Latest News
Loading...

പെരുമാറ്റച്ചട്ടലംഘനം അറിയിക്കാം; സി വിജില്‍ ആപ്പിലൂടെ



കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പു കമ്മിഷന്റെ സി വിജില്‍ മൊബൈല്‍ ആപ്പ് വഴി വേഗത്തില്‍ അധികാരികളെ അറിയിക്കാം.  തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്ന മാര്‍ച്ച് 15 മുതല്‍ സി വിജില്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനസജ്ജമാണ്.

 പണം, മദ്യം, ലഹരി, പാരിതോഷികങ്ങള്‍ എന്നിവയുടെ വിതരണം, ഭീഷണിപ്പെടുത്തല്‍, മതസ്പര്‍ധയുണ്ടാക്കുന്ന പ്രസംഗങ്ങള്‍, പെയ്ഡ് ന്യൂസ്, വോട്ടര്‍മാര്‍ക്ക് സൗജന്യ യാത്രയൊരുക്കല്‍, വ്യാജവാര്‍ത്തകള്‍, അനധികൃതമായി പ്രചാരണസാമഗ്രികള്‍ പതിക്കല്‍ തുടങ്ങി  തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട ഏതു വിവരവും ഈ സംവിധാനത്തിലൂടെ അറിയിക്കാം.

 പ്ലേ സ്റ്റോറില്‍നിന്നു ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനില്‍ തത്സമയ ചിത്രങ്ങള്‍, രണ്ടു മിനിറ്റു വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍, ശബ്ദരേഖകള്‍ എന്നിവയും നല്‍കാനാകും. ജി.ഐ.എസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സംവിധാനത്തില്‍ ലൊക്കേഷന്‍ ലഭ്യമാകുന്നതുകൊണ്ടുതന്നെ അന്വേഷണവും പരിഹാര നടപടികളും വേഗത്തിലാക്കാനാകും. ആപ്പ് വഴി ലഭിക്കുന്ന പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും കളക്ട്രേറ്റില്‍ ഒരുക്കിയിട്ടുണ്ട്.

കാലതാമസം, തെളിവുകളുടെ അഭാവം, വ്യാജ പരാതികള്‍ തുടങ്ങിയവ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ആപ്ലിക്കേഷനില്‍  പൊതുജനങ്ങള്‍ക്ക് സ്വന്തം പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയും അല്ലാതെയും വിവരം നല്‍കാം.



 ഫോട്ടോ, വീഡിയോ, ഓഡിയോ എന്നിവ എടുത്തശേഷം അഞ്ചു മിനിറ്റിനുള്ളില്‍ പരാതിപ്പെടണം. ഫോണില്‍ നേരത്തേ ശേഖരിച്ചിട്ടുള്ള വീഡിയോകളും ഫോട്ടോകളും സി വിജിലില്‍ അപ്ലോഡ് ചെയ്യാനാവില്ല. പരാതികള്‍  ഉടന്‍തന്നെ  നിയോജക മണ്ഡലങ്ങളിലെ സക്വാഡുകള്‍ക്ക് കൈമാറും. ഫ്‌ളയിംഗ് സ്‌ക്വാഡ്, ആന്റി ഡീഫേയ്സ്മെന്റ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം എന്നിവരാണ് പരാതികളെക്കുറിച്ച് അന്വേഷിക്കുന്നത്. സി വിജില്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ആപ്ലിക്കേഷന്‍ മുഖേനയാണ് പരാതിയുടെ ലൊക്കേഷന്‍ കണ്ടെത്തുക.

 അന്വേഷണം നടത്തുന്ന സ്‌ക്വാഡ്  വരണാധികാരിക്ക് മൊബൈല്‍ ആപ്ലിക്കേഷനിലൂടെ തന്നെ റിപ്പോര്‍ട്ട് നല്‍കും. അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് വരണാധികാരി നടപടി സ്വീകരിക്കും. പരാതിയില്‍ സ്വീകരിച്ച തുടര്‍നടപടി സംബന്ധിച്ച വിവരം 100 മിനിറ്റിനുള്ളില്‍ പരാതിക്കാരനെ അറിയിക്കും.

പരാതി സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന യുണീക് ഐഡി ഉപയോഗിച്ച് പരാതി ട്രാക്ക് ചെയ്യാനും കഴിയും. അജ്ഞാതരായ പരാതിക്കാര്‍ക്ക് പരാതിയുടെ സ്ഥിതി മൊബൈലില്‍ അറിയാന്‍ കഴിയില്ല. എന്നാല്‍ ഇവര്‍ക്ക് റിട്ടേണിംഗ് ഓഫീസര്‍മാരെ നേരിട്ട് ബന്ധപ്പെട്ടാല്‍ വിവരം ലഭിക്കും. മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക്- https://play.google.com/store/apps/details?id=in.nic.eci.cvigil




രാപ്പകല്‍ പരിശോധനയുമായി സ്റ്റാറ്റിക് സര്‍വെയിലന്‍സ് ടീമുകള്‍

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പുവേളയില്‍ അനധികൃതമായി പണവും മദ്യവുമടക്കം വിതരണം ചെയ്ത് വോട്ടര്‍മാരെ സ്വാധീനിക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച സ്റ്റാറ്റിക് സര്‍വെയിലന്‍സ് ടീമുകള്‍ (എസ്.എസ്.ടി) ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത് 27 കേന്ദ്രങ്ങളില്‍. മൂന്നു ഷിഫ്റ്റുകളിലായി 81 പേരാണ് 24 മണിക്കൂറും പരിശോധന നടത്തുന്നത്.

ടീം ലീഡര്‍, പോലീസ് ഉദ്യോഗസ്ഥന്‍, വീഡിയോഗ്രാഫര്‍ എന്നിവരടങ്ങുന്നതാണ് ഓരോ ടീമും. മതിയായ രേഖകളില്ലാതെ പണമോ മറ്റ് സാധനങ്ങളോ കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പിടിച്ചെടുക്കാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും സ്‌ക്വാഡിന് അധികാരമുണ്ട്. 50000 രൂപയിലധികം കൈവശം വയ്ക്കുന്നവര്‍ കൃത്യമായ രേഖകള്‍ കാണിച്ചില്ലെങ്കില്‍ നടപടിയെടുക്കും.

ചെലവ് നിരീക്ഷണ നോഡല്‍ ഓഫീസറായ ജില്ലാ ഫിനാന്‍സ് ഓഫീസര്‍ക്കാണ് ജില്ലാതല ഏകോപനച്ചുമതല.  തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങളും അനാവശ്യ ചെലവുകളും തടയുന്നതിനായി രൂപീകരിച്ച സ്‌ക്വാഡുകളുടെ പ്രധാന ചുമതല തെരഞ്ഞെടുപ്പില്‍ പണം, മദ്യം, മറ്റ് സമ്മാനങ്ങള്‍ എന്നിവ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നത് തടയുക, നിയമവിരുദ്ധമായ ആയുധങ്ങളുടെയും മയക്കുമരുന്നുകളുടെയും കടത്ത് തടയുക എന്നിവയാണ്.

ജില്ലയുടെ അതിര്‍ത്തികളായ നെല്ലാപ്പാറ,ഇലഞ്ഞി പാലം, കാട്ടിക്കുന്ന്,ളായിക്കാട്,മുണ്ടക്കയം,പുതുവേലി,അംബികാ മാര്‍ക്കറ്റ്,നീര്‍പ്പാറ,കണമല പാലം എന്നിവിടങ്ങളിലും മറ്റു പ്രധാന കേന്ദ്രങ്ങളിലുമാണ് ടീം നിലയുറപ്പിച്ചിരിക്കുന്നത്. സംഘം പരിശോധന നടത്തുന്നത് കളക്ടറേറ്റിലെ നിരീക്ഷണ കേന്ദ്രത്തിനലിരുന്ന് തല്‍സമയം നിരീക്ഷിക്കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments