മലയാള സിനിമയിലെ പ്രമുഖനടന്‍ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ദിലീപിന്റെ 150മത്തെ ചിത്രം 'പ്രിന്‍സ് ആന്‍ഡ് ഫാമിലി'യുടെ ഔദ്യോഗിക ലോഞ്ചിനിടെയാണ് ലിസ്റ്റിന്‍ മലയാള സിനിമയിലെ അനാരോഗ്യകരമായ പ്രവണതയെ കുറിച്ച് പറഞ്ഞത്.
''മലയാള സിനിമയിലെ പ്രമുഖനടന്‍ വലിയ തെറ്റിലേക്ക് ഇന്നു തിരി കൊളുത്തിയിട്ടുണ്ട്. വലിയൊരു മാലപ്പടക്കത്തിനാണ് തിരി കൊളുത്തിയത്. അത് വേണ്ടായിരുന്നു. ഞാന്‍ പറയുമ്പോള്‍ ആ നടന്‍ ഇത് കാണും. പക്ഷേ ആ നടന്‍ ചെയ്തത് വലിയ തെറ്റാണ് എന്ന് ഓര്‍മിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്, ആവര്‍ത്തിക്കരുത്. കാരണം, അങ്ങനെ തുടര്‍ന്നു കഴിഞ്ഞാല്‍ അത് വലിയ പ്രശ്‌നങ്ങള്‍ക്കും കാരണമാകും.''- ലിസ്റ്റിന്റെ വാക്കുകള്‍.
അതേസമയം, മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ട് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ നടത്തിയ പ്രസ്താവന അനുചിതവും ചട്ടവിരുദ്ധവുമാണെന്ന് സാന്ദ്ര തോമസ്. ലിസ്റ്റിന്‍ സ്റ്റീഫനെ അടിയന്തിരമായി നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്നും പുറത്താക്കണമെന്നും സാന്ദ്ര ആവശ്യപ്പെട്ടു.
''ഒരു പൊതുവേദിയില്‍ വച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികൂടിയായ ലിസ്റ്റിന്‍ സ്റ്റീഫന്‍ പരസ്യമായി മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ട് നടത്തിയ പ്രസ്താവന അനുചിതവും സംഘടനാചട്ടങ്ങള്‍ക്ക് വിരുദ്ധവുമാണ്. മലയാള സിനിമയ്ക്ക് ദോഷം ചെയ്യുന്ന ഇത്തരം പ്രസ്താവനകള്‍ നടത്തുന്ന ലിസ്റ്റിന്‍ സ്റ്റീഫനെ അടിയന്തിരമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഭാരവാഹിത്വത്തില്‍ നിന്ന് മാത്രമല്ല പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കണം. കേരളാ ഫിലിം ചേംബര്‍ സ്വമേധയാ ഈ വിഷയത്തില്‍ ഇടപെട്ട് ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു.''- സാന്ദ്ര തോമസിന്റെ വാക്കുകള്‍.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments