Latest News
Loading...

കാഞ്ഞിരപ്പള്ളിയില്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയുമായി യു ഡി എഫ് ! എഐസിസി സെക്രട്ടറി അഡ്വ. മാത്യു ആന്റണിയെ പരിഗണിച്ച് ദേശീയ നേതൃത്വം.



രണ്ട് പതിറ്റാണ്ടായി തുടര്‍ച്ചയായി വിജയം നേടുന്ന സര്‍ക്കാര്‍ ചീഫ് വിപ്പ് കൂടിയായ കരുത്തനായ ഡോ. എന്‍ ജയരാജ് ഇടത് മുന്നണിക്ക് വേണ്ടിയും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ബിജെപിക്കായും കളത്തിലിറങ്ങുമെന്ന് ഉറപ്പായതോടെ കാഞ്ഞിരപ്പളളിയില്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനൊരുങ്ങി കോണ്‍ഗ്രസ്. എ ഐ സി സി സെക്രട്ടറിയും ടാലന്റ് ഹണ്ട് സോണല്‍ കോര്‍ഡിനേറ്ററുമായ അഡ്വ. മാത്യു ആന്റണിയെയാണ് കാഞ്ഞിരപ്പള്ളിയില്‍ കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കുന്നതെന്നാണ് സൂചന.

 ചങ്ങനാശേരി സ്വദേശിയായ മാത്യു ആന്റണിക്ക് കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പില്‍  കുടുംബ പശ്ചാത്തലവും തുണയായിട്ടുണ്ട്. കോണ്‍ഗ്രസ് ദേശീയ നേതൃത്വം  മാത്യു ആന്റണിയുടെ പേര് ഉള്‍പ്പെടുത്തി നടത്തിയ  സര്‍വേയില്‍ പ്രാദേശിക നേതാക്കളേക്കാള്‍ പിന്തുണ മാത്യു ആന്റണിയ്ക്ക് ഉണ്ടായിരുന്നു. ശശി തരൂര്‍  പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ  ദേശിയ പ്രസിഡന്റ് ആയിരിക്കുമ്പോള്‍ മാത്യു ആന്റണി മഹാരാഷ്ട്രയുടെ പ്രസിഡന്റ് പദവി വഹിച്ചിരുന്ന നേതാവായിരുന്നു . ഇതോടെയാണ് ദേശിയ തലത്തില്‍ മാത്യു ആന്റണി ശ്രദ്ധേയനായി തുടങ്ങിയത്.




നിലവില്‍ മേഘാലയ, മിസോറം, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി  സെക്രട്ടറിയാണ്. ദേശീയ വക്താക്കളെ കണ്ടുപിടിക്കുന്ന ടാലന്റ് ഹണ്ടിന്റെ നോര്‍ത്ത് ഈസ്റ്റ് ചുമതലക്കാരനുമാണ് ഈ ചങ്ങനാശേരിക്കാരന്‍. തേവര സേക്രട്ട് ഹാര്‍ട്ട് കോളേജിലെ പഠന കാലത്ത് കെ എസ് യു പ്രവര്‍ത്തനം തുടങ്ങിയ  മാത്യു, 1994-97 കാലത്ത് ഭാരത് മാതാ കോളേജ് കെ എസ് യു യൂണിറ്റ് പ്രസിഡന്റായിരുന്നു. ചങ്ങനാശേരി എസ്ബി കോളേജ്, എക്‌സ്എല്‍ ആര്‍ഡി ജംഷഡ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നായി രണ്ട് എം ബി എ ബിരുദവും സ്വന്തമാക്കി. മാനേജ്‌മെന്റ് രംഗത്ത് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന വിദഗ്ധന്‍ കൂടിയാണ് മാത്യു ആന്റണി. 

എല്‍ എല്‍ ബി കഴിഞ്ഞതോടെ വീണ്ടും പാര്‍ട്ടിയില്‍ സജീവമായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ സാമൂഹ്യമാധ്യമ വിഭാഗത്തിന്റെ കണ്‍വീനറുമായിരുന്നു  മാത്യു ആന്റണി. രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര കോര്‍ഡിനേറ്റര്‍മാരില്‍ ഒരാളുമായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ നിന്നും  സെണിത് സാങ്മായെ പാര്‍ട്ടിയില്‍ തിരികെ എത്തിച്ചതില്‍ നിര്‍ണായക പങ്കു മാത്യുവിനുണ്ടായിരുന്നു.



സുപ്രിംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സിറിയക്  ജോസഫിന്റെ മരുമകന്‍ കൂടിയായ മാത്യു ആന്റണിക്ക് പ്രാദേശിക തരത്തിലുള്ള ബന്ധങ്ങളും സൗഹ്യദങ്ങളും കാഞ്ഞിരപ്പള്ളിയില്‍ ഗുണം ചെയ്യുമെന്നാണ്  വിലയിരുത്തല്‍.

 വിവിധ മത സാമുദായിക വിഭാഗങ്ങളുമായും അടുത്ത ബന്ധം മാത്യു ആന്റണിക്ക് ഉണ്ട്. മെട്രോ നഗരങ്ങളില്‍ പാര്‍ട്ടിയെ നയിക്കുന്ന യുവനേതാവിന് കാഞ്ഞിരപ്പള്ളി സീറ്റ് ലഭിച്ചാല്‍ മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റാനുള്ള പദ്ധതികളുണ്ടാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.   സര്‍ക്കാര്‍ ചീഫ് വിപ്പും കേന്ദ്ര സഹമന്ത്രിയും മത്സരത്തിന് ഇറങ്ങുമ്പോള്‍ പ്രാദേശിക നേതാക്കളെ കൊണ്ട് മാത്രം പോരാട്ടം നയിക്കാന്‍ കഴിയില്ലെന്ന വിലയിരുത്തലിലാണ് എ ഐ സി സി സെക്രട്ടറിയിലേക്ക് കാര്യങ്ങള്‍ എത്തിയത്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments