Latest News
Loading...

വോട്ടെണ്ണൽ ദിനത്തിൽ ലോക് ഡൗൺ ഇല്ല


സംസ്ഥാനത്ത് വോട്ടെണ്ണൽ ദിനത്തിൽ ലോക് ഡൗൺ ഏർപ്പെടുത്തില്ല. മെയ് രണ്ടിന് ലോക് ഡൗൺ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. ലോക് ഡൗൺ ആവശ്യപ്പെട്ട് മൂന്ന് സ്വകാര്യ ഹർജികളാണ് കോടതിയ്ക്ക് ലഭിച്ചത്. സംസ്ഥാനത്ത് കൊറോണ വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലായിരുന്നു ആവശ്യം.

വോട്ടെണ്ണൽ ദിനത്തിലെ ആഹ്ലാദ പ്രകടനങ്ങൾ കൊറോണ വ്യാപനം രൂക്ഷമാക്കുമെന്ന് ചൂണ്ടാക്കിട്ടിയായിരുന്നു ഹർജി നൽകിയത്. തെരഞ്ഞെടുപ്പ് ദിനത്തിൽ കൊട്ടിക്കലാശം പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും, സർക്കാരും നിർദ്ദേശം നൽകിയെങ്കിലും ഇതൊന്നും പാലിക്കപ്പെട്ടില്ല. ഇതിൽ നടപടിയെടുക്കാനും സർക്കാർ തയ്യാറായില്ല. അതിനാൽ മെയ് രണ്ടിന് ലോക് ഡൗൺ ഏർപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

എന്നാൽ സർവ്വ കക്ഷി യോഗത്തിന് ശേഷം ഉചിതമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും അതിനാൽ ലോക് ഡൗൺ ഏർപ്പെടുത്തേണ്ട ആവശ്യമില്ലെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. അന്നേ ദിവസം ആഹ്ലാദ പ്രകടനങ്ങൾ ഉൾപ്പെടെ വേണ്ടെന്നുവെച്ചിട്ടുണ്ടെന്നും, മാർഗ്ഗ രേഖ പുറപ്പെടുവിച്ചിട്ടുണ്ടെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചു. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് സംസ്ഥാനത്ത് ലോക് ഡൗൺ വേണ്ടെന്ന് കോടതി ഉത്തരവിട്ടത്.

സർക്കാരും, തെരഞ്ഞെടുപ്പ് കമ്മീഷനും കൈക്കൊണ്ട നടപടികൾ പര്യാപ്തമാണെന്നും കോടതി നിരീക്ഷിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാരിന് കഴിയും. ഇതിൽ പ്രത്യേകം ഉത്തരവ് പുറപ്പെടുവിക്കേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് അശോക് മേനോൻ ആണ് വിധി പറഞ്ഞത്

Post a Comment

0 Comments