Latest News
Loading...

കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ്: പരിഭ്രാന്തി വേണ്ടെന്ന് ജില്ലാ കളക്ടര്‍


കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ടാം ഡോസ് എടുക്കാന്‍ സമയമായവര്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാന്‍ കഴിയാത്തതിന്‍റെ പേരില്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. 
കോവിഷീല്‍ഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് ആറ് ആഴ്ച്ച മുതല്‍ എട്ട് ആഴ്ച്ച വരെയുള്ള സമയപരിധിക്കുള്ളില്‍ രണ്ടാം ഡോസ് സ്വീകരിച്ചാല്‍ മതിയാകും. 

വാക്‌സിന്റെ ലഭ്യതക്കുറവുള്ളതിനാല്‍ ശരാശരി 35 ക്യാമ്പുകളിലായി എണ്ണായിരത്തോളം പേര്‍ക്കാണ് ഒരു ദിവസം ഇപ്പോള്‍ കുത്തിവയ്പ്പ് നല്‍കുന്നത്. കോവിഡ് പ്രതിരോധ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുകൂടി പരിഗണിച്ചാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് മൂന്നിനാണ് www.cowin.gov.in പോര്‍ട്ടലില്‍ വാക്‌സിനേഷന്‍ ബുക്കിംഗ് ആരംഭിക്കുന്നത്. മൊബൈല്‍ നമ്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്ത് പിറ്റേ ദിവസത്തെ ക്യാമ്പുകളില്‍ ബുക്കിംഗ് നടത്താം. 

ഓരോ കേന്ദ്രത്തിലും അനുവദിച്ചിട്ടുള്ള ബുക്കിംഗ് തീരുമ്പോള്‍ ആ കേന്ദ്രം പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെടുംവിധമാണ് ദേശീയ തലത്തില്‍ പോര്‍ട്ടല്‍ സജ്ജീകരിച്ചിരിക്കുന്നത്. വാക്‌സിന്‍ കൂടുതല്‍ ലഭ്യമാകുന്ന മുറയ്ക്കു മാത്രമേ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കാനും കഴിയൂ.

കൂടുതല്‍ ഡോസ് വാക്‌സിന്‍ ലഭ്യമാകുന്നതോടെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടവര്‍ക്ക് നിര്‍ദ്ദിഷ്ഠ സമയപരിധിക്കുള്ളില്‍ കൃത്യമായി വാക്‌സിന്‍ നല്‍കാന്‍ നടപടിയെടുക്കുന്നതാണ്. 

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ എത്തുന്ന ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, കൗണ്ടിംഗ് ഏജന്റുമാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ രണ്ടു ഡോസ് വാക്‌സിന്‍ എടുക്കുകയോ വോട്ടെണ്ണല്‍ ആരംഭിക്കുന്നതിനുമുന്‍പ് 72 മണിക്കൂറിനുള്ളില്‍ ലഭിച്ച ആര്‍.ടി.പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയോ ചെയ്യണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശിക്കുന്നുണ്ട്. ഈ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് വരും ദിവസങ്ങളില്‍ വാക്‌സിന്‍ നല്‍കുന്നതിനുള്ള സാധ്യത പരിശോധിക്കും. ഇതിനു കഴിഞ്ഞില്ലെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്കുവേണ്ട ക്രമീകരണം ഏര്‍പ്പെടുത്തും. 

വാക്‌സിനേഷന്‍ നടപടികള്‍ സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് എല്ലാവരും സഹകരിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

Post a Comment

0 Comments