പാര്‍ട്ടി ചെയര്‍മാന്‍ മല്‍സരിക്കുമെന്ന് റോഷി അഗസ്റ്റിന്‍ ആവര്‍ത്തിച്ചു. ലീഡര്‍ഷിപ്പുള്ള പാര്‍ട്ടിയിലേ ആളുണ്ടാവൂ എന്ന് പരോക്ഷമായ വിമര്‍ശനവും റോഷിയുടെ വാക്കിലുണ്ടായിരുന്നു. ചോരത്തിളപ്പിന്റെ പുറത്ത് പറഞ്ഞതല്ല ആലോചിച്ച് പറഞ്ഞതാണെന്ന റോഷിയുടെ വാക്കുകളും രാഷ്ട്രീയ കേരളം ശ്രദ്ധിക്കുന്നതായിരുന്നു. കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി പാലായില്‍ത്തന്നെ മത്സരിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ ആവര്‍ത്തിച്ചു.
പാലായില്‍ സംഭവിച്ച പിഴവുകള്‍ തിരുത്തി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. ചെയര്‍മാന്‍ പറഞ്ഞത് പാര്‍ട്ടി തീരുമാനം കൈക്കൊള്ളുമെന്നാണെന്നും അല്ലാതെ മത്സരിക്കില്ല എന്നല്ലെന്നും റോഷി വിശദീകരിച്ചു.നേരത്തേ എല്‍ഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥ അടിമാലിയില്‍ എത്തിയപ്പോഴായിരുന്നു പാര്‍ട്ടി ചെയര്‍മാന്‍ പാലായില്‍ത്തന്നെ മത്സരിക്കുമെന്ന് റോഷി അഗസ്റ്റിന്‍ പ്രഖ്യാപിച്ചത്. ചെയര്‍മാന്റെ കൈയില്‍ നിന്നും മൈക്ക് പിടിച്ചുവാങ്ങി നടത്തിയ പ്രഖ്യാപനം പാര്‍ട്ടിയ്ക്കും അപ്രതീക്ഷിതമായിരുന്നു. പിന്നാലെ വിദ്യാര്‍ഥി സംഘടനയിലൂടെ വളര്‍ന്നു വന്ന റോഷി അഗസ്റ്റിന്‍ ചോരത്തിളപ്പു കൊണ്ട് പറഞ്ഞ കാര്യമാണ് ഇതെന്നും താന്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും ജോസ് കെ.മാണി വ്യക്തമാക്കുകയായിരുന്നു.
എന്നാല്‍ ജോസ് കെ.മാണി പാലായില്‍ത്തന്നെ മത്സരിക്കുമെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് റോഷി. അനാഥത്വത്തില്‍ നിന്ന് ഉയര്‍ന്നു വന്നതല്ല കേരള കോണ്‍ഗ്രസെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഇതിന് നേതാക്കളുണ്ട്, നേതാക്കള്‍ മത്സരിക്കുമെന്നും റോഷി വ്യക്തമാക്കി. തന്റെ കയ്യില്‍ നിന്ന് മൈക്ക് പിടിച്ചു വാങ്ങി എന്നൊക്കെയുള്ള വ്യാഖ്യാനങ്ങള്‍ വേണ്ടെന്നും റോഷിയുമായുള്ളതു സഹോദരതുല്യമായ ബന്ധമാണെന്നും ജോസ് കെ.മാണി നേരത്തേ വ്യക്തമാക്കിയിരുന്നു. അതേസമയം, താന്‍ മത്സരിക്കുന്നതില്‍ ഉറപ്പില്ലെന്ന് ജോസ് കെ. മാണി പറഞ്ഞു. ഇപ്പോള്‍ ഇരിക്കുന്ന എംഎല്‍എമാര്‍ തന്നെ മത്സരിക്കുമോയെന്നു പറയാനാകില്ല. ചര്‍ച്ചയ്ക്ക് ശേഷം പാര്‍ട്ടി തീരുമാനിക്കുമെന്നും ജോസ് കെ.മാണി പറഞ്ഞു. മല്‍സരിക്കുന്നതാണ് കോണ്‍ഫിഡന്‍സ് എന്ന് റോഷി വ്യക്തമാക്കുമ്പോള്‍, നിലവില്‍ ചെയര്‍മാന് വേണ്ടത്ര കോണ്‍ഫിഡന്‍സില്ല എന്ന സന്ദേശവുമാണ് റോഷി മുന്നോട്ട് വയ്ക്കുന്നത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments