35 വര്‍ഷത്തെ അധ്യാപകവൃത്തിയോട് വിട പറയാനുള്ള ഒരുക്കത്തിലാണ് പൂഞ്ഞാര്‍ എസ്.എം.വി. ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ സ്വന്തം കായികാദ്ധ്യാപകന്‍ ജോസിറ്റ് സാര്‍. ദേശീയ, അന്തര്‍ദേശീയതലങ്ങളില്‍ മിന്നും പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുള്ള ജോസിറ്റ് 1990 ലാണ് എസ്.എം.വി.യില്‍ കായികാദ്ധ്യാപകനായി നിയമിതനാവുന്നത്. കേണല്‍ ജി.വി.രാജയുടെ മാത്യവിദ്യാലയം അക്ഷരാര്‍ത്ഥത്തില്‍ ഒരു സ്‌പോര്‍ട്സ് സ്‌കൂള്‍ ആയി മാറിയത് ജോസിറ്റ് സാറിന്റെ വരവോടെയാണ്. എസ്.എം.വി.യുടെ ഒരു സ്വകാര്യ അഹങ്കാരം എന്നുതന്നെ പറയാം.
തുടക്കത്തില്‍ ഒരു കബഡി ടീം മാത്രമുണ്ടായിരുന്ന സ്‌കൂളിന് കുട്ടികളുടെ കായിക മികവിനനുസരിച്ച് വിവിധ കായിക ഇനങ്ങളായ ഫുട്‌ബോള്‍, വോളീബോള്‍, ഹാന്‍ഡ്‌ബോള്‍, നീന്തല്‍, ഷട്ടില്‍, കബഡി ക്രിക്കറ്റ്, ജൂഡോ, സൈക്കിള്‍ പോളോ, ഗുസ്തി, അത്‌ലറ്റിക്‌സ്, അഡ്വഞ്ചര്‍ സ്‌പോര്‍ട്സ്, ചെസ് എന്നീ കായിക ഇനങ്ങള്‍ പരിചയപ്പെടുത്തുകയും ആവശ്യമായ പരിശീലനങ്ങള്‍ നല്‍കുകയും ചെയ്തതിന്റെ ഫലമായി നിരവധി ദേശീയ അന്തര്‍ദേശീയ കായികതാരങ്ങളെ വാര്‍ത്തെടുത്ത് സ്‌കൂളിനു സമ്മാനിക്കുവാന്‍ സാറിനു സാധിച്ചു. പ്രാരംഭഘട്ടങ്ങളില്‍ റസ്ലിംഗ് പരിശീലനത്തിന് മാറ്റിന്റെ അഭാവത്തില്‍ ചാക്കില്‍ കച്ചിയും പേപ്പറും നിറച്ചും ഹര്‍ഡില്‍സിന് ഡസ്‌കും ബഞ്ചും പരിശീലന ഉപകരണങ്ങളായി ഉപയോഗിച്ചുമായിരുന്നു കുട്ടികളെ പരിശീലിപ്പിച്ചിരുന്നതെന്ന് അദ്ദേഹം ഓര്‍ത്തെടുക്കുന്നു.
സ്‌കൂള്‍ മാനേജുമെന്റിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നുണ്ടായ നിസ്സ്വാര്‍ത്ഥ സഹായസഹകരണങ്ങളും ചിട്ടയായ പരിശീലനവുമാണ് കുട്ടികളുടെ ഈ നേട്ടങ്ങള്‍ക്കു പിന്നിലെന്ന് അദ്ദേഹം അടിവരയിട്ടു പറയുന്നു. പ്രാക്ടീസിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത കര്‍ക്കശക്കാരനായ അദ്ധ്യാപകനാണ് ജോസിറ്റ് സാര്‍, മോര്‍ണിംഗ് ആന്റ്‌റ് ഈവനിംഗ് പ്രാക്ടീസ് നിര്‍ബന്ധം. വേനലവധിക്ക് ക്യാമ്പുകള്‍ സംഘടിപ്പിച്ചും വിവിധ ഇനങ്ങളില്‍ പരിശീലനം നല്‍കിയും കുട്ടികളിലെ പോരാട്ടവീര്യം തെല്ലും കുറയാതെ നോക്കാന്‍ സാര്‍ സദാ ഉത്സുകനാണ്.
ജോലിയില്‍ പുലര്‍ത്തുന്ന അതിരില്ലാത്ത ആത്മാര്‍ത്ഥതയും കായികരംഗത്തോടുള്ള അടങ്ങാത്ത ആവേശവും കൂട്ടികളോടുള്ള നിസ്സ്വാര്‍ത്ഥസ്‌നേഹവുമാണ് സാറിന്റെ വാക്കുകളില്‍ നിഴലിക്കുന്നത്. ഇതുതന്നെയാണ് സാറിനെ കുട്ടികള്‍ക്ക് പ്രിയങ്കരനാക്കുന്നതെന്ന് നിസ്സംശയം പറയാം. വില്ലന്മാരായ കുട്ടികളെ തിരഞ്ഞെടുത്ത് അവരിലെ കായികതാരത്തെ ചെത്തിമിനുക്കി നാളത്തെ മിന്നും താരങ്ങളാക്കാനുള്ള സാറിന്റെ കഴിവ് പ്രശംസനീയമാണ്.
സ്‌കൂളിന് നിരവധി കായികതാരങ്ങളെ സമ്മാനിച്ചു എന്നതിലുപരി പഠിക്കാന്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സ്‌പോര്‍ട്ട്‌സിലൂടെ ലഭിക്കുന്ന ഗ്രേസ് മാര്‍ക്ക് എന്നും വലിയ ഒരാശ്വാസമായിരുന്നു. ഇപ്രകാരം സ്‌പോര്‍ട്‌സില്‍ കഴിവു തെളിയിച്ച പലരും ഇന്ന് വിവിധമേഖലകളില്‍ ഉദ്യോഗസ്ഥരാണ് എന്നത് വളരെ അഭിമാനകരമായ ഒരു നേട്ടമായാണ് അദ്ദേഹം കാണുന്നത്. അകം പുറം മനസ്സിലാക്കി കുട്ടികളെ കൈകാര്യം ചെയ്യാനുള്ള സാറിന്റെ സാമര്‍ത്ഥ്യം മറ്റ് കായികാദ്ധ്യാപകരില്‍ നിന്നും സാറിനെ വ്യത്യസ്തനാക്കുന്നു. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചക്ക് വലിയ പങ്കു വഹിക്കുന്ന കായികരംഗത്തിന് കേരളത്തില്‍ ആവശ്യമായ പരിഗണന ലഭിക്കുന്നില്ല എന്നത് കുറഞ്ഞു വരുന്ന കായികതസ്തികകളില്‍ നിന്നും വ്യക്തമാണ് എന്ന് സാര്‍ സൂചിപ്പിച്ചു.
ദ്രോണാചാര്യ തേമാസ് മാഷിന്റെയും മകന്‍ രാജാസിന്റെയും വരവ് ജോസിറ്റ് സാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുത്തനുണര്‍വേകി. മൂന്നര പതിറ്റാണ്ട് നീണ്ട അദ്ധ്യാപകസേവനം സ്‌കൂളിന്റെ മുഖച്ഛായതന്നെ മാറ്റി എന്നത് വ്യക്തമാണ്. സംസ്ഥാനസ്‌കൂള്‍ കായികമേളയില്‍ തുടര്‍ച്ചയായി 16 വര്‍ഷം കേരളത്തിലെ മികച്ച ഗുസ്തി ടീമിനുള്ള ട്രോഫി എസ്.എം.വി. ഹയര്‍ സെക്കന്ററി സ്‌കൂളിന് ലഭ്യമാക്കി. സംയുക്തകായികാദ്ധ്യാപക സംഘടനയുടെ മികച്ച കായികാദ്ധ്യാപകനുള്ള അവാര്‍ഡ് 5 തവണ ലഭിച്ചിട്ടുണ്ട്. 2013 -14 വര്‍ഷത്തെ മികച്ച അദ്ധ്യാപകനുള്ള അവാര്‍ഡ് അദ്ദേഹത്തിനു ലഭിച്ചു. 1996-ല്‍ സ്‌പോട്ട് ദി ടാലന്റ് അവാര്‍ഡിന് അര്‍ഹനായി.
ഈരാറ്റുപേട്ട ടീച്ചേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗം, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ നിലകളില്‍ 23 വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കായികാദ്ധ്യാപകസംഘടനയുടെ സംസ്ഥാനപ്രസിഡന്റായി 5 തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേണല്‍ ജി.വി.രാജയുടെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ഓള്‍ കേരളാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ജനറല്‍ കണ്‍വീനറായും സബ്ജില്ലാ, റവന്യൂജില്ല, സംസ്ഥാനതല സ്‌പോര്‍ട്ട്‌സ് ഓര്‍ഗനൈസിംഗ് കമ്മിറ്റികളിലു സംഘാടകനായി പ്രവര്‍ത്തിച്ചു വരുന്നു.
കോട്ടയം ജില്ലാ അമച്വര്‍ അത്ലറ്റിക് അസോസിയേഷന്‍ വൈസ്പ്രസിഡന്റ്, വോളിബോള്‍ അസോസിയേഷന്‍ വൈസ്പ്രസിഡന്റ്, വോളിബോള്‍ അസോസിയേഷന്‍ എക്സിക്യൂട്ടീവ് മെമ്പര്‍, സൈക്കിള്‍ പോളോ അസോസിയേഷന്‍ സെക്രട്ടറി, കേരളാ മൗണ്ടനീയറിംഗ് അസോസിയേഷന്‍ ഭാരവാഹി എന്നീനിലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുണ്ട്. ദേശീയകായികവേദിയുടെ ജില്ലാപ്രസിഡന്റ്, അരുവിത്തുറ വൈ.എം.സി.എ. പ്രസിഡന്റ്, ലയണ്‍സ് ക്‌ളബ് ഓഫ് സ്‌പൈസസ് വാലി ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments