Latest News
Loading...

ചെരിഞ്ഞുലഞ്ഞ് ബസ് ട്രിപ്പ്. അപകടംവരെ കാത്തിരിക്കുമോ അധികൃതര്‍.

വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ അധികൃതര്‍ ടൂറിസ്റ്റ് ബസുകള്‍ക്ക് പിന്നാലെ നടപടിയെടുക്കാന്‍ ധൃതികൂട്ടുമ്പോള്‍, മലയോരമേഖലകളിലെ കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ സൃഷ്ടിച്ചേക്കാവുന്ന അപകടങ്ങള്‍ക്കെതിരെ കണ്ണടയ്ക്കുകയാണോ അധികൃതര്‍. സ്‌കൂള്‍ ദിവസങ്ങളില്‍ ഈരാറ്റുപേട്ട തീക്കോയി വാഗമണ്‍ റൂട്ടിലെ കെഎസ്ആര്‍ടിസി ബസുകള്‍ പോകുന്നത് കണ്ടാല്‍ ആരും നെഞ്ചില്‍ കൈവയ്ക്കും. യാത്രക്കാരെ കുത്തിനിറച്ച് ആടിയുലഞ്ഞ് പോകുന്ന ബസുകള്‍ വരുത്തിയേക്കാവുന്ന അപകടം, ഒരുപക്ഷേ ചെറുതായിരിക്കില്ല. 

തീക്കോയി വാഗമണ്‍ റൂട്ടില്‍ സ്‌കൂള്‍ ദിവസങ്ങളിലാണ് ഈ ദുരിതയാത്ര. വൈകിട്ട് 3.40നും 4.40നുമാണ് വാഗമണ്‍ വഴിയുള്ള ബസുകളുള്ളത്. ഈ വാഹനങ്ങളില്‍ കയറിപ്പറ്റാനുള്ള യാത്രക്കാരുടെ തത്രപ്പാട് വൈകുന്നേരങ്ങളില്‍ ഈ റൂട്ടിലെ പതിവ് കാഴ്ചയാണ്. സ്‌കൂള്‍ കുട്ടികളും അധ്യാപകരും ജോലിക്കാരും അടങ്ങുന്ന യാത്രക്കാര്‍ ഈ ബസുകള്‍ കിട്ടിയില്ലെങ്കില്‍ വീട്ടിലെത്തുമ്പോള്‍ രാത്രിയാകും. അതുകൊണ്ട്തന്നെ എത്ര തിരക്കായാലും ബസിനുള്ളില്‍ കയറിപ്പറ്റാനാണ് യാത്രക്കാര്‍ ശ്രമിക്കുക. 

.പൊട്ടിപ്പൊളിഞ്ഞ വാഗമണ്‍ റോഡില്‍ ഇത്രയധികം യാത്രക്കാരുമായി ഓടുന്ന ബസിന്റെ കാഴ്ചയും ഭീതിജനകമാണ്. കൊടുംവളവുകളുള്ള പാതയില്‍ വളവുകള്‍ തിരിയുമ്പോള്‍ ബസ് അപകടകരമാം വിധം ചെരിയുന്നത് പതിവ് കാഴ്ചയാവുകയാണ്. കഴിഞ്ഞയിടെ ആനിയിളപ്പിന് സമീപം യാത്രക്കാര്‍ നിറഞ്ഞ ബസ് മറിയാന്‍തുടങ്ങിയത് ആശങ്കയുയര്‍ത്തിയിരുന്നു. പിന്നീട് യാത്രക്കാര്‍ പുറത്തിറങ്ങി ബസ് മുന്നോട്ട് നീക്കിയശേഷമാണ് യാത്ര തുടര്‍ന്നത്. 


സ്‌കൂള്‍ കുട്ടികളടക്കം നിറഞ്ഞ ബസുകള്‍ അപകടകരമാം വിധം യാത്ര നടത്തുമ്പോള്‍ ഇതിനിടയില്‍ ഒരു ബസ് ഓടിച്ചാല്‍ മാത്രമെ തിരക്ക് കുറയ്ക്കാനാവൂ. ആകെ ഒരു സ്വകാര്യബസ് മാത്രമാണ് ഈ റൂട്ടിലുള്ളത്. വൈകിട്ട് 5.20ന് ഈരാറ്റുപേട്ടയില്‍ നിന്നും പുറപ്പെടുന്ന ഈ ബസ് വാഗമണ്ണിലെത്തുമ്പോള്‍ 7 മണിയാകും. 3.40നും നാലേമുക്കാലിനും ഇടയിലുണ്ടായിരുന്ന കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിയതോടെയാണ് യാത്രാപ്രശ്‌നം ഗുരുതരമായത്. ഈ സര്‍വീസ് പുനരാരംഭിക്കാന്‍ അധികാരികള്‍ തയാറാവണമെന്നാണ് ആവശ്യമുയരുന്നത്. വിഷയം പരിഹരിക്കാന്‍ അധികാരികള്‍ തയാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് സിപിഐ തീക്കോയി ലോക്കല്‍ കമ്മറ്റി അറിയിച്ചു.

Post a Comment

0 Comments