സ്ലാബുകള്‍ ആറ്റിലേയ്ക്ക് പതിച്ച് ഗതാഗതം തടസ്സപ്പെട്ട മൂന്നിലവ് കടവുപുഴയില്‍ മഴക്കാലത്ത് അക്കര കടക്കാന്‍ ജനങ്ങളുടെ നേതൃത്വത്തില്‍ താല്‍ക്കാലികപാലം തയാറാവുന്നു. സ്ലാബ് ആറ്റില്‍ പതിച്ചതോടെ വാഹനഗതാഗതം പൂര്‍ണമായും മുടങ്ങിയിരുന്നു. മഴ ശക്തമാവുകയും മറുകരയിലുള്ളവര്‍ക്ക് മൂന്നിലവിലെത്താന്‍ കിലോമീറ്ററുകളോളം ചുറ്റേണ്ടിയും വന്നതോടെയാണ് ജനകീയ സഹകരണത്തോടെ പാലം തയാറാവുന്നത്. തടികള്‍കൊണ്ടുള്ള താല്‍ക്കാലികപാലമാണ് ഇപ്പോള്‍ ഒരുക്കുന്നത്.
നേരത്തെ കഴിഞ്ഞ മാര്‍ച്ച് 11ന് ക്രെയിന്‍ കടന്നുപോയതിനെ തുടര്‍ന്ന് പാലത്തിന്റെ സ്ലാബുകള്‍ ആറ്റില്‍ വീണതിനെ തുടര്‍ന്ന് പഞ്ചായത്ത് ആറ്റിലൂടെ ഇറങ്ങി കടക്കാവുന്ന തരത്തില്‍ വഴി തയാറാക്കിയിരുന്നു. മഴയെ തുടര്‍ന്ന് ഇത് ഇല്ലാതായി. രണ്ട് തവണയില്‍ കൂടുതല്‍ ഫണ്ട് അനുവദിക്കാനാവാത്തതിനാല്‍ ജനകീയ സഹകരണത്തോടെ പാലം നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എട്ടോളം തെങ്ങിന്‍തടികള്‍ ആറിന് കുറുകെ സ്ഥാപിച്ച് ഇതില്‍ പലകകള്‍ നിരത്തിയാണ് താല്‍ക്കാലിക നടപ്പാലം ഒരുക്കുന്നത്. സ്‌കൂള്‍ തുറക്കുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് അടിയന്തിര നടപടി.
അതേസമയം, പാലം പുനര്‍ നിര്‍മാക്കണത്തിനുള്ള ഭരണാനുമതി ലഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ചാര്‍ലി ഐസക് പറഞ്ഞു. പാലം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസിയായ വീട്ടമ്മ ഹൈക്കോടതിയില്‍ കൊടുത്ത ഹര്‍ജി പരിഗണിക്കവേ രണ്ടുമാസത്തിനുള്ളില്‍ അഡ്മിനിസ്‌ട്രേറ്റീവ് അനുമതി കൊടുക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.
ജൂണ്‍ രണ്ടിന് ഈ ഹര്‍ജി വീണ്ടും പരിഗണിക്കാനിരിക്കവെയാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്. മഴക്കാലം തീരുമ്പോള്‍ പാലം പുനര്‍നിര്‍മ്മാണം ആരംഭിക്കാന്‍ ഉള്ള സാഹചര്യം ഒരുങ്ങിയതായി എംഎല്‍എ മാണി സി കാപ്പനും അറിയിച്ചു. ചില്ലച്ചി പാലത്തിന് അനുവദിച്ച തുകയാവും പുതിയ പാലം നിര്‍മാണത്തിനായി മാറ്റി ചെലവഴിക്കുകയെന്നും എംഎല്‍എ പറഞ്ഞു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments