Latest News
Loading...

പൊതു പരീക്ഷകൾ ഇനി മാറ്റിവെക്കരുത് - ടീച്ചേഴ്സ് മൂവ്മെൻ്റ്


തെരഞ്ഞെടുപ്പിൻ്റെ പേരിൽ എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകൾ ഇനി മാറ്റിവെക്കുന്നത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളോട് ചെയ്യുന്ന കൊടും ക്രൂരതയാണെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻ്റ് അഭിപ്രായപ്പെട്ടു.

കോവിഡ് പ്രതിസന്ധി കാരണം ക്ലാസുകൾ നടക്കാതിരിക്കുകയും വിക്ടേഴ്സ് ചാനൽ വഴി പരിമിതമായ ചില പാഠഭാഗങ്ങൾ മാത്രം പഠിപ്പിക്കുകയും പല വിഷയങ്ങളിലും ഒരു ക്ലാസ് പോലും നടക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ പൊതു പരീക്ഷകൾ മെയ് മാസത്തിലേക്ക് മാറ്റിവെക്കണമെന്ന അഭിപ്രായം ഉയർന്നിരുന്നു.

എന്നാൽ ഇലക്ഷനു മുമ്പ് പരീക്ഷകൾ നടത്തി അതിൻ്റെ രാഷ്ട്രീയലാഭം കൂടി മുന്നിൽ കണ്ട് മാർച്ചിൽ തന്നെ പൊതു പരീക്ഷകൾ നടത്താൻ സർക്കാർ വാശി പിടിച്ചു. ഏപ്രിൽ 6 മുമ്പ് പരീക്ഷാ ഫലം വരില്ല എന്ന കാരണം മാത്രമാണ് ഇപ്പോൾ പരീക്ഷകൾ മാറ്റിവെക്കണമെന്ന വാദത്തിനടിസ്ഥാനം.

ഇപ്പോൾ പാഠഭാഗം കുറച്ചും ചോദ്യങ്ങൾ കൂട്ടിയും ജനുവരി ഒന്നു മുതൽ അദ്ധ്യാപകർ സ്കൂളിലെത്തി കുട്ടികളെ പഠിപ്പിക്കുകയും പരീക്ഷക്ക് വേണ്ടി തയ്യാറാക്കുകയും മാതൃകാപരീക്ഷയിലൂടെ കുട്ടികൾ കടന്നു പോവുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ ന്യായമായ യാതൊരു കാരണവുമില്ലാതെ പരീക്ഷ മാറ്റിവെക്കണം എന്ന് പറയുന്നത് വിവേകശൂന്യതയാണ്.

ഏപ്രിൽ 6 മുതൽ ആരംഭിക്കുന്ന തെരെഞ്ഞെടുപ്പിന്റെ പേരിൽ പൊതു പരീക്ഷകൾ മാറ്റി വയ്ക്കുന്നത് ഒരു നിലക്കും ന്യായീകരിക്കാൻ സാധ്യമല്ല. കാരണം, അധ്യാപകർക്ക് ഒരു ദിവസത്തെ ഇലക്ഷൻ ക്ലാസ് മാത്രമാണ് ഈ സമയത്ത് അധികമായി വരുന്നത്.

ഏപ്രിലിലേക്ക് പരീക്ഷ മാറ്റി വെച്ചാൽ കൊടും ചൂടിൽ കുട്ടികൾ പരീക്ഷ എഴുതേണ്ടി വരും. ഏപ്രിൽ 14 ന് റമദാൻ ആരംഭിക്കുന്നതിനാൽ വലിയൊരു വിഭാഗം കുട്ടികൾ ചൂടിൻ്റെയും നോമ്പിൻ്റെയും പ്രയാസം ഒന്നിച്ചനുഭവിച്ച് പരീക്ഷ എഴുതേണ്ടി വരും. മാർച്ചിൽ പരീക്ഷകൾ കഴിഞ്ഞാൽ മാത്രമേ ഏപ്രിലിൽ പ്രാക്റ്റിക്കൽ പരീക്ഷ നടത്താനാകൂ.

മെയിൽ മൂല്യനിർണയം പൂർത്തിയാക്കി ജൂൺ ആദ്യമെങ്കിലും ഫലം പ്രഖ്യാപിക്കണമെങ്കിൽ മാർച്ചിൽ തന്നെ പരീക്ഷ നടക്കണം. ഇലക്ഷൻ കഴിയുമ്പോൾ കോവിഡ് നിരക്ക് വീണ്ടും കൂടിയേക്കാം. ഹയർ സെക്കണ്ടറിയെ സംബന്ധിച്ചിടത്തോളം ഒന്നാം വർഷ പൊതു പരീക്ഷയും നടക്കേണ്ടതുണ്ട്. രണ്ടാം വർഷ പരീക്ഷ നീണ്ടുപോകുന്നതനുസരിച്ച് ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള തയ്യാറെടുപ്പുകളും പരീക്ഷയും വൈകും. 
ഹയർ സെക്കണ്ടറി പരീക്ഷയിലുണ്ടാകുന്ന താളപ്പിഴകൾ വിവിധങ്ങളായ ഉന്നത പഠനമേഖലകളെ പ്രതികൂലമായി ബാധിക്കും. 

യോഗത്തിൽ പ്രസിഡണ്ട് മുഹമ്മദ് ബഷീർ.കെ.കെ, ജനറൽ സെക്രട്ടറി എ.എ. കബീർ എന്നിവർ പങ്കെടുത്തു. കെ. നൂഹ്. വഹീദാ ജാസ്മിൻ, കെ.ഹനീഫ, നാസർ ചേരൂർ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments