Latest News
Loading...

രാഷ്ട്രീയ കോലാഹലങ്ങളില്ലാതെ ജോണീസ് പി സ്റ്റീഫന്‍ പടിയിറങ്ങുന്നു




മുന്‍ധാരണപ്രകാരമുള്ള അധികാര കൈമാറ്റം പതിവ് ചടങ്ങായ ത്രിതല പഞ്ചായത്തുകളില്‍, അധികാരമൊഴിയാതെ കടിച്ചുതൂങ്ങുന്ന നിരവധി പേര്‍ക്ക് മുന്നില്‍ മാതൃകയായാണ് ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ജോണീസ് പി സ്റ്റീഫന്റെ പടിയിറക്കം. 2 വര്‍ഷത്തെ പ്രസിഡന്റ് സ്ഥാനമെന്ന മുന്‍ധാരണ പ്രകാരം ജൂണില്‍ സ്ഥാനമൊഴിഞ്ഞാല്‍ മതിയെന്നിരിക്കെ ഒരുമാസം മുന്‍പേ പടിയിറങ്ങുകയാണ് ഈ ചെറുപ്പക്കാരന്‍. ജൂണില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനിരിക്കെ, പുതിയ പ്രസിഡന്റിന് ആദ്യംമുതലേ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാനുള്ള ദീര്‍ഘവീക്ഷണത്തോടെയാണ് ജോണീസ് പി സ്റ്റീഫന്‍ നാളെ രാജി സമര്‍പ്പിക്കുന്നത്. 



തദ്ദേശതെരഞ്ഞെടുപ്പില്‍ ഉഴവൂരില്‍ 2 വാര്‍ഡുകള്‍ പിടിച്ച് ഭരണത്തില്‍ നിര്‍ണായക ശക്തിയായി മാറിയ വണ്‍ ഇന്‍ഡ്യ വണ്‍ പെന്‍ഷന്‍ പ്രതിനിധിയായ ജോണീസിന് ആദ്യ ടേമില്‍ പ്രസിഡന്റ് പദവി ലഭിക്കുകയായിരുന്നു. ഉഴവൂര്‍ ഗ്രാമപഞ്ചായത്തില്‍ 13 വാര്‍ഡുകളില്‍ എട്ടിടത്താണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. രണ്ടു പേര്‍ വിജയിച്ചപ്പോള്‍ ആറു പേര്‍ പരാജയപ്പെട്ടു. നാലാം വാര്‍ഡില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ഥികളോട് ഏറ്റുമുട്ടിയ ജോണിസ് 194 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം സ്വന്തമാക്കിയത്. ഇതോടെയാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്റെ നിലപാട് നിര്‍ണ്ണായകമായത്. ഇരുമുന്നണികളും സമീപിച്ചെങ്കിലും യുഡിഎഫിനൊപ്പം ചേരാനായിരുന്നു ഒടുവില്‍ തീരുമാനം. 




ഏറെ നാളായി സ്ഥലം ലഭിക്കാതെ കിടന്ന സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന് 25 സെന്റ് ഭൂമി ലഭ്യമാക്കിയത് ജോണിസിന് അഭിമാനം നല്കുന്ന നേട്ടമാണ്. ജല്‍ജീവന്‍ മിഷന്‍വഴി 1500-ഓളം കുടുംബങ്ങളില്‍ കുടിവെള്ളമെത്തിച്ചു. ആരോഗ്യ ഉപകേന്ദ്രങ്ങളെ ജനകീയ ആരോഗ്യകേന്ദ്രങ്ങളാക്കി മാറ്റാനുള്ള പദ്ധതി ആരംഭിച്ചു. വാര്‍ഡ് തലങ്ങളില്‍ വാട്‌സ്ആപ് ഗ്രൂപ്പുകള്‍ തുടങ്ങി വികസന പദ്ധതികളും അറിയിപ്പുകളും എല്‌ലാവരിലുമെത്തിച്ചു. ടൂറിസം രംഗത്ത് നേട്ടമായി 88 ലക്ഷം രൂപ അരുവിക്കുഴി ടൂറിസത്തിന് ലഭ്യമാക്കാനായതും ജോണീസിന്റെ അവസാനകാലഘട്ടത്തെ നേട്ടങ്ങളിലൊന്നാണ്. പഞ്ചായത്ത് ഓഫീസില്‍ സാര്‍, മാഡം വിളി ഒഴിവാക്കി സംസ്ഥാനതലത്തില്‍തന്നെ പഞ്ചായത്തും ശ്രദ്ധ നേടി. 



നേട്ടങ്ങളുടെ ഒട്ടേറെ പൊന്‍തൂവലുകളുമായാണ് ജോണീസിന്റെ പടിയിറക്കം. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സില്‍ നിന്നും ബിഎ ഇംഗ്‌ളീഷ് ബിരുദം നേടിയ ജോണീസ് ഇതിനിടയില്‍ ബെംഗളുരു ക്രൈസ്റ്റ് കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പ്രതിനിധിയായ കെ.എം തങ്കച്ചനാണ് അടുത്ത പ്രസിഡന്റാവുക. സ്ഥാനം മാറിയാലും ജനകീയ പ്രവര്‍ത്തനങ്ങളുമായി എന്നും മുന്നില്‍തന്നെയുണ്ടാകുമെന്ന് ജോണീസ് പി സ്റ്റീഫന്‍ പറഞ്ഞു. 


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments