പാലാ നഗരസഭാ ബജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ മായാ രാഹുല്‍ അവതരിപ്പിച്ചു. കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു അധ്യക്ഷത വഹിച്ചു. 72.76 കോടി രൂപ വരവും 69.39 കോടി രൂപ ചെലവും 33.64 ലക്ഷം രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
അടിസ്ഥാന സൗകര്യ വികസനം, റോഡുകളുടെ നവീകരണം, കുടിവെള്ള വിതരണം, ശുചിത്വം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്നു. അതോടൊപ്പം വരുമാന വര്‍ധനവും സാമ്പത്തിക നിയന്ത്രണവും ഉറപ്പാക്കുന്ന ശക്തമായ നടപടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പാലാ നഗരത്തിന്റെ ഹൃദയ ഭാഗത്ത് നിലവില്‍ 5.5 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ''ലണ്ടന്‍ ബ്രിഡ്ജ് ആന്‍ഡ് അമിനിറ്റീസ്' പദ്ധതി പൊതുജനങ്ങള്‍ക്ക് ഒരു പ്രയോജനവും ഉണ്ടാകാതെ ഒരു ബാധ്യത ആയ സാഹചര്യം നിലനില്‍ക്കുന്നു. അതിന് ശാപമോക്ഷം നല്കുന്നതിനും യഥാര്‍ത്ഥ ശോഭയും സാര്‍ഥകതയും ലഭ്യമാക്കുന്നതിനും മീനച്ചില്‍ ആറിന്റെ ഇരു കരകളെയും ലണ്ടന്‍ ബ്രിഡ്ജിനെയും തോണിക്കടവിനെയും ബന്ധിപ്പിക്കുന്നതിനും വേണ്ടി ആധുനിക തൂക്കുപാലം നിര്‍മ്മിക്കുന്നതിന് പദ്ധതി തയ്യാറാക്കുന്നു. ടൂറിസം വകുപ്പിന്റെ അധീനതയിലുള്ള ഈ പ്രസ്ഥാനത്തിന് നവജീവന്‍ പകര്‍ന്നു നല്‍കുന്നതിനായി ആവശ്യമായ ഭരണപരവും സാങ്കേതികവുമായ നടപടികള്‍ സ്വീകരിക്കുകയും വിവിധ അനുമതികള്‍ നേടുകയും ചെയ്യും.
ഫോട്ടോഷൂട്ടുകള്‍ക്കും സാംസ്‌കാരിക പരിപാടികള്‍ക്കും അനുയോജ്യമായ പ്രദേശമായി ഈ കേന്ദ്രത്തെ വികസിപ്പിച്ച് ടൂറിസത്തിന്റെ അനന്തസാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തു ന്നതിന് പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കും. കുട്ടികള്‍ക്കായി സുസജ്ജമായ മിനി പാര്‍ക്ക് നിര്‍മ്മിക്കുകയും കുടുംബസൗഹൃദ വിനോദകേന്ദ്രമായി ഈ പ്രദേശത്തെ മാറ്റുകയും ചെയ്യും. നിലവിലുള്ള മിനി കോണ്‍ഫറന്‍സ് ഹാളിന്റെ അറ്റകുറ്റപ്പണികളും നവീകരണവും നടത്തി അത് ഫലപ്രദമായി ഉപയോഗിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. സമഗ്രമായ വികസനത്തിനായി വിശദമായ പദ്ധതിപ്രമാണം (DPR) തയ്യാറാക്കുന്നതിനും പ്രാരംഭ ചിലവുകള്‍ക്കുമായി 68 ലക്ഷം രൂപ വകയിരുത്തുന്നതാണ്. ഈ ബഹുവര്‍ഷ പദ്ധതിക്ക് തുടര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ അധിക ധനസഹായം നഗരസഭാ പദ്ധതി വിഹിതത്തില്‍ നിന്നും എം.പി./എം.എല്‍.എ. ഫണ്ടുകളില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ വിഹിതങ്ങളില്‍ നിന്നും കേന്ദ്ര, സംസ്ഥാന ടൂറിസം വകുപ്പുകളില്‍ നിന്നും കണ്ടെത്തുന്നതിന് ശ്രമം നടത്തും.
നഗരസഭാ ഓഫീസ് കെട്ടിടത്തില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നത് കാലാനുസൃതവും അനിവാര്യവുമായ ഒരു അടിസ്ഥാന സൗകര്യ വികസന നടപടിയാണ്. നിലവില്‍ പ്രായമായവര്‍ക്കും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കും കുട്ടികളോടൊപ്പം എത്തുന്ന മാതാപിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഓഫീസിലെ വിവിധ വിഭാഗങ്ങളിലെത്താന്‍ പടികള്‍ കയറേണ്ട സാഹചര്യമാണുള്ളത്. ഈ സാഹചര്യം പരിഹരിക്കുന്നതിനായി ഓഫീസ് കെട്ടിടത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ആധുനിക ലിഫ്റ്റ് സംവിധാനം സ്ഥാപിക്കുന്ന പദ്ധതിക്ക് 25 ലക്ഷം രൂപ മാറ്റിവച്ചിരിക്കുന്നു.
RV പാര്‍ക്കില്‍ നൈറ്റ് സായാഹ്ന വ്യാപാര മേളകള്‍ സംഘടിപ്പിക്കുന്നതിനും, അതിനായി ആവശ്യമായ താല്‍ക്കാലിക പവലിയന്‍ നിര്‍മ്മാണത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി 5 ലക്ഷം രൂപ ധനകാര്യ കമ്മീഷന്‍ ഗ്രാന്റില്‍ നിന്നും വകയിരുത്തുന്നു. അവധി ദിവസങ്ങളിലും ഒഴിവ് ദിവസങ്ങളിലും പൊതുജനങ്ങള്‍ക്ക് വിനോദത്തിനും കുടുംബസമേതം സമയം ചെലവഴിക്കാനും, വിപണന പ്രവര്‍ത്തനങ്ങള്‍ നടത്താനും പുതുതായി ആരംഭിക്കുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനുമുള്ള വേദിയായ ആര്‍.വി. പാര്‍ക്കിനെ മാറ്റുകയാണ് ലക്ഷ്യം.
കൊട്ടാരമറ്റം മുതല്‍ പാലാ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായ അനധികൃതമായോ നിയന്ത്രണമില്ലാതെയോ പ്രവര്‍ത്തിക്കുന്ന അനേകം പാന്‍മസാല കടകള്‍ സമൂഹത്തില്‍ ഗുരുതരമായ വെല്ലുവിളി സൃഷ്ടിക്കുകയാണ്.
നഗരത്തിലുള്ള പാന്‍മസാല/ അനധികൃത ലഹരി വില്‍പ്പന കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും പരിശോധന ശക്തമാക്കുകയും ചെയ്യും. ലൈസന്‍സ് ഇല്ലാതെ നടത്തുന്ന ഇത്തരം തെരുവ് വ്യാപാര കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കും. റസിഡന്‍സ് അസോസിയേഷന്റെയും വ്യാപാരി വ്യവസായി സംഘടനകളുടെയു സഹകരണത്തോടെ വാച്ച് ഗ്രൂപ്പുകള്‍ സ്ഥാപിക്കും. പുതിയ തലമുറയെ രക്ഷിക്കുക എന്നത് നമ്മുടെ സമൂഹത്തിന്റെ ഏറ്റവും വലിയ ഉത്തരവാദിത്വമാണ്. വിമുക്തി ഫണ്ടില്‍ നിന്നും 1 ലക്ഷം രൂപ ഈ പദ്ധതിക്കായി മാറ്റി വയ്ക്കുന്നതാണ്.
മാണി സി. കാപ്പന്‍ എം.എല്‍.എ. യുടെ ഫണ്ടില്‍ നിന്ന് 78.09 കോടി പാലാ നഗരസഭയുടെ പരിധിക്കുള്ളിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിട്ടുണ്ട്. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ക്യാന്‍സര്‍ രോഗികളുടെ ആവശ്യകത പരിഗണിച്ച് എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ സമ്പൂര്‍ണ ക്യാന്‍സര്‍ സെന്ററായി ഈ ആശുപത്രിയെ വികസിപ്പിക്കുന്നതില്‍ 'ലിനാക്' അഥവാ ലീനിയര്‍ ആക്സിലറേറ്റര്‍ മെഷീന്റെ സ്ഥാപനം നിര്‍ണായകമായൊരു മുന്നേറ്റമായിരിക്കും. ഇതിനായി MP/MLA ഫണ്ടില്‍ നിന്നും 9 കോടി രൂപ ഉള്‍പ്പെടുത്തിയിരിക്കുന്നു. ആരോഗ്യ മേഖലയിലെ നഗരസഭയുടെ കീഴില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഹോമിയോ ആശുപത്രിയുടെ സേവനം കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കാനും ജനസേവനം കൂടുതല്‍ ഫലപ്രദമാക്കുന്നതിനുമായി മരുന്നുകള്‍ വാങ്ങുന്നതിനും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി പതിനാലര വകയിരുത്തിയിട്ടുണ്ട്.
നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയുടെ വികസനത്തിന് പ്രത്യേക പ്രാധാന്യം നല്‍കി, രോഗികള്‍ക്കും പരിചരണക്കാര്‍ക്കുമായി യോഗ പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്നതിനും ആവശ്യമായ മരുന്നുകളും ആശുപത്രിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഫര്‍ണിച്ചറുകളും ഉപകരണങ്ങളും വാങ്ങുന്നതിനുമായി പതിനഞ്ച് ലക്ഷം രൂപ വകയിരുത്തി.
മഹാകവി കുമാരനാശാന്റെ സ്മരണയെ ആദരിക്കുകയും കുട്ടികള്‍ക്കായി മികച്ച വിനോദവിദ്യാഭ്യാസ കേന്ദ്രമായി ചില്‍ഡ്രന്‍സ് പാര്‍ക്കിനെ വീണ്ടും സജീവമാക്കുകയും ചെയ്യുന്നതിനായി പാര്‍ക്കിന്റെ അറ്റകുറ്റപ്പണികളും വികസനവും നടത്തുന്നതോടൊപ്പ: അവിടെ മഹാകവി കുമാരനാശാന്റെ ഒരു പൂര്‍ണകായ പ്രതിമ സ്ഥാപിക്കുന്നതിനുമായ ആകെ പതിനാറ് ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
വയോമിത്രം പദ്ധതി. സാമൂഹ്യ സുരക്ഷാ മിഷന്‍ പ്രവര്‍ത്തനങ്ങള്‍, യാചക പുനരധിവാസം, പാലിയേറ്റീവ് കെയര്‍ സേവനങ്ങള്‍, പ്രൈമറി കെയര്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി ആകെ ഇരുപത്താറ് ലക്ഷത്തി അമ്പതിനായിരം രൂപയാണ് ഈ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.
ഭിന്നശേഷിക്കാരായ വ്യക്തികളുടെ ക്ഷേമവും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിനായി മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനും ആവശ്യമായ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനും കൂടാതെ ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച വാഹനങ്ങള്‍ ലഭ്യമാക്കുന്നതിനുമായി ആകെ മൂന്നര ലക്ഷം രൂപയാണ് ഈ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.
പട്ടികജാതി വിഭാഗത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി വിവിധ ക്ഷേമപദ്ധതികള്‍ ഈ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എസ്.സി. വിഭാഗത്തിലെ യുവാക്കള്‍ക്കും യുവതികള്‍ക്കും വിവാഹ ധനസഹായം നല്‍കുന്നതിനും സ്ത്രീകളുടെ സ്വയംപര്യാപ്തത വര്‍ധിപ്പിക്കുന്നതിനായി ഡ്രൈവിംഗ് പരിശീലനം നല്‍കുന്നതിനും പദ്ധതികള്‍ നടപ്പിലാക്കുന്നു.
ഇതോടൊപ്പം ഡിഗ്രി, ഡിപ്ലോമ, പ്രൊഫഷണല്‍ കോഴ്സുകള്‍ ചെയ്യുന്ന എസ്.സി. വിദ്യാര്‍ത്ഥികളുടെ പഠന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി മേശയും കസേരയും നല്‍കുന്ന പദ്ധതിയും, വിദ്യാഭ്യാസ സഹായം നല്‍കുന്ന പദ്ധതിയും ഉള്‍പ്പെടുത്തി യിട്ടുണ്ട്. കൂടാതെ ഡിഗ്രി, ഡിപ്ലോമ, പ്രൊഫഷണല്‍ കോഴ്സുകള്‍ ചെയ്യുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് നല്‍കുന്ന പദ്ധതിയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രീമെട്രിക് ഹോസ്റ്റലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ധനസഹായവും നഗരസഭ നല്‍കുന്നു. ഈ പദ്ധതികളിലൂടെ വിദ്യാഭ്യാസ രംഗത്ത് പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങളും പിന്തുണയും ഉറപ്പാക്കുകയാണ് ലക്ഷ്യം. ഈ പദ്ധതികള്‍ക്കായി ആകെ മുപ്പത്തൊന്ന് ലക്ഷത്തി നാല്‍പ്പത്തി ഓരായിരം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി സ്‌കോളര്‍ഷിപ്പ് പദ്ധതിയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പദ്ധതിക്കായി ആകെ പതിനഞ്ച് ലക്ഷത്തി അമ്പതിനായിരം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
പാലാ നഗരസഭയിലെ വിവിധ ഉന്നതി മേഖലകളിലെ നിവാസികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനായി ആവശ്യമായ വികസന നടപടികള്‍ സ്വീകരിക്കുന്നതാ യിരിക്കും.
കുടിവെള്ള ലഭ്യത മെച്ചപ്പെടുത്തുന്നതിനായി അമൃത് പദ്ധതിയുടെ ഭാഗമായി ആകെ നാല് കോടി മുപ്പത് ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കൂടാതെ നഗരത്തിലെ നിലവിലുള്ള കുടിവെള്ള പദ്ധതികളുടെ പരിപാലനത്തിനും വികസനത്തിനുമായി ആവശ്യമായ തുകയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പദ്ധതികള്‍ മുഖേന നഗരത്തിലെ ഓരോ കുടുംബത്തിനും സുരക്ഷിതവും വിശ്വാസ്യതയുള്ളതുമായ കുടിവെള്ള വിതരണം ഉറപ്പാക്കുക എന്നതാണ് നഗരസഭയുടെ ലക്ഷ്യം.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



.jpeg)


0 Comments