നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി സാധ്യത പട്ടികയുമായി ബി.ജെ.പി. 30 സീറ്റിലാണ് നിലവിലെ സാധ്യത പട്ടിക. രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള പാലാ മണ്ഡലത്തില്‍ മുന്‍പ് സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നതുപോലെ തന്നെ ഷോണ്‍ ജോര്‍ജ്ജിന്റെ പേരാണ് നിര്‍ദേശിച്ചിരിക്കുന്നത്. പാലായില്‍ വിവിധ പരിപാടികളില്‍ ഷോണ്‍ ജോര്‍ജ്ജ് അടുത്തിയിടെയായി പങ്കെടുത്തിരുന്നത് ഇതിന് മുന്നോടിയായാണ് വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ സ്വയം സ്ഥാനാര്‍ത്ഥിത്വം ഷോണ്‍ പ്രഖ്യാപിച്ചില്ല. പാലാ മണ്ഡലത്തില്‍ പലയിടത്തും എന്‍ഡിഎ ബുക്ക്ഡ് എന്ന ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാത്തതിനാല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുക എന്നനും താമര ചിഹ്നവും മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയം ഔദ്യോഗികമായി വരുന്നതോടെ പേര് എഴുതി ചേര്‍ക്കുകയെന്ന പണി മാത്രമാവും ബാക്കിയുണ്ടാവുക.
മുന്‍പ് എല്‍ഡിഎഫ് ആയിരുന്നു ഇക്കാര്യത്തില്‍ മുന്നിലുണ്ടായിരുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ നേട്ടത്തിന്റെ പിന്‍ബലത്തില്‍ പാലായില്‍ വലിയ സാധ്യയുണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ക്രൈസ്തവ ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ ഷോണിനെ പരീക്ഷിക്കുന്നതിന് പിന്നില്‍ ഈ ലക്ഷ്യവുമുണ്ട്. അതേസമയം , പാര്‍ട്ടിയ്ക്കുള്ളിലെ ചേരിതിരിവ് ഇതിനോടകം പുറത്തുവന്നിട്ടുമുണ്ട്. മല്‍സരരംഗത്തേയ്ക്ക് മറ്റ് ചിലരും നോട്ടമിട്ടത് പ്രതിസന്ധിയാകുന്നുണ്ട്. സുമിത് ജോര്‍ജ്ജിന് പാലാ സീറ്റിലേയ്ക്ക് താത്പര്യമുണ്ടായിരുന്നെങ്കിലും നേതൃത്വം ഷോണിന്റെ പേരാണ് നിര്‍ദേശിച്ചിരിക്കുന്നത്.
നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര ശേഖറും, കഴക്കൂട്ടത്ത് വി മുരളീധരനും മത്സരിക്കും. മഞ്ചേശ്വരം മണ്ഡലത്തില്‍ കെ സുരേന്ദ്രന്‍, പാലക്കാട്- കായംകുളം സീറ്റുകളില്‍ ശോഭ സുരേന്ദ്രന്റെ പേരും പരിഗണനയിലുണ്ട്. വട്ടിയൂര്‍കാവില്‍ പ്രഥമ പരിഗണന ആര്‍ ശ്രീലേഖയ്ക്കാണ്. മലമ്പുഴയില്‍ സി കൃഷ്ണകുമാറും തിരുവല്ലയില്‍ അനൂപ് ആന്റണിയും മത്സരിക്കും. എം.ടി രമേശിന് കോഴിക്കോടോ തൃശൂരോ നല്‍കാനാണ് സാധ്യത.
മുന്‍ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ പേര് സ്ഥാനാര്‍ഥി സാധ്യതാ പട്ടികയില്‍ ഇല്ലെന്ന്ത് ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും പകരം പ്രചാരണത്തിന് നേതൃത്വം നല്‍കുമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി എസ്. സുരേഷ് അറിയിച്ചു.
ബി.ജെ.പി 90 സീറ്റുകളിലും ഘടകകക്ഷികള്‍ 50 സീറ്റുകളിലും മത്സരിക്കാനാണ് നിലവില്‍ തീരുമാനമായത്. ആലപ്പുഴയില്‍ ബി.ഡി.ജെ.എസിന് കൂടുതല്‍ സീറ്റുകള്‍ അനുവദിക്കാനും തീരുമാനമായി. മത്സരിക്കില്ലെന്ന തുഷാര്‍ വെള്ളാപ്പള്ളിയുടെ തീരുമാനത്തിനും എന്‍.ഡി.എ അംഗീകാരം നല്‍കി.
എറണാകുളത്ത് ട്വന്റി 20ക്ക് കൂടുതല്‍ സീറ്റ് നല്‍കും. സംസ്ഥാനത്ത് 32 സീറ്റുകളാണ് ട്വന്റി 20 ആവശ്യപ്പെട്ടത്. എറണാകുളത്ത് കൊച്ചി, വൈപ്പിന്‍, കുന്നത്തുനാട്, തൃക്കാക്കര, എറണാകുളം തുടങ്ങി അഞ്ച് മണ്ഡലങ്ങളിലും ട്വന്റി 20 മത്സരിക്കും. എന്നാല്‍ ട്വന്റി 20ക്ക് നല്‍കുന്ന സീറ്റുകളേക്കാള്‍ അഞ്ച് സീറ്റ് കൂടുതല്‍ നല്‍കണമെന്നാണ് ബി.ഡി.ജെ.എസിന്റെ ആവശ്യം. ആലുവയിലും തൃപ്പൂണിത്തുറയിലും ബി.ജെ.പിയാണ് മത്സരിക്കുക.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments