സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമായി കൊട്ടിഘോഷിച്ചു നടപ്പിലാക്കിയ മെഡിസെപ്പ് പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പിലാക്കണമെന്ന് എൻ.ജി.ഒ.സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എം എസ് ഹരികുമാർ ആവശ്യപ്പെട്ടു. എൻ ജി ഒ സംഘ് ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ വിഹിതം കൂടി ഉൾപ്പെടുത്തിക്കൊണ്ട് , എല്ലാ ആശുപത്രികളിലും ചികിത്സ കിട്ടുന്ന സംവിധാനത്തിൽ പദ്ധതി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താല്പര്യമുള്ളവർക്ക് മാത്രം പദ്ധതിയിൽ ചേരാനുള്ള അവസരം ഒരുക്കേണ്ടതാണ് . അഞ്ചുവർഷത്തിലൊരിക്കൽ ശമ്പളപരിഷ്കരണം എന്ന തത്വം ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് അട്ടിമറിക്കപ്പെട്ടു.
പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് എസ് സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി പി എ മനോജ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല ട്രഷറർ പി എ ഗോപകുമാർ വരവുചെലവു കണക്കുകൾ അവതരിപ്പിച്ചു . ജില്ലാ ജോയിന്റ് സെക്രട്ടറി ആർ സുനിൽകുമാർ ,എം.സ്.വിനോദ്, പി.ജി. രഞ്ജിത്ത്, ജി. മനോജ്, കെ.ആർ. ഷിബു, ശ്യാംമോഹൻ, ടോം ആന്റോ തുടങ്ങിയവർ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments