പാലായില്‍ പിടികൂടിയത് കോട്ടയം ജില്ലയിലെ ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ എംഡിഎംഎ വേട്ട. കോട്ടയത്ത് നിന്നുള്ള എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്നുകളുമായി എരുമേലി സ്വദേശികളായ മൂവര്‍ സംഘട്ടെ പിടികൂടിയത്. എരുമേലി നേര്‍ച്ചപ്പാറ സ്വദേശി അഷ്‌കര്‍ അഷ്‌റഫ്, എരുമേലി സ്വദേശി കുളത്തുങ്കല്‍ അഫ്‌സല്‍ അലിയാര്‍, എരുമേലി ആമക്കുന്ന് സ്വദേശി നിര്‍ത്തലില്‍ വീട്ടില്‍ അന്‍വര്‍ ഷാ എന്നിവരാണ് പിടിയിലായത്.
77 ഗ്രാം എംഡിഎംഎയും 156 മില്ലിഗ്രാം എല്‍എസ്ഡി സ്റ്റാമ്പുമാണ് എക്‌സൈസ് പിടിച്ചത്. എല്‍എസ്ഡി 9 സ്റ്റാമ്പുകളാണിത്. വാണിജ്യഅളവിലുള്ള മയക്കുമരുന്നാണിത്. 20 വര്‍ഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. കോട്ടയം ജില്ലയില്‍ ഇത്രയും അളവില്‍ പിടികൂടുന്നത് ആദ്യമാണെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
ബാംഗ്ലൂരില്‍ നിന്നും ലഹരിവസ്തുക്കള്‍ വാങ്ങി മറിച്ചുവില്‍പനയാണ് ഇവരുടെ രീതി. പിടികൂടിയ മയക്കുമരുന്നിന് നാല് ലക്ഷം രൂപ മാര്‍ക്കറ്റ് വിലവരും. എല്‍എസ്ഡി സ്റ്റാമ്പിന് 25000 രൂപയും. 1500 പേര്‍ക്ക് ഉപയോഗിക്കാന്‍ മാത്രം അളവിലുള്ള എംഡിഎംഎയാണ് കണ്ടെടുത്തത്. ഒരു സ്റ്റാമ്പിന്റെ നാലിലൊന്ന് ഒരാള്‍ക്ക് മതിയാവും.
ബാംഗ്ലൂരല്‍ നിന്നും ലഹരിവസ്തുക്കള്‍ വാങ്ങി രാവിലെ എട്ട് മണിയോടെ പാലായില്‍ ബസിറങ്ങിയപ്പോഴാണ് സംഘത്തെ എക്‌സൈസ് അറസ്റ്റ് ചെയ്തത്. അന്‍വര്‍ഷായുടെ പേരില്‍ എരുമേലി സ്റ്റേഷനില്‍ നിലവില്‍ മയക്കുമരുന്ന് കേസ് നിലവിലുണ്ട്. കോട്ടയം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ് ജോണ്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അല്‍ഫോണ്‍സ് ജേക്കബ്, പ്രിവന്റീവ് ഓഫീസര്‍ വിനോദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുരേഷ്, ശ്യാം, ദീപു ബാലകൃഷ്ണന്‍, നിമേഷ്, പ്രശോഭ് ഡ്രൈവര്‍ അനില്‍ എന്നിവര്‍ അന്വേഷസംഘത്തിലുണ്ടായിരുന്നു.
0 Comments