Latest News
Loading...

തീക്കോയി ബാങ്ക് ഇലക്ഷനില്‍ മിന്നുംനേട്ടവുമായി രതീഷും സിപിഐയും

തീക്കോയി സഹകരണബാങ്ക് തെരഞ്ഞെടുപ്പില്‍ പാനലിലല്ലാതെ മല്‍സരിച്ച സിപിഐ അംഗം രതീഷ് പിഎസിന്റെ വിജയം സിപിഐയ്ക്ക് ആവേശം പകരുന്നതായി. ബാങ്കില്‍ ശക്തമായ സ്വാധീനമുള്ള കേരള കോണ്‍ഗ്രസ് എമ്മിനെയും വല്യേട്ടന്‍ പാര്‍ട്ടിയായ സിപിഎമ്മിനെയും അവഗണിച്ചാണ് രതീഷ് മല്‍സരരംഗത്തിറങ്ങിയത്. യുവത്വത്തിന്റെ ചുറുചുറുക്കുമായി കളത്തിലിറങ്ങിയ ഗ്രാമപഞ്ചായത്ത് അംഗം കൂടിയായ രതീഷെന്ന 24-കാരന് വലിയ പിന്തുണയാണ് ലഭിച്ചത്. 1767 എന്ന തരക്കേടില്ലാത്ത വോട്ട്ശതമാനവും രതീഷിന് ലഭിച്ചു. 

കാലങ്ങളായി യുഡിഎഫ് ഭരിക്കുന്ന ബാങ്കില്‍, കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിയിലെത്തിയതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഇത്. യുഡിഎഫ് ബാങ്കില്‍ ഇടതുപക്ഷം മല്‍സരികേണ്ടെന്ന നിലപാടാണ് കേരള കോണ്‍ഗ്രസ് സ്വീകരിച്ചത്. നോമിനേഷന് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രം ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ 13 പേരുടെ സ്ഥാനാര്‍ത്ഥി ലിസ്റ്റുമായാണ് കേരള കോണ്‍ഗ്രസ് എം എത്തിയത്. ഇതിനെതിരെ സിപിഐ ശബ്ദമുയര്‍ത്തുകയും മുന്നണി മര്യാദകള്‍ പാലിക്കണമെന്ന് വാദിക്കുകയും ചെയ്‌തെങ്കിലും സിപിഎം നേതൃത്വം വലിയ എതിര്‍പ്പു പ്രകടിപ്പിക്കാഞ്ഞതോടെ സിപിഐ അംഗങ്ങള്‍ യോഗം ബഹിഷ്‌കരിക്കുകയായിരുന്നു. 


തുടര്‍ന്ന് രതീഷിനെ മല്‍സരിപ്പിക്കാന്‍ സിപിഐ തീരുമാനിക്കുകയായിരുന്നു. പ്രവര്‍ത്തകരെ മല്‍സരിപ്പിക്കാത്ത നടപടിയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ എതിര്‍പ്പും ഉയര്‍ന്നിരുന്നു. ഇതും രതീഷിന്റെ വിജയത്തില്‍ നിര്‍ണായകമായി. എഐവൈഎഫിലൂടെ രാഷ്ട്രീയത്തിലെത്തിയ രതീഷിന് പൊതുരംഗത്തുള്ള പിന്തുണയും വിജയഘടകമാണ്. 

എഐവൈഎഫ് തീക്കോയി മേഖല സെക്രട്ടറി, പൂഞ്ഞാര്‍ മണ്ഡലം കമ്മറ്റിയംഗം, മണ്ഡലം പ്രസിഡന്റ് നിയോജക മണ്ഡലം പ്രസിഡന്റ്, കോട്ടയം ജില്ലാ കമ്മറ്റിയംഗം എന്നീ ചുമതലകള്‍ വഹിച്ചിട്ടുള്ള രതീഷ് നിലവില്‍ സിപിഐ പൂഞ്ഞാര്‍ മണ്ഡലം കമ്മറ്റിയംഗമാണ്. 





Post a Comment

0 Comments