Latest News
Loading...

ആള്‍ക്കൂട്ടം ഒഴിവാക്കി അകലം ഉറപ്പാക്കി നീറ്റ് പരീക്ഷ

വിദ്യാര്‍ഥികളും രക്ഷിതാക്കളും കൂട്ടം കൂടുന്ന സാഹചര്യം ഒഴിവാക്കുന്നതിന് കോട്ടയം ജില്ലാ ഭരണകൂടം സ്വീകരിച്ച മുന്‍കരുതലുകള്‍ ഫലപ്രദമായി. ജില്ലയിലെ 34 കേന്ദ്രങ്ങളിലും കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ നീറ്റ് (യു.ജി) പരീക്ഷ നടത്തിയത്. 

ആരോഗ്യം, പോലിസ്, റവന്യു വകുപ്പുകളിലെ ഉദ്യോഗസ്ഥരും  കോവിഡ് ക്വിക് റെസ്‌പോണ്‍സ് ടീമുകളും പരീക്ഷാ കേന്ദ്രങ്ങള്‍ക്കു പുറത്തുള്ള രോഗപ്രതിരോധ ക്രമീകരണങ്ങളില്‍ പങ്കാളികളായി. കോട്ടയം, പാലാ ആര്‍.ഡി.ഒമാര്‍ക്കായിരുന്നു ഏകോപനച്ചുമതല. താലൂക്ക് തലത്തില്‍ തഹസില്‍ദാര്‍മാര്‍  മേല്‍നോട്ടം വഹിച്ചു. ഉദ്യോഗസ്ഥര്‍ തത്സമയം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ എം. അഞ്ജനയും ജില്ലാ പോലീസ് മേധാവി ജി. ജയദേവും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. ഇരുവരും വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തു.



മുന്‍കൂട്ടി അനുവദിച്ച ടൈം സ്ലോട്ടുകളില്‍ രാവിലെ 11 മുതലാണ് വിദ്യാര്‍ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. എല്ലായിടത്തും പരീക്ഷാ കേന്ദ്രത്തില്‍നിന്നു മാറി വാഹന പാര്‍ക്കിംഗിന് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു.  പാര്‍ക്കിംഗ് സ്ഥലത്തു നിന്നും  പരീക്ഷാ കേന്ദ്രങ്ങളിലേക്കും തിരികെയും നടന്ന് എത്താന്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത് തിരക്ക് ഒഴിവാക്കുന്നതിന് സഹായമായി.

ക്രമസമാധാനം ഉറപ്പാക്കുന്നതിനും പോലീസിനെ നിയോഗിച്ചിരുന്നു. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം വൈദ്യുതി ബോര്‍ഡ് പരീക്ഷാ കേന്ദ്രങ്ങളില്‍ മുടക്കമില്ലാതെ വൈദ്യുതി ലഭ്യമാക്കി.