Latest News
Loading...

കോവിഡ് രോഗിയുടെ കുടുംബത്തിന് ആർടിപിസിആർ നിർബന്ധം


ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്നയിടങ്ങളില്‍ കോവിഡ് രോഗിയെ ആശുപത്രിയിലോ സിഎഫ്എല്‍ടിസിയിലോ പ്രവേശിപ്പിക്കണമെന്ന് പഞ്ചായത്ത് ഡയറക്ടറുടെ പുതിയ മാര്‍ഗനിര്‍ദേശം. രോഗികളുടെ കുടുംബാംഗങ്ങളെ കര്‍ശനമായി ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരാക്കണം. പഞ്ചായത്ത്, വാര്‍ഡ് തല കമ്മിറ്റികള്‍ അടിയന്തരമായി പുനസംഘടിപ്പിക്കാത്ത പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കെതിരെ കര്‍ശനനടപടിയുണ്ടാകുമെന്നും പഞ്ചായത്ത് ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കി.

പഞ്ചായത്ത്, വാര്‍ഡ് തല കമ്മിറ്റികള്‍ക്കാണ് നിയന്ത്രണങ്ങളും നടപടികളും നടപ്പാക്കുന്നതിനുള്ള ചുമതല. അതിനാല്‍ അടിയന്തരമായി ഈ കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കേണ്ട ഉത്തരവാദിത്വം പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കാണ്.

ഒരു പ്രദേശത്ത് കോവിഡ് പോസിറ്റീവുകാരുടെ എണ്ണം കൂടുതലാണെങ്കിൽ കണ്ടെ്ൻമെന്റ്, മൈക്രോ കണ്ടെയ്ൻമെന്റ് നടപടികൾ സ്വീകരിക്കണം. വിവാഹത്തിനും മരണാനന്തരചടങ്ങുകളിലും മറ്റു ഒത്തുചേരലുകളിലും അനുവദിക്കപ്പെട്ട എണ്ണം ആളുകൾ മാത്രമേ പങ്കെടുക്കുന്നുള്ളുവെന്ന് ഉറപ്പാക്കണം.

മാളുകൾ, സിനിമ തിയറ്ററുകൾ, ഓഡിറ്റോറിയങ്ങൾ, ചന്തകൾ എന്നിവിടങ്ങളിൽ ബ്രേക്ക് ദ ചെയിൻ പ്രോട്ടോക്കോൾ ഉറപ്പാക്കുക. അതിഥിത്തൊഴിലാളികളെ ആർടിപിസിആർ ടെസ്റ്റിന് വിധേയരാക്കാൻ പഞ്ചായത്ത്, വാർഡ്തല കമ്മിറ്റികൾ സ്വീകരിക്കണം. ലേബർ ക്യാമ്പുകളിൽ രോഗം സ്ഥിരീകരിച്ചാൽ അവിടം ക്‌ളസ്റ്ററുകളായി തിരിച്ച് കർശന നിരീക്ഷണവും ബോധവത്ക്കരണവും നടത്തണം.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ശേഖരിച്ച് കോവിഡ് ജാഗ്രതാ പോർട്ടലിൽ പഞ്ചായത്തുകൾ അപ്‌ലോഡ് ചെയ്യണം. ഇതിന്റെ ആധികാരികത പഞ്ചായത്തു സെക്രട്ടറിമാർ ഉറപ്പാക്കണം. രോഗവ്യാപനം കൂടുതലള്ള പ്രദേശങ്ങളില്‍ ജിയോമാപ്പിങ് നടത്തണം.

വയോജനങ്ങൾ, സാന്ത്വന ചികിത്സയിലുള്ളവർ, ജീവിതശൈലീ രോഗങ്ങളുള്ളവർ, ഭിന്നശേഷിക്കാർ, തീരദേശവാസികൾ, ചേരിപ്രദേശങ്ങളിൽ കഴിയുന്നവർ, കെയർ ഹോമിലെ അന്തേവാസികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, അതിഥിത്തൊഴിലാളികൾ എന്നീ വിഭാഗങ്ങളുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കാൻ മുൻഗണന. ഇവർക്കു കോവിഡ് ടെസ്റ്റ് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

Post a Comment

0 Comments