Latest News
Loading...

കാപ്പൻ കുടുംബത്തിൻ്റെ കരുതലിൽ രാജന് വീടുവയ്ക്കാനുള്ള സ്ഥലം സൗജന്യമായി ലഭ്യമാക്കി


പാലാ: കാപ്പൻ കുടുംബത്തിൻ്റെ  കരുതലിൽ പാലാ പുത്തൻപള്ളിക്കുന്ന് പാട്ടത്തിൽപറമ്പിൽ രാജന് വീടുവയ്ക്കാൻ സ്ഥലം ലഭ്യമാക്കി. രാജന് വീട് വയ്ക്കാനാവശ്യമായ മൂന്ന് സെൻ്റ് സ്ഥലത്തിൻ്റെ ആധാരം മാണി സി കാപ്പൻ എം എൽ എയും സഹോദരൻ ചെറിയാൻ സി കാപ്പനും ചേർന്ന് ഇന്നലെ രാജന് കൈമാറി. കവീക്കുന്നിൽ വാടകയ്ക്ക് താമസിക്കുന്ന രാജൻ്റെ താമസസ്ഥലത്തെത്തിയാണ് ആധാരം കൈമാറിയത്.  

ചെറിയാൻ സി കാപ്പൻ, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, ബ്ലഡ് ഫോറം കൺവീനർ ഷിബു തെക്കേമറ്റം, സിറിൾ സി കാപ്പൻ, സൂരജ് കെ ആർ , പാലാ യു പി ജി എസ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രസിഡൻ്റ് ബാബു വി.ജെ, വൈസ് പ്രസിഡൻറ് ലാലു പി. എസ്, അനിൽ കെ.വി എന്നിവർ പങ്കെടുത്തു.

രോഗിയായ രാജൻ്റെ ദുരവസ്ഥ വാർത്തകളിലൂടെ അറിഞ്ഞ മാണി സി കാപ്പൻ എം എൽ എ യും സഹോദരൻ ചെറിയാൻ സി കാപ്പനും രാജനു വീടു വയ്ക്കാൻ മൂന്ന് സെൻ്റ് സ്ഥലം നൽകാൻ തീരുമാനിക്കുകയായിരുന്നു.

മുൻ എം പി യും എം എൽ എ യും പാലാ നഗരസഭ ചെയർമാനുമായിരുന്ന ചെറിയാൻ ജെ കാപ്പൻ, ഭാര്യ ത്രേസ്യാമ്മ കാപ്പൻ എന്നിവരുടെ ഓർമ്മയ്ക്കായി ഇടപ്പാടിയിൽ വാങ്ങിയ 53 സെൻറ് സ്ഥലത്തിൽ നിന്നും മൂന്ന് സ്ഥലമാണ് രാജന് വീടുവയ്ക്കാൻ സൗജന്യമായി നൽകുന്നതെന്ന് ചെറിയാൻ സി കാപ്പൻ അറിയിച്ചു. നേരത്തെ വീടില്ലാത്തതിനാൽ കിടങ്ങൂർ പാലത്തിനടിയിൽ വർഷങ്ങളായി താമസിച്ചു വന്നിരുന്ന രണ്ടു കുടുംബങ്ങൾക്ക് വീടു വയ്ക്കുന്നതിനായി ഇവിടെ ആറ് സെൻ്റ് സ്ഥലം വിട്ടു നൽകിയിരുന്നു.  

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പാലാ മേഖല, പാലാ യുപിജിഎസ് സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ, പാലാ ബ്ലഡ്ഫോറം, ജനമൈത്രി പോലീസ് തുടങ്ങിയവയുടെ നേതൃത്വത്തിൽ രാജന് വീടുവച്ചു നൽകുമെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്. സ്ഥലം ലഭ്യമായ സാഹചര്യത്തിൽ വീടു പണി ഉടൻ ആരംഭിക്കുമെന്ന് സംഘാടക സമിതി ഭാരവാഹി കെ ആർ സൂരജ് അറിയിച്ചു.

നിത്യരോഗിയായി നടക്കാൻപോലും കഴിയാതിരിക്കുന്ന ഏക മകൻ അലോഷിയുടെ ചികിത്സയ്ക്കായും ജീവിത ചെലവിനുമായി രോഗിയായ രാജൻ കൂലിവേല ചെയ്യുകയാണ്. നട്ടെല്ലിനു അകൽച്ചയുള്ളതിനാൽ തുടർച്ചയായി പണിക്കു പോകാൻ രാജന് സാധിക്കാറില്ല.  മകൻ അലോഷിയ്ക്കു വൈദ്യശാസ്ത്രത്തിൽ ചികിത്സയില്ലെന്നു ഡോക്ടർമാർ വിധിയെഴുതിയിട്ടുണ്ട്. പരസഹായമില്ലാതെ ഒന്നും ചെയ്യാൻ അലോഷിക്കു സാധിക്കാത്തതിനാൽ അമ്മ ഓമന എപ്പോഴും കൂടെയുണ്ട്. സ്കൂൾ പഠനകാലത്ത് കായികരംഗത്ത് വിജയം നേടിയിട്ടുള്ള രാജന് ഇപ്പോൾ കാപ്പൻ കുടുംബവും സൻമനസുള്ള നാട്ടുകാരും ആശ്വാസം പകരുകയാണ്.


Post a Comment

0 Comments