിർന്ന നേതാക്കൾ. ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ള വ്യക്തി തന്നെ പാർട്ടിയുടെ പാലാ ബ്ലോക്ക് അധ്യക്ഷ പദവിയിലേക്ക് എത്തണം എന്നാണ് ഇവർ വാശി പിടിക്കുന്നത്.  നീക്കത്തിന് ചുക്കാൻ പിടിക്കുന്നത് പാലായുടെ  സമീപ മണ്ഡലങ്ങളിൽ നിന്ന് അസംബ്ലി തെരഞ്ഞെടുപ്പിലേക്ക് മത്സരിച്ചു പരാജയപ്പെട്ട രണ്ട് പാലാക്കാരായ നേതാക്കളും,  പാലാ സ്വദേശിയായ സമീപ മണ്ഡലത്തിലെ സിറ്റിംഗ് എംപിയും ആണ്.  എന്നാൽ ഈ നീക്കത്തിന് പിന്നിൽ  ക്രൈസ്തവരോടോ കത്തോലിക്കരോടോ ഉള്ള സ്നേഹമല്ല മറിച്ച് നേതാക്കളെ  സ്ഥിരമായി സൽക്കരിച്ച്  പ്രീതിപ്പെടുത്തുന്ന ഒരു വ്യക്തിയെ പദവിയിൽ എത്തിക്കാനുള്ള തന്ത്രമാണെന്ന ആക്ഷേപമാണ്  പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഉയരുന്നത്.  



.പുതിയ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ടുമാരുടെ പട്ടിക ഇന്നല്ലെങ്കിൽ ഏറ്റവും അടുത്ത ദിവസം പുറത്തുവരും എന്നാണ് കണക്കാക്കപ്പെടുന്നത്. പാലായിൽ നിന്നും രണ്ടുപേരുടെ ലിസ്റ്റ് ആണ് നൽകിയിരിക്കുന്നത്. സ്ഥാനം ലക്ഷ്യമിട്ട് നീക്കം നടത്തുന്ന വ്യക്തി ഭരണങ്ങാനം ബ്ലോക്കിൽ നിന്ന് സമീപകാലത്ത് മാത്രം പാലായിൽ എത്തിയ ആളാണെന്നും, ഭരണങ്ങാനം ബ്ലോക്കിൽ ഭാരവാഹിയായിരുന്ന ചുരുങ്ങിയ കാലം കൊണ്ട് തന്നെ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ ആളാണെന്നും എതിരാളികൾ ചൂണ്ടിക്കാട്ടുന്നു.

പാലാ നിയോജക മണ്ഡലത്തിലെ 13 മണ്ഡലങ്ങളിൽ 12 ഇടങ്ങളിലും മണ്ഡലം പ്രസിഡന്റ് പദവി അലങ്കരിക്കുന്നത് കത്തോലിക്കാ വിഭാഗത്തിൽ നിന്നുള്ള നേതാക്കൾ തന്നെയാണ്. സ്വാഭാവികമായും നിയോജക മണ്ഡലത്തിലെ രണ്ട് ബ്ലോക്കുകളിൽ ഒരിടത്ത് ഒരു ഹൈന്ദവ സമുദായ പ്രതിനിധിയെ നിയമിച്ചാണ് സമുദായ സമവാക്യങ്ങൾ ഇത്രകാലവും പാലിച്ചു പോന്നിരുന്നത്. മണ്ഡലത്തിലെ വോട്ടർമാരുടെ കണക്കെടുത്താൽ 50% ത്തിലധികം ആളുകൾ ഹൈന്ദവ സമുദായത്തിൽ പെടുന്നവരാണ്. പാർട്ടിക്കുവേണ്ടി പതിറ്റാണ്ടുകൾ പ്രവർത്തിച്ച പാരമ്പര്യമുള്ളവരെ അവഗണിച്ച് സ്വന്തം ഇഷ്ടക്കാരനെ പദവിയിൽ പ്രതിഷ്ഠിക്കാനുള്ള നീക്കം ഗുണകരമാവില്ല എന്നാണ് പ്രാദേശിക കോൺഗ്രസ് വൃത്തങ്ങളുടെ പ്രതികരണം. നീക്കത്തിന് ചുക്കാൻ പിടിക്കുന്ന നേതാക്കൾ മൂന്നുപേരും മറ്റൊരു ന്യൂനപക്ഷ വിഭാഗത്തിന്റെ വോട്ട് ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് കാലത്ത് സ്വന്തം സമുദായത്തെ തള്ളിപ്പറഞ്ഞവരാണ് എന്ന കാര്യവും വിമർശകർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ലൗ ജിഹാദ് വിവാദമുയർന്ന കാലത്ത് പാലാ ബിഷപ്പിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച പ്രാദേശിക നേതാക്കളെ പുറത്താക്കാൻ പോലും ഇവർ ശ്രമം നടത്തിയിരുന്നു എന്നതും എതിരാളികൾ ഉയർത്തിക്കാട്ടുന്നു.

 ഏതായാലും നേതാക്കളുടെ നീക്കം ഫലപ്രാപ്തിയിൽ എത്തിയാൽ അത് പ്രാദേശികമായി വലിയ പൊട്ടിത്തെറിക്ക് വഴിവെക്കും എന്നും സൂചനകൾ ഉണ്ട്. ബ്ലോക്ക് പ്രസിഡണ്ടായി നേതാക്കൾ ചൂണ്ടിക്കാട്ടുന്ന ആൾക്ക് സ്വന്തം ബൂത്തിൽ പോലും 10 പേരെ തികച്ച കൂട്ടാൻ പര്യാപ്തമായ സംഘടനാ വൈഭവമില്ല എന്നതും, നേതാക്കളുടെ നിലപാട് കോൺഗ്രസ് അഖിലേന്ത്യാതലത്തിൽ സ്വീകരിച്ചിരിക്കുന്ന നയങ്ങൾക്ക് കടകവിരുദ്ധമാണെന്ന ആരോപണവും എതിർപക്ഷം ഉയർത്തുന്നുണ്ട്.

സാമുദായിക സന്തുലനം പാലിക്കാതെയുള്ള ഈ നീക്കം തിരിച്ചടി ആകുമെന്ന് കോൺഗ്രസ് നേതാക്കളിൽ തന്നെ അഭിപ്രായം ഉയരുന്നുണ്ട്. ക്രൈസ്തവ സമുദായ അംഗങ്ങളായ ചില നേതാക്കൾ പോലും ഈ വിഷയത്തിൽ വിരുദ്ധ അഭിപ്രായം ഉയർത്തിയിട്ടുണ്ട്. താഴെത്തട്ടിൽ പ്രവർത്തിക്കുന്ന അണികളുടെ വീര്യം ചോരാൻ ഇത്തരം നീക്കങ്ങൾ കാരണമാകും എന്നും ആക്ഷേപമുണ്ട്. 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments