ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലെ LSGD സെക്ഷനിലെ ക്ലര്‍ക്കിന്റെ കരാറുകാരോടുള്ള നിഷേധാത്മക സമീപനത്തില്‍ കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ പ്രതിഷേധിച്ചു. പ്രതിഷേധ സൂചകമായി ഏകദിന പണിമുടക്കും ബ്ലോക്ക് ഓഫീസിന്റെ മുന്‍പില്‍ ധര്‍ണ്ണയും നടത്തി. ക്ലര്‍ക്കിനെതിരെ അഴിമതി ആരോപണവും ശക്തമാണ്.
ബില്ല് മാറിനല്‍കാതെ കരാറുകാരെ ദ്രോഹിക്കുന്ന വനിതാ ക്ലര്‍ക്ക് ലിന്‍സി നിലപാട് മാറ്റിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് എം. എസ് സാനു പറഞ്ഞു. ആരോപണ വിധേയമായ ക്ലര്‍ക്ക് , കരാറുകാരില്‍ നിന്ന് സാമ്പത്തികം ആവശ്യപെടുന്നുണ്ടെന്നും ആരോപണമുണ്ട്. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ക്ലര്‍ക്കിനെതിരെ നടപടികള്‍ ഒന്നും എടുത്തില്ലെന്നും കരാറുകാര്‍ പറയുന്നു.
ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു ക്ലര്‍ക്ക് നിയന്ത്രിക്കുന്നുവെന്നത് അപകടകരമായ സൂചനയാണെന്നും ധര്‍ണ്ണയുടെ ഉദ്ഘാടകന്‍ സൂചിപ്പിച്ചു. ഗവണ്‍മെന്റ് ട്രഷററി നിയന്ത്രണത്തില്‍ മാറ്റം വരുത്തിയിട്ടും ബില്ലുകള്‍ വൈകിപ്പിച്ച് കരാറുകാരെ ബുദ്ധി മുട്ടിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകണമെന്നും ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയും LSGD ജോയിന്റ് ഡയറക്ടറും ഇടപെടണമെന്നും MS സാനു ആവശ്യപെട്ടു.
KGCF മീനച്ചില്‍ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധവും ധര്‍ണ്ണയും സംഘടിപ്പിച്ചത്. അരുവിത്തുറ പള്ളി ജംഗ്ഷനില്‍ നിന്നും ബ്ലോക്ക് ഓഫീസിലേയ്ക്ക് പ്രതിഷേധ മാര്‍ച്ചും നടന്നു. ബിനു മണ്ഡപത്തില്‍ അധ്യക്ഷത വഹിച്ചു. KGCF ജില്ലാ സെക്രട്ടറി മഹേഷ്, ഏരിയാ സെക്രട്ടറി PB ഫൈസല്‍, TN വിനോദ് തുടങ്ങിയര്‍ സംസാരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments