തമിഴ്‌നാട്ടിലെ ഫക്‌ടറിയിൽ സമരം പ്രഖ്യാപിച്ച സിഐടിയുവുമായി യാതൊരുവിധ ഒത്തുതീർപ്പ് ചർച്ചയ്ക്കുമില്ലെന്ന് സാംസങ്. ശ്രീപെരുംപുദൂർ ഫാക്‌ടറിയുടെ പ്രവർത്തനം തടസപ്പെടുത്താൻ ശ്രമിച്ച 13 തൊഴിലാളികളെക്കൂടി സാംസങ് സസ്പെൻഡ് ചെയ്തു. ഇപ്പോൾ സസ്പെൻഡു ചെയ്യപ്പെട്ട ജീവനക്കാരും സിഐടിയുവിനുകീഴിൽ പ്രവർത്തിക്കുന്നവരാണ്. സാംസങ്ങിൽ ഫെബ്രുവരി അഞ്ചിനാരംഭിച്ച സമരത്തിൽ 500-ഓളം തൊഴിലാളികളാണ് പങ്കെടുക്കുന്നത്. അടുത്തദിവസങ്ങളിൽ കൂടുതൽ തൊഴിലാളികൾ സമരത്തിൽ പങ്കെടുക്കുമെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു.
ആകെയുള്ള 1,750 ജീവനക്കാരിൽ അഞ്ഞൂറോളം പേർ സമരത്തിലാണെന്ന് യൂണിയൻ പറയുന്നു. സമരത്തിന്റെ വാർത്ത ദേശീയ മാധ്യമങ്ങളിൽ വന്നതോടെ സിപിഎമ്മിനെ ഡിഎംകെ അതൃപ്തി അറിയിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ ഡിഎംകെയുടെ ഘടകകക്ഷിയാണ് സി പി എം.
തമിഴ്‌നാട് സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിന്റെ(ജിം) നാലാം പതിപ്പ് ആരംഭിക്കാനിരിക്കെ സാംസങ് പ്ലാന്റിൽ സമരം പ്രഖ്യാപിച്ച് സർക്കാരിനെയും വെട്ടിലാക്കിയിട്ടുണ്ട്. ശ്രീപെരുമ്പതുരിലെ സാംസങ് പ്ലാന്റിൽ സിഐടിയുവിൻ്റെ നേതൃത്വത്തിൽ തൊഴിലാളി പ്രക്ഷോഭം തുടരുന്നത് നിക്ഷേപകരെ സംസ്ഥാനത്തേക്ക് എത്തിക്കുന്നത് തടയുമെന്നാണ് സ്റ്റാലിൻ കരുതുന്നത്.
സമരം ഒത്തുതീർപ്പാക്കാൻ കഴിഞ്ഞ ദിവസം തൊഴിൽവകുപ്പധികൃതരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. സമരക്കാരുമായി ഇനി ചർച്ചയ്ക്കില്ലെന്നാണ് കമ്പനിയുടെ തീരുമാനം. ഇതോടെ സമരം ശക്തമാക്കാൻ സാംസങ് ഇന്ത്യ വർക്കേഴ്സ് യൂണിയൻ തീരുമാനിക്കുകയും വെള്ളിയാഴ്ച കാഞ്ചീപുരത്തെ വിവിധയിടങ്ങളിലേക്ക് സമരം വ്യാപിപ്പിക്കുകയും ചെയ്‌തത്. മാർച്ച് ഏഴിന് പണിമുടക്കുനടത്താൻ നോട്ടീസും നൽകിയിട്ടുണ്ട്.
ശിക്ഷാനടപടികൾ പിൻവലിച്ചില്ലെങ്കിൽ മറ്റു യൂണിയനുകളുടെ പങ്കാളിത്തത്തിൽ സംസ്ഥാനവ്യാപകമായ പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് സിഐടിയു സെക്രട്ടറി മുത്തുകുമാർ അറിയിച്ചു.
ജീവനക്കാരുടെ സമരം തുടരുമെന്നും തമിഴ്‌നാട്ടിലെ മറ്റ് തൊഴിലാളി സംഘടനകളുടെ പിന്തുണ തേടി കൂടുതൽ സമരം ശക്തമാക്കുമെന്നും കുമാർ മുന്നറിയിപ്പ് നൽകി. പ്രതിഷേധം അവസാനിപ്പിക്കാൻ ഒരു നടപടിയും സ്വീകരിക്കാത്ത ജില്ലാ ഭരണകൂടം വിഷയത്തിൽ നിശബ്‌ദ കാഴ്ച്ചക്കാരായി തുടരുകയാണെന്ന് അദ്ദേഹം വിമർശിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments