എരുമേലിയെ ഇളക്കി മറിച്ച് രാഹുല്‍ ഗാന്ധി
എരുമേലി: ഇരമ്പിയാര്‍ന്ന കടല്‍ പോലെയായിരുന്നു എരുമേലിയെന്ന ചെറുപട്ടണം ഇന്നലെ. രാവിലെ എട്ടു മണി മുതല്‍ തന്നെ കോണ്‍ഗ്രസിന്റെ കൊടിയും രാഹുല്‍ ഗാന്ധിയുടെയും അഡ്വ. ടോമി കല്ലാനിയുടെയും കട്ടൗട്ടുമൊക്കെയായി ആയിരങ്ങളാണ് അയ്യപ്പന്‍മാര്‍ പേട്ടതുള്ള പുണ്യപാതയുടെ ഇരുവശത്തുമായി നിലയുറപ്പിച്ചത്.പ്രസിദ്ധമായ എരുമേലി പേട്ടത്തുള്ളലിനെ അനുസ്മരിപ്പിക്കുന്നതുപോലെയായിരുന്നു ജനക്കൂട്ടം. പൊരിഞ്ഞ വെയിലിനെ കൂസാതെ മണിക്കൂറുകളോളം കാത്തിരുന്നവര്‍ക്കിടയില്‍ ഉച്ചകഴിഞ്ഞ് 2.45 ഓടെ ആവേശം ഇരട്ടിയാക്കി രാഹുല്‍ ഗാന്ധി കനകപ്പലം കഴിഞ്ഞെന്ന അറിയിപ്പ് കിട്ടി.

ഇതോടെ ജനക്കൂട്ടം ഇളകിയാര്‍ത്തു. വലിയമ്പലത്തിനു സമീപം നിന്ന സ്ഥാനാര്‍ത്ഥി അഡ്വ. ടോമി കല്ലാനിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പതുക്കെ മുമ്പോട്ടെത്തുമ്പോഴേക്കും രാഹുല്‍ ഗാന്ധിയുടെ വാഹനം എത്തി. മൂവര്‍ണ്ണക്കൊടി വീശിയും കട്ടൗട്ടുകള്‍ ഉയര്‍ത്തിയും പ്രവര്‍ത്തകര്‍ ഒന്നടങ്കം ആവേശ ലഹിരിയിലായി. ഇതോടെ വാഹനത്തിന്റെ റൂഫ് ടോപ്പ് മാറ്റി സ്ഥാനാര്‍ത്ഥിയും രാഹുല്‍ ഗാന്ധിയും ഒരുമിച്ച് എല്ലാവരെയും അഭിവാദ്യം ചെയ്ത് മുന്നോട്ട്. തുടര്‍ന്ന് വലിയമ്പലത്തിലേക്ക്. അടഞ്ഞു കിടന്ന ക്ഷേത്രത്തിലേക്ക് നോക്കി തൊഴുതശേഷം വാഹനത്തിലേക്ക്.

റോഡ്‌ഷോയില്‍ ഇരുവശവും തിങ്ങി നിറഞ്ഞ പതിനായിരങ്ങളെ അഭിവാദ്യം ചെയ്ത് മുമ്പോട്ടു പോകുമ്പോള്‍ പ്രവര്‍ത്തകര്‍ക്ക് ആവേശം വാനോളം. തുടര്‍ന്ന് പേട്ടക്കവലയിലെത്തിയപ്പോള്‍ ചെറിയമ്പലത്തിലേക്കും വാവരു പള്ളിയിലേക്കും നോക്കി ഒന്നു തൊഴുതു. പിന്നെ പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന പ്രസംഗം. കെസി വേണുഗോപാല്‍ എംപി പ്രസംഗം മൊഴിമാറ്റി. രാഹുല്‍ ഗാന്ധിയുടെ ഓരോ വാക്കിനും കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് തിങ്ങിക്കൂടിയ ജനക്കൂട്ടവും ആവേശമാക്കി.


പ്രസംഗ ശേഷം അടുത്തു കണ്ട കൊച്ചു പെണ്‍കുട്ടിയെ അരികിലേക്ക് വിളിച്ച് പൂവും മിഠായിയും നല്‍കി സ്‌നേഹം പ്രകടിപ്പിച്ചു. ഇതിനിടെ സ്ഥാനാര്‍ത്ഥിയും ചെറിയ വാക്കില്‍ വോട്ടഭ്യര്‍ത്ഥന നടത്തി. തുടര്‍ന്ന് മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധിക്ക് നന്ദി പരഞ്ഞ് പ്രസംഗം അവസാനിപ്പിച്ചു. വാഹനത്തില്‍ നിന്നും ചാടിയിറിങ്ങി ചെറിയമ്പലത്തിലും വാവരു പള്ളിയിലും കയറി കാണിക്കയിട്ട് തൊഴുതു. ഇടുക്കിയിലെ പരിപാടി വീണ്ടും വൈകുമെന്ന് ഓര്‍മ്മപ്പെടുത്തല്‍ വന്നതോടെ വാഹനത്തില്‍ കയറി നേരത്തെ കൂവപ്പള്ളിയിലെ എന്‍ജിനീയറിങ് കോളേജിലേക്ക്. അവിടെ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനെ സ്ഥാനാര്‍ത്ഥി അഡ്വ. ടോമി കല്ലാനിക്കൊപ്പം കണ്ട് ഇത്തിരി നേരം ചെലവഴിച്ചു. സൗഹൃദം പങ്കുവച്ച് വീണ്ടും ഹെലികോപ്ടറില്‍ പീരുമേട്ടിലേക്ക്...

Content by election committee