Latest News
Loading...

വി. അൽഫോൻസാമ്മയുടെ അധ്യാപനത്തിൻ്റെ നവതിയുടെ നിറവിൽ വാകക്കാട് സ്കൂൾ

 വാകക്കാട് : വി. അൽഫോൻസാമ്മയുടെ പാദസ്പർശനത്താൽ ധന്യത നേടിയ വാകക്കാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളായ അൽഫോൻസാ ഹൈസ്കൂൾ, സെൻ്റ് പോൾസ് എൽ പി സ്കൂൾ, സെൻ്റ് അൽഫോൻസാ പ്രീ പ്രൈമറി സ്കൂൾ എന്നിവ ഇന്നും ആ ആത്മീയ ചൈതന്യം നഷ്ടപ്പെടുത്താതെ ദിവ്യമായ ജ്ഞാനം പകർന്നുകൊണ്ടിരിക്കുന്നു. 1932-33 കാലഘട്ടങ്ങളിലാണ് അൽഫോൻസാമ്മ വാകക്കാട് സ്കൂളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചത്. 

കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട അധ്യാപികയായിരുന്ന അൽഫോൻസാമ്മ, തങ്ങളുടെ വേദനകളിൽ മാതാപിതാക്കൾക്കും എന്നും സമീപസ്ഥയായിരുന്നു. കുഞ്ഞുങ്ങൾക്ക് അക്ഷരങ്ങളും ഗണിതത്തിൻ്റെ ബാലപാഠങ്ങളും പകർന്നു കൊടുക്കുന്നതിനൊപ്പം കാരുണ്യവും സ്നേഹവും കുട്ടികളിലേക്കും കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും പകർന്നു കൊടുക്കുന്നതിന് അൽഫോൻസാമ്മ എന്ന അധ്യാപികക്ക് കഴിഞ്ഞിരുന്നുവെന്ന് അക്കാലത്തെ വിദ്യാർത്ഥികൾ ഓർമിച്ചിരുന്നു. 


 മലയോര ഗ്രാമമായ വാകക്കാട് ദാരിദ്ര്യത്തിലും ദുരിതങ്ങളിലും വേദനകളിലും കഴിഞ്ഞിരുന്നവർക്ക് അൽഫോൻസാമ്മ ആശ്വാസദായകയായിരുന്നു. പ്രാർത്ഥനയിലൂടെയും അധ്വാനത്തിലൂടെയും സഹകരണത്തിലൂടെയും നല്ല നാളെയെക്കുറിച്ചുള്ള പ്രത്യാശ ഏവരിലേക്കും പ്രകാശിപ്പിച്ചു. മറ്റുള്ളവരുടെ വേദനകളിൽ ആശ്വാസമേകികൊണ്ട് സ്വന്തം വേദനകളെ മറന്നു. 


 അൽഫോസാമ്മയുടെ വടിവൊത്ത കൈയക്ഷരം കുട്ടികളുടെയും സഹപ്രവർത്തകരുടെയുമെക്കെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വാകക്കാട് മoത്തിൽ ആയിരുന്നപ്പോൾ അൽഫോൻസാമ്മ പിതാവിനെഴുതിയ കത്ത് ഇന്നും അവിടെ കാണാം. കൂടാതെ അൽഫോൻസാമ്മ ഉപയോഗിച്ചിരുന്ന കട്ടിലും കസേരയും തുന്നൽ സാമഗ്രികളും ഇവിടെ പവിത്രതയോടെ സൂക്ഷിച്ചിരിക്കുന്നു. 
 പഠനത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്കും ജീവിതത്തിൽ ക്ലേശങ്ങൾ അനുഭവിക്കുന്നവർക്കും കരുതലും കാരുണ്യവുമായിരുന്നു അൽഫോൻസാമ്മ. അൽഫോൻസാമ്മ പഠിപ്പിച്ചിരുന്ന ക്ലാസ്സിൻ്റെ സ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന ചാപ്പലിൽ ജൂലൈ മാസത്തിലെ എല്ലാ ദിവസവും കുട്ടികൾ പ്രത്യേക പ്രാർത്ഥന നടത്തുന്നു.

