Latest News
Loading...

ഭരണങ്ങാനവുമായി കൈകോർത്ത് കൂപ്പർസിറ്റി

പാലാ/ കൂപ്പർസിറ്റി : അമേരിക്കയിലെ ഫ്ലോറിഡാ സംസ്ഥാനത്തുള്ള ബ്രോവാർഡ് കൗണ്ടിയിലെ മുനിസിപ്പൽ നഗരമായ കൂപ്പർ സിറ്റിയും കേരളത്തിലെ അന്തർദേശീയ തീർത്ഥാടന കേന്ദ്രമായ ഭരണങ്ങാനം ഗ്രാമ പഞ്ചായത്തുമായി അന്താരാഷ്ട്ര സൗഹൃദ പങ്കാളിത്ത ഉടമ്പടി പ്രഖ്യാപനം കൂപ്പർസിറ്റി നഗരസഭാ ഹാളിൽ വൈസ് മേയർ ജെഫ് ഗ്രീൻ നിർവ്വഹിച്ചു. ചരിത്രപരമായ തീരുമാനമാണ് പ്രഖ്യാപനമെന്ന് അദ്ദേഹം പറഞ്ഞു. 

ഇരു സ്ഥാപനങ്ങൾക്കും പങ്കാളിത്തം ഗുണകരമാകുമെന്നും ജെഫ് ഗ്രീൻ പറഞ്ഞു. മലയാളികളടക്കമുള്ള ക്ഷണിപ്പെട്ട അതിഥികളെ സാക്ഷി നിറുത്തിയാണ് വൈസ് മേയർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇരു സ്ഥാപനങ്ങളെയും തമ്മിൽ ബന്ധിപ്പിക്കാൻ നേതൃത്വം നൽകിയ ഭരണങ്ങാനം സ്വദേശി ജോയി കുറ്റിയാനി ഭരണങ്ങാനത്തെക്കുറിച്ചും ഇന്ത്യയെക്കുറിച്ചുമുള്ള വിവരങ്ങൾ പങ്കുവച്ചു. ഔദ്യോഗിക പ്രഖ്യാപനത്തിനു ശേഷം പ്രഖ്യാപനരേഖ ഭരണങ്ങാനം പഞ്ചായത്തിന് കൈമാറാനായി ജോയി കുറ്റിയാനിക്കു വൈസ് മേയർ കൈമാറി.

പങ്കാളിത്ത ഉടമ്പടിയിലൂടെ ഭരണങ്ങാനത്തിൻ്റെ ഖ്യാതി കൂടുതൽ സ്ഥലങ്ങളിലേക്ക് എത്തിക്കാനാവുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ചരിത്രപരമായ പങ്കാളിത്ത ഉടമ്പടിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ടെന്നു പഞ്ചായത്ത് പ്രസിഡൻ്റ് ലിസി സണ്ണി പറഞ്ഞു.

അമേരിക്കയിലെ ഒരു നഗരവുമായി കേരളത്തിലെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ആദ്യമായിട്ടാണ് സൗഹൃദപങ്കാളിത്വ ഉടമ്പടി പ്രഖ്യാപിച്ചത്. കൂപ്പർസിറ്റി നഗരസഭയുടെ ഇൻ്റർനാഷണൽ ഫ്രണ്ട്ഷിപ്പ് പ്രോഗം വഴിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

സാംസ്കാരികം, വിദ്യാഭ്യാസം, വിവരസാങ്കേതികം, വ്യാപാരം, ടൂറിസം മേഖലകളിൽ ആഗോള ബന്ധങ്ങൾ സൃഷ്ടിക്കാൻ പദ്ധതി സഹായിക്കും. കല, വിപണനം, ഇൻറർനാഷണൽ വിദ്യാഭ്യാസം, കമ്മ്യൂണിറ്റി വികസനം തുടങ്ങിയവ പ്രാദേശികതലത്തിൽ ഇരുകൂട്ടർക്കും നടപ്പാക്കാനാവും. ആജീവനാന്ത സൗഹൃദങ്ങൾ വളർത്തിയെടുത്തു സമൂഹത്തിനു സമൃദ്ധിയും സമാധാനവും സ്ഥാപിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ഇരു സ്ഥാപനങ്ങളും തമ്മിൽ സംസ്കാരിക വിനിമയത്തിനുള്ള നടപടികൾ സംഘടിപ്പിക്കും. വിദ്യാഭ്യാസ, സാംസ്കാരിക, വ്യവസായിക, ടൂറിസം, ബിസിനസ് മേഖലകൾക്കു ഗുണകരമാകും വിധം ഭരണങ്ങാനത്തിൻ്റെ സാധ്യതകൾ കൂപ്പർസിറ്റി അമേരിക്കയിൽ വിളംബരം ചെയ്യും. ഇരു സ്ഥാപനങ്ങൾക്കും സാമ്പത്തിക ബാധ്യത ഇല്ലാതെയും ഇടനിലക്കാരില്ലാതെയും കൂപ്പർസിറ്റിയും ഭരണങ്ങാനം ഗ്രാമ പഞ്ചായത്തും നേരിട്ടാണ് പദ്ധതികൾ നടപ്പാക്കുന്നത്.

Post a Comment

0 Comments