 അൽഫോൻസാമ്മയുടെ തിരുനാളിൻ്റെ തൊട്ടടുത്ത ദിനമായ ജൂലൈ 29 ന് നിരവധിയാളുകൾ കുട്ടികളെ എഴുത്തിനിരുത്തുന്നതിനായ് വാകക്കാട് ഇടവക ദൈവാലയത്തിൽ കൊണ്ടുവരികയും സ്കൂളും കോൺവെൻ്റിൽ അൽഫോസാമ്മ താമസിച്ചിരുന്ന മുറിയും സന്ദർശിച്ച് പ്രാർത്ഥിച്ച് മടങ്ങുകയും ചെയ്യുന്ന പതിവുണ്ട്. അൽഫോൻസാമ്മ അധ്യാപികയായി കുഞ്ഞുങ്ങൾക്ക് പുണ്യം ചൊരിഞ്ഞു കൊടുത്ത വാകക്കാട് വച്ച് എഴുത്ത് തുടങ്ങുക എന്നത് പലരുടെയും വലിയ ആഗ്രഹവും സന്തോഷവുമാണ്. 

 വി. അൽഫോൻസാമ്മയിൽ വിളങ്ങി നിന്നിരുന്ന ദൈവാശ്രയബോധവും ലാളിത്യവും സ്കൂളിലെ എല്ലാ കുട്ടികൾക്കും ലഭ്യമാകുന്നതിനായ് കുട്ടികൾക്ക് പ്രത്യേക പരിശീലനം കൊടുക്കുന്നു. അൽഫോൻസാമ്മയുടെ വിശുദ്ധി അനുഭവിച്ചറിഞ്ഞ കുട്ടികൾ തന്നെയാണ് മരണശേഷം കബറിടത്തിൽ പൂക്കൾവച്ചും തിരികൾ കത്തിച്ചും പ്രാർത്ഥിച്ച് അൽഫോൻസാമ്മയിലേക്ക് ലോകശ്രദ്ധ ആകർഷിക്കുന്നതിന് ഇടവരുത്തിയത് എന്നത് യാദൃശ്ചികം. 


 പാലാ രൂപതയിൽപ്പെട്ട വാകക്കാട് പള്ളികൂടം വി. അൽഫോൻസാമ്മയുടെ അധ്യാപനത്താൽ ധന്യത നേടിയ സ്കൂളാണ്. അൽഫോൻസാമ്മയുടെ അധ്യാപനത്തിൻ്റെ നവതി ആഘോഷം ആദരണീയനായ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി 2021ജൂലൈ 29 ന് ഉദ്ഘാടനം ചെയ്തു. നവതിയുടെ ലോഗോ പാലാ രൂപതാ മെത്രാൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രകാശനം ചെയ്തു. സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ അനുഗ്രഹപ്രഭാഷണവും പാലാ രൂപതാ കോർപ്പറേറ്റ് സെക്രട്ടറി ഫാ. ബർക്കുമാൻസ് കുന്നുംപുറം മുഖ്യപ്രഭാഷണവും നടത്തി.

 അന്നേദിവസം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ നൂറിലധികം വരുന്ന സന്ന്യസ്തർക്ക് ബഹുമാനാദരവുകൾ അർപ്പിച്ച സന്ന്യസ്ത സംഗമം എഫ് സി സി സുപ്പീരിയർ ജനറൽ സി. ആൻ ജോസഫ് ഉദ്ഘാടനം ചെയ്തു. സന്ന്യസ്തരുടെ സേവനങ്ങളെക്കുറിച്ചും അവർ ചെയ്യുന്ന ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളെക്കുറിച്ചും കുട്ടികൾക്കും മാതപിതാക്കൾക്കും സമൂഹത്തിനും ബോദ്ധ്യം കൊടുക്കുന്നതായിരുന്നു ഈ സന്ന്യസ്ത സംഗമം.


 പാഠ്യ പാഠ്യേതര മേഖലകളിൽ വാകക്കാട് സ്കൂളിന് തുടർച്ചയായി മികച്ച നേട്ടങ്ങൾ ഉണ്ടാകുന്നതിനും വർഷം തോറും പഠനത്തിനായ് എത്തുന്ന കുട്ടികളുടെ എണ്ണത്തിലെ വർദ്ധനവിനും കാരണം വി. അൽഫോൻസാമ്മ വഴിയുള്ള പ്രത്യേക ദൈവാനുഗ്രഹമാണെന്ന് ഇവിടുള്ളവർ വിശ്വസിക്കുന്നു.


Post a Comment

0 Comments